Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിൽ ഐടി ഇൻകുബേഷൻ സൗകര്യം, 50 കോടിയുടെ ഇലക്‌ട്രോണിക്‌സ് ക്ലസ്റ്റർ: കേന്ദ്രമന്ത്രി

ravisankar-prasad-at-kochi കൊച്ചിയിൽ ഐടി, ആധാർ ശിൽപശാലയും പ്രദർശനവും ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് സ്റ്റാളുകൾ സന്ദർശിക്കുന്നു. കേന്ദ്ര ഐടി സെക്രട്ടറി അരുണ സുന്ദരരാജൻ സമീപം.

കൊച്ചി∙ 35,000 ചതുരശ്ര അടിയിൽ കൊച്ചിയിൽ ഐടി വ്യവസായത്തിന് ഇൻകുബേഷൻ സൗകര്യം ഒരുക്കുമെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഇലക്‌ട്രോണിക്സ് വ്യവസായങ്ങൾക്കായി ഇലക്‌ട്രോണിക്‌സ് ക്ലസ്റ്റർ സ്ഥാപിക്കാൻ 50 കോടി രൂപ കേന്ദ്രം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക്സ് ഓഫ് ഇന്ത്യയും (എസ്ടിപിഐ) നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയും (എൻഐഇഎൽഐടി) സംഘടിപ്പിച്ച ഐടി, ആധാർ ശിൽപശാലയും പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐടി കമ്പനികൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ്. കൂട്ടപ്പിരിച്ചുവിടൽ വാർത്തകൾ പഴങ്കഥകളായി. ഐടി സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേരളം മുന്നിട്ടിറങ്ങണം. സാങ്കേതിക മാറ്റത്തിന്റെ ഗുണഫലം കൈവരിക്കാൻ തയാറെടുപ്പു നടത്തണം. ലോകം മുഴുവനും ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചു സംസാരിക്കുകയാണ്. ഭീം, ആധാർ പദ്ധതി വഴി പണമിടപാടുകൾ കൂടുതൽ ഡിജിറ്റലാകും.

ഇപ്പോൾ തന്നെ 43 കോടി ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചു. ഏറ്റവും സുരക്ഷിതമായ വിവര കൈമാറ്റ സംവിധാനമാണ് ആധാർ. ആധാർ വിവരങ്ങളെക്കുറിച്ച് ആർക്കും ആശങ്ക വേണ്ട, സുരക്ഷിതമാണ്. വിവരം ചോർത്താൻ ശ്രമിക്കുന്നവർക്ക് 10 ലക്ഷം രൂപ പിഴ ചുമത്താൻ സൈബർ നിയമമുണ്ട്. നിരക്ഷരരും സാക്ഷരരുമായുള്ള അകലം ഇല്ലാതാക്കുകയല്ല ഡിജിറ്റൽ ഇന്ത്യയുടെ ലക്ഷ്യം. ഡിജിറ്റൽ വിടവു നികത്താനാണു പദ്ധതി. എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന നൂതന പദ്ധതികളാണ് ആവിഷ്കരിക്കുന്നത്.

ഫെയ്സ്ബുക്കിന്റെ ഫ്രീ ബേസിക് പതിപ്പ് സൈബർ സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ അനുവദിക്കില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. സംസ്ഥാനത്തെ ഐടി സംരംഭകരുമായി കേന്ദ്രമന്ത്രി ചർച്ച നടത്തി. കേരളത്തിന്റെ ഐടി വരുമാനം അ‍ഞ്ച് ഇരട്ടിയാക്കാനാകുമെന്നു കേന്ദ്ര ഐടി സെക്രട്ടറി അരുണ സുന്ദരരാ‍ജൻ പറഞ്ഞു.

കെ.വി. തോമസ് എംപി, പി.ടി. തോമസ് എംഎൽഎ, എൻഐഇ എൽഐടി ഡയറക്ടർ ജനറൽ ഡോ. അശ്വനി കുമാർ ശർമ, എസ്ടിപിഐ ഡയറക്ടർ ജനറൽ ഡോ. ഓംകാർ റായ് തുടങ്ങിയവർ പ്രസംഗിച്ചു.