Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദ ഉത്തരവുകൾ: മന്ത്രിസഭാ തീരുമാനം നീളുന്നു

തിരുവനന്തപുരം∙ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്തെ വിവാദ ഉത്തരവുകൾ പരിശോധിച്ച, എ.കെ.ബാലൻ കൺവീനറായുള്ള മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് സംബന്ധിച്ച മന്ത്രിസഭാ തീരുമാനം നീളുന്നു. ഉപസമിതിയുടെ അന്തിമ റിപ്പോർട്ട് മുഖ്യമന്ത്രിക്കു സമർപ്പിച്ചെങ്കിലും ഇതുവരെ മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്താത്തതു മൂലമാണു തീരുമാനം നീളുന്നത്.

റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു നൽകിയിട്ടു രണ്ടാഴ്ചയോളമായി. ഉപസമിതിയുടെ പരിശോധനയിൽ റവന്യൂവകുപ്പിലാണ് ഏറ്റവുമധികം ക്രമവിരുദ്ധ ഉത്തരവുകൾ കണ്ടെത്തിയത്. 127 ഉത്തരവുകളിൽ ഭൂരിപക്ഷവും ചട്ടവിരുദ്ധമായിരുന്നുവെന്നാണു കണ്ടെത്തൽ. ഇതുൾപ്പെടെ വിവിധ വകുപ്പുകളിലായി ഇറക്കിയ 920 ഉത്തരവുകളുടെ പരിശോധനയാണ് ഉപസമിതി പൂർത്തിയാക്കിയത്.

റവന്യൂവകുപ്പിലെ വിവാദ ഉത്തരവുകളിൽ ചിലതു കഴിഞ്ഞ സർക്കാർ തന്നെ റദ്ദാക്കിയിരുന്നു. മെത്രാൻ കായൽ, കടമക്കുടി കായൽ നികത്തൽ ഉത്തരവ് തുടങ്ങിയവ ഇതിൽ പെടും. എന്നാൽ, ചെമ്പ് കായൽ നികത്തൽ റദ്ദാക്കിയിരുന്നില്ല. ഉത്തരവ് റദ്ദാക്കിയാലും അതിലേക്കു നയിച്ച നടപടിക്രമങ്ങളിൽ പിഴവുണ്ടായിട്ടുണ്ടെന്നും അതിനെതിരെ നടപടി വേണമെന്നുമാണ് ഉപസമിതിയുടെ ശുപാർശ.

Your Rating: