Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരുടെയും ആഹാരശീലങ്ങൾ സർക്കാർ നിയന്ത്രിക്കില്ല: മന്ത്രി രവിശങ്കർ പ്രസാദ്

ravisankar-prasad കൊച്ചിയിൽ മനോരമ ന്യൂസ് കോൺക്ലേവിലെ ചർച്ചയിൽ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.

കൊച്ചി ∙ രാജ്യത്തെ ഒരു ഭാഗത്തെയും ജനങ്ങളുടെ ആഹാരശീലങ്ങളും ഇഷ്ടങ്ങളും നിയന്ത്രിക്കാനോ നിരോധിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. കാലികളെ കശാപ്പിനായി ചന്തകളിൽ വിൽക്കുന്നതിനു മാത്രമാണു നിരോധനം കൊണ്ടുവന്നത്. അതു സുപ്രീംകോടതി നിർദേശം അനുസരിച്ചും പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ്.

സംസ്ഥാനങ്ങളുടെ ഒരു അധികാരത്തിലും കേന്ദ്രം ഇടപെട്ടിട്ടില്ല. കന്നുകാലി സംരക്ഷണ അധികാരപരിധി തർക്കവിഷയമാണ് - മന്ത്രി അഭിപ്രായപ്പെട്ടു. മനോരമ ന്യൂസ് ടിവി ചാനൽ സംഘടിപ്പിച്ച ന്യൂസ് കോൺക്ലേവിൽ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നീതിന്യായ സംവിധാനത്തിൽ തെറ്റായ പ്രവണതകൾ ഉണ്ടെങ്കിൽ അത് ജുഡീഷ്യറി തന്നെയാണു തിരുത്തേണ്ടത്. അതിൽ ഇടപെടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.

പ്രധാന മേഖലകളിലെല്ലാം രാജ്യത്തെ ഏറ്റവും മികച്ച വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാൻ കേരളത്തിനായിട്ടുണ്ട്. പക്ഷേ, എന്തുകൊണ്ട് വിശ്വാസ്യതയും ആകർഷണീയതയും ഉത്തരവാദിത്തബോധവും ഒത്തുചേരുന്ന ഒരു യഥാർഥ ദേശീയ നേതാവിനെ സൃഷ്ടിക്കാൻ കേരളത്തിനു കഴിഞ്ഞില്ലെന്നു ചിന്തിക്കണം. കഴിഞ്ഞ വർഷം രാജ്യത്തെ ഐടി മേഖലയിലേക്കെത്തിയ രണ്ടു ബില്യൻ ഡോളറിന്റെ വിദേശ നിക്ഷേപത്തിൽ കേരളത്തിന് എന്തുകൊണ്ട് കാര്യമായി ഒന്നും നേടാനായില്ലെന്നും ആലോചിക്കണം.

ഈ സർക്കാർ അധികാരത്തിലെത്തി മൂന്നുവർഷം കഴിയുമ്പോഴും അഴിമതിയുടെ കറപുരണ്ടിട്ടില്ല. ജനസമ്മതി കൂടുകയും തിരഞ്ഞെടുപ്പുകൾ ജയിക്കുകയും ചെയ്യുന്നു. പക്ഷേ അതിൽ അഹങ്കരിക്കുന്നില്ല. കേരളത്തിലെ ബിജെപിയുടെ വളർച്ചയെ കായികബലം ഉപയോഗിച്ചു തടയാൻ കമ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കരുത് - അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ അടിസ്ഥാന വർഗക്കാരുടെ പ്രശ്നങ്ങൾക്കും ക്ഷേമത്തിനും വേണ്ടി നിലകൊണ്ട ചരിത്രമുള്ള മലയാള മനോരമ ഒരു സാമൂഹിക ചാലകശക്തിയാണെന്നും മുഖ്യപത്രാധിപരായിരുന്ന കെ.എം. മാത്യു പത്രപ്രവർത്തനത്തെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആധുനികീകരിച്ച ശൈലി മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

related stories