Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശാപ്പ് നിയന്ത്രണം: നിയമസഭാ സമ്മേളനം വിളിക്കും; കോടതിയിൽ ചോദ്യം ചെയ്യും

kerala-legislative-assembly

തിരുവനന്തപുരം∙ കന്നുകാലികളുടെ കശാപ്പും വിൽപനയും നിയന്ത്രിക്കുന്ന കേന്ദ്ര ഉത്തരവിനെതിരെ പൊതു അഭിപ്രായം രൂപീകരിക്കുന്നതിനു മുഖ്യമന്ത്രിമാരുടെ സമ്മേളനവും പ്രത്യേക നിയമസഭാ സമ്മേളനവും വിളിച്ചുചേർക്കാൻ മന്ത്രിസഭാ തീരുമാനം. ഉത്തരവ് കോടതിയിലും ചോദ്യംചെയ്യും. ആവശ്യമെങ്കിൽ നിയമനിർമാണവും നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

നിയമവിദഗ്​ധരുമായി ആലോചിച്ചു ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കും. കേന്ദ്രം കൊണ്ടുവന്ന ചട്ടങ്ങൾ ഭരണഘടനയ്ക്കും ഫെഡറൽ തത്വങ്ങൾക്കും വിരുദ്ധമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.​ സംസ്​ഥാനങ്ങൾക്കു​ നിയമനിർമാണ അവകാശമുള്ള വിഷയത്തിൽ കേന്ദ്രം ചട്ടങ്ങൾ വഴി കടന്നുകയറുന്നതു ഭരണഘടനാ വ്യവസ്​ഥകളുടെ ലംഘനമാണ്.

പ്രധാനമന്ത്രിക്ക്​ അയച്ച കത്തിനു മറുപടി ലഭിച്ചിട്ടില്ല. മറ്റു സംസ്ഥാന മുഖ്യമന്ത്രിമാർക്ക്​ അയച്ച കത്തുകൾക്കു മറുപടി വന്നി​െല്ലങ്കിലും​ ചിലരൊക്കെ പ്രതികരിച്ചിട്ടുണ്ട്. എല്ലാവരുടെയും സൗകര്യം നോക്കിയാവും മുഖ്യമന്ത്രിമാരുടെ യോഗം. നിയമസഭ ഇതിനായി എന്നു സമ്മേളിക്കണമെന്നു പ്രതിപക്ഷവുമായി ആലോചിക്കും. സമ്മേളനശേഷം സർവകക്ഷി യോഗത്തിന്റെ കാര്യം തീരുമാനിക്കും.

കേന്ദ്ര വിജ്ഞാപനത്തിന്റെ ഭരണഘടനാപരവും നിയമപരവുമായ സാധുത ചോദ്യം​െചയ്യാനാകുമെന്നു മന്ത്രിസഭ വിലയിരുത്തി. കശാപ്പു​ നിയന്ത്രിക്കുക മാത്രമല്ല ഫലത്തിൽ നിരോധിക്കുന്ന വ്യവസ്ഥകളാണു കേന്ദ്രം കൊണ്ടുവന്നിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.​ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം കാലിച്ചന്ത നിയന്ത്രിക്കുന്ന ചട്ടം രൂപീകരിക്കാൻ കേന്ദ്രത്തിന് അധികാരമില്ല. നിയമത്തിൽ പറയാത്ത കാര്യങ്ങൾ ചട്ടത്തിൽ പാടില്ല. ഭരണഘടനയുടെ ഏഴാം പട്ടികയിൽ സംസ്​ഥാന ലിസ്​റ്റിലാണു കന്നുകാലി സംരക്ഷണവും രോഗം തടയലും.

28–ാം ഇനമായി ചന്ത, മേള നടത്തിപ്പുണ്ട്. മൃഗങ്ങളോടുള്ള​ ക്രൂരത തടയുന്ന നിയമത്തിന്റെ മറവിൽ പൗരന്റെ തൊഴിലും വ്യാപാര സ്വാതന്ത്ര്യവും ഹനിക്കാൻ പാടില്ല. കശാപ്പിനായി കാലികളെ വിൽക്കരുതെന്ന ചട്ടം സംസ്​ഥാനത്തു​ നിയമവി​േധയമായി നടത്തുന്ന പ്രവർത്തനം നിരോധിക്കുകയാണു ചെയ്യുന്നത്.​ അതിനു കേന്ദ്രത്തിന് ​അധികാരമില്ല. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിൽത്തന്നെ, ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നത് അംഗീകരിച്ചിട്ടുണ്ട്.

മൃഗങ്ങൾക്ക് അനാവശ്യ വേദനയും കഷ്ടപ്പാടും ഉണ്ടാക്കരുതെന്നേ പറയുന്നുള്ളൂ. 2001 ൽ അറവുശാലാ ചട്ടങ്ങൾ ഇറക്കിയതിനാൽ ഇപ്പോഴത്തെ ചട്ടങ്ങൾക്കു പ്രസക്തിയില്ല. മനുഷ്യൻ​ ഒഴികെ എല്ലാ ജീവികളെയും ഉൾക്കൊള്ളുന്ന വിപുലമായ നിർവചനമാണ്​ അനിമൽ എന്ന പദത്തിന്. ഏതാനും മൃഗങ്ങളെ മാത്രം കശാപ്പിനു വിൽക്കരുതെന്നു വിലക്കുന്നതു നിയമത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കു വിരുദ്ധമാണ്. അതു ചോദ്യംചെയ്യാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

related stories