Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കോ‌‌‌‌ട്‌ലൻഡിൽ കാണാതായ മലയാളി വൈദികൻ മരിച്ച നിലയിൽ

priest ഫാ. മാർട്ടിൻ വാഴച്ചിറ

ആലപ്പുഴ∙ സ്കോ‌‌ട‌്‌‌ല‌ൻഡിലെ എഡിൻബറയിൽ നിന്നു കാണാതായ മലയാളി വൈദികൻ ഫാ.മാർട്ടിൻ സേവ്യർ വാഴച്ചിറയുടെ (33) മൃതദേഹം കണ്ടെത്തി. എഡിൻബറയിലെ ഈസ്റ്റ് ലോഥിയാൻ പ്രവിശ്യയിൽ ഡൺബാർ ബീച്ചിനു സമീപം വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 10.30ന് ആണ് മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച പോസ്റ്റ‌്‌മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകു. ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ തോമസ് സേവ്യറിന്റെയും പരേതയായ മറിയാമ്മയുടെയും മകനായ ഫാ. മാർട്ടിൻ വാഴച്ചിറ ഒരു വർഷം മുൻപാണ് എഡിൻബറ സർവകലാശാലയിൽ ഉപരിപഠനത്തിനായി സ്കോ‌ട്‌ല‌ൻഡിലേക്കു പോയത്.

കോർസ്ട്രോഫിൻ സെന്റ് ജോൺസ് ഇടവക ദേവാലയത്തിന്റെ ചുമതലയും ഉണ്ടായിരുന്നു. 20ന് ഉച്ചയ്ക്കു ശേഷമാണ് ഇടവകയിലെ മുറിയിൽ നിന്നു വൈദികനെ കാണാതായതെന്നാണു സെന്റ് ആൻഡ്രൂസ് ആൻഡ് എഡിൻബറ ആർച്ച്ബിഷപ് ലിയോ വില്യം കഷ്‌ലിയുടെ പ്രതിനിധി സിഎംഐ സഭയുടെ ട്രിവാൻഡ്രം പ്രൊവിൻഷ്യൽ അധികൃതരെ അറിയിച്ചത്.

പാസ്പോർട്ട്, ലാപ്ടോപ് എന്നിവ തുറന്നിട്ടിരുന്ന മുറിയിലുണ്ടായിരുന്നു. ചൊവ്വാഴ്ച സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടിൽ കോടതി തൃപ്തി രേഖപ്പെടുത്തിയാൽ മൃതദേഹം രൂപതാ അധികൃതർക്കു വിട്ടുനൽകും. തുടർന്നാകും നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുക. മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും വേഗത്തിലാക്കുമെന്ന് എഡിൻബറോയിലെ ഇന്ത്യൻ കോൺസൽ ജനറൽ അഞ്ജു രഞ്ജൻ അറിയിച്ചു.

തുടർനടപടികൾക്കായി ലണ്ടനില‍ുള്ള വൈദികർ എഡിൻബറയിലേക്കു തിരിച്ചിട്ടുണ്ടെന്നു സിഎംഐ ട്രിവാൻഡ്രം പ്രൊവിൻഷ്യൽ അധികൃതർ അറിയിച്ചു. ഫാ.മാർട്ടിന്റെ സുഹൃത്തും കോതമംഗലം രൂപതയിലെ വൈദികനുമായ ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പള്ളിൽ ആണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്രമന്ത്രി സുഷമാ സ്വരാജിനു കത്തു നൽകി.

നടപടികൾക്കായി വിദേശകാര്യ മന്ത്രാലയം പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെന്നു കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ഫാ. മാർട്ടിന്റെ സഹോദരങ്ങൾ : പരേതയായ ആൻസമ്മ സേവ്യർ, മറിയാമ്മ സേവ്യർ, തോമസുകുട്ടി സേവ്യർ, ജോസഫ് സേവ്യർ, ആന്റണി സേവ്യർ, റോസമ്മ സേവ്യർ, റീത്താമ്മ സേവ്യർ.