Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരസ്യ കശാപ്പ്: യൂത്ത് കോൺഗ്രസ് നേതാക്കളെയും അറവ് നടത്തിയ ആളെയും അറസ്റ്റ് ചെയ്തു

touth-congress-cattle-beef-arrest പരസ്യ കശാപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ ഷറഫുദ്ദീൻ കാട്ടാമ്പള്ളി, ജോഷി കണ്ടത്തിൽ, പി.എ.ഹരി, റിജിൽ മാക്കുറ്റി എന്നിവർ കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിൽ.

കണ്ണൂർ∙ കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളിൽ വിൽക്കുന്നതു നിരോധിച്ചതിൽ പ്രതിഷേധിച്ചു നടുറോഡിൽ പരസ്യമായി കാളക്കുട്ടിയെ അറുത്തു മാംസം വിതരണം ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.

യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ സെക്രട്ടറി ജോഷി കണ്ടത്തിൽ(37), കണ്ണൂർ ലോക്സഭാ മണ്ഡലം മുൻ പ്രസിഡന്റ് റിജിൽ മാക്കുറ്റി (33), അഴീക്കോട് നിയോജകമണ്ഡലം മുൻ പ്രസിഡന്റ് ഷർഫുദ്ദീൻ കാട്ടാമ്പള്ളി (35), പാർലമെന്റ് മണ്ഡലം സെക്രട്ടറി ജസ്റ്റിസൺ ചാണ്ടിക്കൊല്ലി(32), കണ്ണൂർ നിയോജകമണ്ഡലം പ്രസിഡന്റ് പി.എ.ഹരി (38), സുദീപ് ജയിംസ് (30), എം.കെ.വരുൺ (26), ഷമേജ് പെരളശ്ശേരി (36), അറവ് നടത്തിയ കാട്ടാമ്പള്ളി സ്വദേശി എം.എ.മുത്തലിബ്(36) എന്നിവരെയാണു സിറ്റി സിഐ എ.വി.പ്രമോദ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ പരിസരത്തു വച്ചാണ് അറസ്റ്റ്. 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ പ്രതികളെ വിട്ടയച്ചു. കാളക്കുട്ടിയെ പരസ്യമായി അറുക്കാൻ ഉപയോഗിച്ച മിനിവാന്റെ ശാസ്ത്രീയ പരിശോധന പൂർത്തിയായി. അറുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് പരിശോധിച്ചിരുന്നു.

വളർത്തുമൃഗങ്ങൾക്ക് എതിരെയുള്ള പരസ്യമായ ക്രൂരത തടയൽ നിയമം അടക്കമുള്ള വകുപ്പുകൾ ചേർത്താണു കേസുള്ളത്. 27നു വൈകിട്ട് കണ്ണൂർ സിറ്റി ജംക്‌ഷനിലാണു കേസിന് ആസ്പദമായ സംഭവം. കേന്ദ്രസർക്കാരിന്റെ നിരോധന നടപടിയിൽ പ്രതിഷേധിച്ച് കാളക്കുട്ടിയെ പരസ്യമായി അറുത്തു മാംസം വിതരണം ചെയ്യുകയായിരുന്നു.

യുവമോർച്ച ജില്ലാ സെക്രട്ടറി നൽകിയ പരാതിയിലാണു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തത്. സംഭവം വിവാദമായതോടെ റിജി‍ൽ മാക്കുറ്റി, ജോഷി കണ്ടത്തിൽ, ഷർഫുദ്ദീൻ കാട്ടാമ്പള്ളി എന്നിവരെ കോൺഗ്രസിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു. പ്രവർത്തകരെ അറസ്റ്റ് ചെയ്തതറിഞ്ഞു ഡിസിസി ഭാരവാഹികൾ ഉൾപ്പെടെയുള്ള കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി.

related stories