Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെൽമറ്റില്ലാതെ വനിതാ പൊലീസിന്റെ യാത്ര: അച്ചടക്ക നടപടി ശുപാർശ ചെയ്തു റിപ്പോർട്ട്

ആലപ്പുഴ ∙ നഗരത്തിലൂടെ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ വനിതാ പൊലീസ് ഓഫിസർ യാത്ര ചെയ്തതു പൊലീസ് സേനയ്ക്കു നാണക്കേടുണ്ടാക്കിയെന്നു പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഈ സാഹചര്യത്തിൽ വെറും പെറ്റി കേസിനു പകരം വകുപ്പുതല അന്വേഷണം നടത്തി അച്ചടക്ക നടപടി എടുക്കണമെന്ന് ആലപ്പുഴ ഡിവൈഎസ്പി എം.ഇ.ഷാജഹാൻ ജില്ലാ പൊലീസ് മേധാവിക്കു റിപ്പോർട്ട് നൽകി.

വനിതാ സിവിൽ പൊലീസ് ഓഫിസറുടെ നടപടിയെ കടുത്ത ഭാഷയിലാണു റിപ്പോർട്ടിൽ വിമർശിച്ചിട്ടുള്ളത്. നട്ടുച്ചയ്ക്കു നാട്ടുകാരുടെ മാത്രമല്ല, മേലധികാരിയുടെയും മുന്നിലൂടെ ഹെൽമറ്റില്ലാതെ യാത്ര ചെയ്തത് അമ്പരപ്പിക്കുന്നു. നഗരത്തിലെ തന്നെ എസ്ഐയുടെ ഭാര്യയാണ് ഇവരെന്നതും ഗൗരവം വർധിപ്പിക്കുന്നു. ആലപ്പുഴയിൽ ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തു പൊലീസ് ഹെൽമറ്റ് ധരിപ്പിക്കാൻ തീവ്രയജ്ഞം നടത്തുമ്പോഴാണു നിയമപാലകയുടെ തന്നെ നിയമലംഘനമെന്നു റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

പൊലീസിന്റെ ഇടപെടൽമൂലം നഗരത്തിൽ ഹെൽമറ്റ് ഉപയോഗം 80 ശതമാനത്തിലേറെ എത്തിയ നേട്ടത്തെയും ഇത്തരം സംഭവങ്ങൾ ദോഷകരമായി ബാധിക്കുന്നു. സംഭവദിവസം ഹെൽമറ്റ് ധരിക്കാത്തതിന് 254 പേർക്കെതിരെയാണു നഗരത്തിൽ പെറ്റി കേസ് എടുത്തതെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖിനു സമർപ്പിച്ചു.