മുഖ്യമന്ത്രിയെ വിമർശിച്ചാൽ നടപടിയെന്ന് പൊലീസ് പറഞ്ഞതായി ഓൺലൈൻ കൂട്ടായ്മ; ഇല്ലെന്ന് പൊലീസ്

തിരുവനന്തപുരം∙ മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ചു സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയാൽ നടപടി സ്വീകരിക്കുമെന്നു പൊലീസ് മുന്നറിയിപ്പു നൽകിയതായി ഓൺലൈൻ കൂട്ടായ്മകൾ. സംഭവം വിവാദമാവുമെന്നു കണ്ട് ഇത്തരത്തിൽ ഒരു മുന്നറിയിപ്പും എടുത്തിട്ടില്ലെന്നു വിശദീകരിച്ചു ഡിജിപി.

മുഖ്യമന്ത്രിയെ പരിഹസിക്കുന്ന പരാമർശങ്ങൾ പോസ്റ്റ് ചെയ്താൽ‍ കേസെടുക്കുമെന്നു കാണിച്ചു നോട്ടിസ് ലഭിച്ചെന്നാണു സൈബർ കൂട്ടായ്മകൾ പറഞ്ഞത്. ഇതിനെ കളിയാക്കി അവർ ട്രോളുകളും ഉണ്ടാക്കി. സർക്കാർ ജീവനക്കാർ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രതികരണങ്ങൾക്കു നിയന്ത്രണം കൊണ്ടുവന്നതിനു പിന്നാലെയാണു ട്രോളുകൾക്കെതിരെ മുന്നറിയിപ്പ് ലഭിച്ചതെന്ന് അവർ പറഞ്ഞു.

ഒട്ടും പിന്നോട്ടില്ലെന്നും മുഖ്യമന്ത്രിക്കെതിരെ വിമർശനങ്ങൾ തുടരുമെന്നും കാട്ടി പലരും പോസ്റ്റുകൾ ഇട്ടു. വിമർശനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കത്തെ പരിഹസിക്കുന്ന ട്രോളുകളും പടർന്നു. തുടർന്നാണു വിശദീകരണവുമായി പൊലീസ് നേതൃത്വം പത്രക്കുറിപ്പ് ഇറക്കിയത്.

മറ്റൊരാളുടെ പേരിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് അതുപയോഗിച്ചു പോസ്റ്റ് ഇടുന്നതും ഒരു വ്യക്തിയെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുന്നതും ഐടി ആക്ട് പ്രകാരവും ഐപിസി പ്രകാരവും കുറ്റകരമാണ്.

ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചാൽ ഹൈടെക് ക്രൈം എൻക്വയറി സെൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ഒരു പത്രപ്രവർത്തകന്റെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി ഫെയ്സ് ബുക് വഴി മുഖ്യമന്ത്രിയെയും പ്രസ്തുത പത്രപ്രവർത്തകനെയും അപമാനിക്കുന്നുവെന്നു പരാതി ഹൈടെക് സെല്ലിനു ലഭിച്ചിരുന്നു.

തുടർന്നാണ് അത്തരം അപമാനകരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് അറിയിപ്പു നൽകിയത്. മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ നടപടിയെടുക്കും എന്ന തരത്തിൽ ഒരു മുന്നറിയിപ്പും പോലീസ് നൽകിയിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.