Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർ കുന്നശേരി സഭയിലെ അഗ്രഗണ്യനായ വൈദിക മേലധ്യക്ഷനെന്ന് കർദിനാൾ മാർ ആലഞ്ചേരി

mar kunnassery വിട: ക്നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയുടെ കബറടക്ക കർമത്തിനിടെ അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, അതിരൂപതാ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ ചേർന്നു പുഷ്പകിരീടം അണിയിക്കുന്നു. കെസിസി അതിരൂപത പ്രസിഡന്റ് സ്റ്റീഫൻ ജോർജ്, ജോസ് കെ. മാണി എംപി എന്നിവർ സമീപം. ചിത്രം: മനോരമ

കോട്ടയം ∙ ക്നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപതയുടെ പ്രഥമ വലിയ ഇടയനു വിശ്വാസ സാഗരത്തിന്റെ വികാരനിർഭരമായ വിട. മാർ കുര്യാക്കോസ് കുന്നശേരിയുടെ ഭൗതിക ശരീരം ആയിരക്കണക്കിനു വിശ്വാസികളുടെ പ്രാർഥനകളോടെ കബറടക്കി. അതിരൂപതാ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ സംസ്‌കാരശുശ്രൂഷകൾ ആരംഭിച്ചു. 

സമാപന ശുശ്രൂഷയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനായി. സഭയിലെ അഗ്രഗണ്യനായ വൈദിക മേലധ്യക്ഷന്റെ വേർപാട് സഭയ്‌ക്കു തീരാനഷ്‌ടമാണെന്ന് അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. 

സാമൂഹിക പ്രതിബദ്ധതയോടെ കർമനിരതനായ ആത്മീയാചര്യനായിരുന്നു മാർ കുന്നശേരിയെന്ന് അനുസ്‌മരണ പ്രഭാഷണം നടത്തിയ കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം പറഞ്ഞു. 

തൃശൂർ അതിരൂപതാ മുൻ ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി വചനസന്ദേശം നൽകി.  മെത്രാന്മാരും വൈദികരും ദിവ്യബലിയിൽ സഹകാർമികരായി.

മാ‍ർ കുന്നശേരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചുള്ള വത്തിക്കാനിൽ നിന്നുള്ള സന്ദേശം ഫാ. സെബാസ്റ്റ്യൻ വാണിയംപുരയ്‌ക്കലും റോമിലെ പൗരസ്ത്യ തിരുസംഘത്തിന്റെ അധിപന്റെ സന്ദേശം അതിരൂപതാ ചാൻസലർ ഫാ. തോമസ് കോട്ടൂരും ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോയുടെ സന്ദേശം ഫാ. ജോൺ ചേന്നാക്കുഴിയും വായിച്ചു. നഗരികാണിക്കൽ ചടങ്ങിനുശേഷം കത്തീഡ്രൽ അൾത്താരയോടു ചേ‍ർന്നു പ്രത്യേകം തയാറാക്കിയ കല്ലറയിൽ ഭൗതിക ശരീരം കബറടക്കി. 

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത, സിഎസ്ഐ   മോഡറേറ്റർ     ബിഷപ് തോമസ് കെ.  ഉമ്മൻ    എന്നിവരും വിവിധ സഭകളിലെ മേൽപട്ടക്കാരും അന്തിമോപചാരം അർപ്പിച്ചു.