Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദിര പറഞ്ഞു: ‘കേരളത്തിന് റേഷൻ കിട്ടാതെ ഞാൻ അരിയാഹാരം കഴിക്കില്ല’

Jairam-Ramesh-letter ഇന്ദിരാഗാന്ധി റേഷനരി വേണ്ടെന്നു തീരുമാനിച്ചു നടത്തിയ പ്രതിജ്ഞയുടെ കോപ്പി പ്രസംഗത്തിനിടയിൽ ഉയർത്തിക്കാണിക്കുന്ന ജയറാം രമേഷ് എംപി.

തിരുവനന്തപുരം∙ കേരളത്തിലെ ജനങ്ങൾ റേഷനരി ക്ഷാമത്തിൽ വലഞ്ഞപ്പോൾ 1966 ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രതിജ്ഞയെടുത്തു : കേരളത്തിന്റെ ക്ഷാമത്തിനു പരിഹാരം കാണുന്നതുവരെ താൻ അരിയാഹാരം ഉപയോഗിക്കില്ല. തന്റെ സ്വന്തം റേഷൻ വിഹിതവും ഇന്ദിര വേണ്ടെന്നു വയ്ക്കുന്നതായി റേഷൻ അധികൃതർക്ക് ഫെബ്രുവരി മൂന്നിന് സമർപ്പിച്ച സമ്മതപത്രത്തിൽ ഇന്ദിരാഗാന്ധി എഴുതി. 

ഹൗസ് നമ്പർ വൺ, സഫ്‍ദർജങ് റോഡ് എന്ന വിലാസത്തിൽ ഇന്ദിരാഗാന്ധിയുടെ റേഷൻ കാർഡ് നമ്പറായ 23/5/ND 526685 രേഖപ്പെടുത്തിയ ഈ അപൂർവരേഖയുമായിട്ടാണ് രാജ്യസഭാ എംപി ജയറാം രമേശ് ഇന്നലെ നിയമസഭാ വജ്രജൂബിലി പ്രഭാഷണ പരമ്പരയ്ക്കെത്തിയത്. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങൾ നടക്കുമ്പോൾ അവർക്കു കേരളത്തോടുണ്ടായിരുന്ന കരുതൽ വ്യക്തമാക്കാനായി ഈ രേഖ പ്രസംഗത്തിനിടയിൽ ജയറാം രമേശ് ഉയർത്തിക്കാട്ടി.

അതേ വർഷം ഫെബ്രുവരി അഞ്ചിന് സംസ്ഥാന മുഖ്യമന്ത്രിമാർക്ക് അയച്ച് കത്തിൽ നാലു ഖണ്ഡികകളും കേരളത്തിലെ റേഷൻ ക്ഷാമത്തെക്കുറിച്ചായിരുന്നു. മലയാളികൾക്ക് അവർ ഒറ്റപ്പെട്ടുവെന്ന തോന്നലുണ്ടാകാതിരിക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നായിരുന്നു ആവശ്യം. ഈ കത്തും ജയറാം രമേശ് സദസിൽ അവതരിപ്പിച്ചു.