Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൻഷൻ നിഷേധം: ഉത്തരവ് ഇന്നു പിൻവലിക്കുമെന്ന് മന്ത്രി

pension

കൊല്ലം ∙ ഇപിഎഫ് പെൻഷൻ ലഭിക്കുന്നതിന്റെ പേരിൽ സാമൂഹിക സുരക്ഷാ പെൻഷൻ നിഷേധിക്കുന്ന ഉത്തരവ് ഇന്നു പിൻവലിക്കുമെന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പിഎഫ് പെൻഷൻ വാങ്ങുന്നതിലേറെയും പരമ്പരാഗത മേഖലയിലെ തൊഴിലാളികളാണ്. കേന്ദ്ര സർക്കാരാണ് ഈ പെൻഷൻ നൽകുന്നത്. അവർക്കു ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെൻഷൻ റദ്ദാക്കുന്നതു ന്യായമല്ലെന്നും മന്ത്രി അറിയിച്ചു.

ക്ഷേമനിധി പെൻഷൻ നിഷേധ ഉത്തരവും പിൻവലിക്കണം

കൊല്ലം ∙ ക്ഷേമനിധികളിൽ നിന്നു പെൻഷൻ വാങ്ങുന്നവർക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക സുരക്ഷാ പെൻഷൻ നിഷേധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. ഇപിഎഫ് പെൻഷൻ ഉള്ളവരുടെ സാമൂഹികസുരക്ഷാ പെൻഷൻ നിലനിർത്തി ഉത്തരവു പരിഷ്കരിക്കുമെന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞതോടെ പ്രശ്നം അവസാനിക്കുന്നില്ല.

ക്ഷേമനിധികളിൽ വർഷങ്ങളായി അംശദായം അടയ്ക്കുന്നവർക്കാണു ക്ഷേമപെൻഷൻ ലഭിക്കുന്നത്. ഇവരിൽ നല്ലൊരു വിഭാഗത്തിനും സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നുണ്ട്. അഗതി, വിധവ, വികലാംഗ, വാർധക്യകാല പെൻഷനുകളാണു സാമൂഹിക സുരക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്നത്. തൊഴിൽ ചെയ്യവെ അംശദായം അടയ്ക്കുന്നവർക്കാണു ക്ഷേമ പെൻഷൻ ലഭിക്കുന്നത്. ഇവരിൽ നിരാലംബരുമുണ്ട്. അവർക്കു സാമൂഹിക സുരക്ഷാ പെൻഷനും ലഭിച്ചുകൊണ്ടിരുന്നു.

അതു റദ്ദാക്കുന്നതു സമൂഹത്തിലെ താഴെത്തട്ടിലുള്ളവരോടുള്ള ക്രൂരതയാണ്. ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള ആർക്കും സാമൂഹികസുരക്ഷ പെൻഷൻ നൽകാൻ യുഡിഎഫ് സർക്കാരാണു തീരുമാനിച്ചത്. ഇതു ലക്ഷക്കണക്കിന് അശരണർക്കു തണലായി. അതിനെ ഇല്ലായ്മ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. നരേന്ദ്ര മോദി നോട്ട് പിൻവലിച്ച നവംബർ എട്ടിനാണു ക്ഷേമപെൻഷൻ റദ്ദാക്കാൻ പിണറായി വിജയൻ‍ ഉത്തരവു പുറപ്പെടുവിച്ചതെന്നും പ്രേമചന്ദ്രൻ അറിയിച്ചു.

Your Rating: