Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിൽ തേടി കേരളം വിടുന്നവരുടെ എണ്ണം കുറയുന്നു; വിദേശപണത്തിന്റെ വരവിലും കുറവ്

nri-2

തിരുവനന്തപുരം∙ കേരളത്തിൽ നിന്നു വിദേശരാജ്യങ്ങളിലേക്കു തൊഴിൽ തേടിപ്പോകുന്നവരുടെ എണ്ണവും പ്രവാസികളിൽ നിന്നുള്ള പണംവരവും കുറയുന്നതായി സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിന്റെ പുതിയ പഠനറിപ്പോർട്ട്.

2014 ൽ കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം 24 ലക്ഷം ആയിരുന്നു. 2016 ലെ കണക്കുകൾ പ്രകാരം ഇത് 22.7 ലക്ഷമായി കുറഞ്ഞു. പ്രവാസികൾ കേരളത്തിലേക്ക് അയയ്ക്കുന്ന പണം രണ്ടുവർഷത്തിനിടെ 10 ശതമാനത്തോളമാണു കുറഞ്ഞത്. 

സിഡിഎസിലെ പ്രഫ. എസ്.ഇരുദയരാജന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണു കേരളത്തിന്റെ പ്രവാസചരിത്രത്തിലെ ആദ്യ തളർച്ച രേഖപ്പെടുത്തിയത്. രണ്ടുവർഷം കൊണ്ടു പ്രവാസികളുടെ എണ്ണം 1.28 ലക്ഷം കുറഞ്ഞു.

അഞ്ചുവർഷത്തിനകം ആകെ പ്രവാസികളുടെ എണ്ണം 20 ലക്ഷമായി കുറഞ്ഞേക്കുമെന്നു റിപ്പോർട്ട് വിലയിരുത്തുന്നു. പെട്രോളിയം വിലത്തകർച്ച മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണു വിദേശരാജ്യങ്ങളിലെ തൊഴിലവസരങ്ങൾ കുറയാൻ പ്രധാന കാരണം. 

2014 ൽ 71,142 കോടി രൂപയാണു പ്രവാസികൾ കേരളത്തിലേക്ക് അയച്ചത്. 2016 ൽ ഇത് 63,289 കോടി രൂപയായി കുറഞ്ഞു. ഇതാദ്യമായാണു പ്രവാസി വരുമാനത്തിൽ ഇടിവു രേഖപ്പെടുത്തുന്നത്. ഗൾഫ് മേഖലയിലെ ശമ്പളം കുറഞ്ഞതും രൂപയുടെ മൂല്യം കൂടിയതുമാണു പ്രധാന കാരണം.

nri-1

2011 മു‍തൽ 2014 വരെയുള്ള കാലയളവിൽ 40% വർധനയാണു പ്രവാസികളിൽ നിന്നുള്ള വരുമാനത്തിലുണ്ടായത് എന്നു കൂടി ചേർത്തു വായിക്കുമ്പോഴാണു കേരളം നേരിടാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാകുക. കേരളത്തിന്റെ ആഭ്യന്തര പ്രവാസി നിക്ഷേപത്തിൽ പ്രതിവർഷം 10% വീതം കുറവു തുടരാനാണു സാധ്യതയെന്നാണു പഠനത്തിലെ സൂചന. 

കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള പ്രവാസികളുടെ എണ്ണമാണു കുറഞ്ഞത്. അതേസമയം കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, കാസർകോട് ഉൾപ്പെടെ ജില്ലകളിലെ പ്രവാസികളുടെ എണ്ണം കാര്യമായി വർധിച്ചു.

കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ 89% ഗൾഫ് രാജ്യങ്ങളിലാണ്.  ഇതിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. അതേസമയം, യുഎസ്, ഇംഗ്ലണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളിലുള്ള മലയാളികളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. പ്രവാസികളിൽ ബിരുദയോഗ്യതയുള്ളവർ 18% മാത്രമാണ്. പത്താംക്ലാസ് യോഗ്യതയുള്ളവർ 48%.