Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുമയ്ക്ക് സഹായഹസ്തം; സഹായസമിതി രൂപീകരിച്ചു

suma സുമ വെസ്റ്റ്ഫോർട്ട് ആശുപത്രിയിൽ കിടക്കുന്ന മകൻ രഞ്ജിത്തിനൊപ്പം.

തൃശൂർ ∙ ‘വേദനകൾ ചേക്കേറുന്ന അമ്മമര’ത്തിനു കൈത്താങ്ങുമായി നാട്ടുകാരും മറുനാട്ടുകാരും. അമ്മദിനമായ ഇന്നലെ മനോരമ പ്രസിദ്ധീകരിച്ച വാർത്തയിലൂടെ ഒരുമനയൂർ അംബേദ്കർ കോളനിയിലെ കുന്തറ വീട്ടിൽ സുമയുടെ ദുരിതങ്ങളറിഞ്ഞാണു സഹായവുമായി നാട്ടുകാർ ഒരുമിക്കുന്നത്.

ശരീരം പാതി തളർന്ന ഭർത്താവിനെ തോളിലെടുത്ത് പരിപാലിക്കുന്ന സുമയുടെ 19 വയസുകാരനായ മകൻ കിടപ്പിലായതോടെ അവനെയും എടുത്തുകൊണ്ടു നടക്കേണ്ട അവസ്ഥയിലായി. അപകടത്തിൽ പരുക്കേറ്റ മകൻ രഞ്ജിത് ഇപ്പോഴും അബോധാവസ്ഥയിൽ തൃശൂർ വെസ്റ്റ്ഫോർട്ട് ആശുപത്രിയിലാണ്.

ചങ്ങനാശേരി തെങ്ങണ ഗുഡ്ഷെപ്പേർഡ് പബ്ളിക് സ്കൂൾ വിദ്യാർഥികൾ സുമയ്ക്ക് 25,000 രൂപ നൽകുമെന്ന് അറിയിച്ചു. കാൻസർ, വൃക്ക, കരൾ രോഗികൾക്കായി സ്കൂൾ വിദ്യാർഥികൾ സ്വരുക്കൂട്ടിവച്ചിരിക്കുന്ന തുകയിൽനിന്നാണ് ഒരു വിഹിതം സുമയുടെ അമ്മമനസിനു സമ്മാനിക്കുകയെന്നു മാനേജരും സീനിയർ പ്രിൻസിപ്പലുമായ ഡോ. റൂബിൾ രാജ് പറഞ്ഞു.

ദുബായിൽ യുഎഇ എക്സ്ചേഞ്ചിൽ ജോലി ചെയ്യുന്ന ചാവക്കാട് ബ്ലാങ്ങാട് സ്വദേശി സി.സാദിഖ് അലി 5000 രൂപ സഹോദരൻ വഴി ആശുപത്രിയിലെത്തിച്ചു. ജോലിയിലെ മികവിനു കിട്ടിയ സമ്മാനത്തുകയാണിത്. ഭർത്താവിന്റെയും മകന്റെയും രോഗദുരിതങ്ങൾക്കുമേൽ വീട് എന്ന സ്വപ്നവും സുമയ്ക്കു ഭാരമാണ്.

ടാർപായ വലിച്ചുകെട്ടി അതിനടിയിലാണ് രണ്ടു രോഗികളും പ്രായപൂർത്തിയായ പെൺകുട്ടിയും അടക്കമുള്ള കുടുംബത്തെ സുമ പോറ്റേണ്ടത്. സുമയ്ക്കു കൈത്താങ്ങാകാൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ചാക്കോയുടെ നേതൃത്വത്തിൽ സഹായ സമിതി രൂപീകരിച്ചു.

സുമയുടെയും കെ.ജെ.ചാക്കോയുടെയും പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഒരുമനയൂർ ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ – 0168053000011380. ഐഎഫ്എസ് കോഡ് – എസ്ഐബിഎൽ 0000168. വിലാസം: സുബ്രു, കുന്തറ വീട്, അംബേദ്കർ കോളനി, ഒരുമനയൂർ പി.ഒ. തൃശൂർ. സുമയുടെ ഫോൺ നമ്പർ – 9846806930.