Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസിന്റെ കംപ്യൂട്ടറുകളിൽ വൈറസ് ആക്രമണം; കാരണം സുരക്ഷാ പിഴവ്

hacker

തിരുവനന്തപുരം∙ റൂറൽ എസ്പി ഓഫിസിലെ അൻപതോളം കംപ്യൂട്ടറുകളെ ബാധിച്ച റാൻസംവെയർ പ്രോഗ്രാമിനെക്കുറിച്ചു സൈബർ ഡോമിന്റെ കീഴിലുള്ള റാൻസംവെയർ സ്കൂൾ പഠനം നടത്തും. കഴിഞ്ഞ ദിവസമാണ് മിനിസ്റ്റീരിയൽ ഓഫിസിലെ കംപ്യൂട്ടറുകളിൽ വാനാക്രൈ, പിയെച്ച എന്നിവയ്ക്കു സമാനമായ പ്രോഗ്രാം ശ്രദ്ധയിൽപ്പെട്ടത്.

ഫയലുകൾ എൻക്രിപ്റ്റ് ആകുന്നതിനു മുൻപു തന്നെ ഇവ നീക്കം ചെയ്തു. പിയെച്ച ആക്രമണവുമായി ഇതിനു ബന്ധമില്ലെങ്കിലും ഇവയ്ക്കെല്ലാം കാരണമായ വിൻഡോസിലെ സുരക്ഷാപിഴവ് തന്നെയാകാം ഈ പ്രോഗ്രാമും ഉപയോഗിക്കുന്നതെന്നാണു സൂചന. ഇതിനിടെ, പിയെച്ച മറ്റു റാൻസംവെയർ പ്രോഗ്രാമുകളേക്കാൾ അപകടകാരിയെന്നു വിദഗ്ധർ വിലയിരുത്തി.

റാൻസംവെയറിനോടു പിയെച്ചയ്ക്കു സമാനതകൾ മാത്രമേയുള്ളുവെന്നും ‘വൈപ്പർ’ എന്ന ഇനത്തിലാണ് ഉൾപ്പെടുന്നതെന്നുമാണു കണ്ടെത്തൽ. പിയെച്ച എന്ന പേരിൽ മുൻപുണ്ടായിരുന്ന റാൻസംവെയർ പ്രോഗ്രാം തന്നെയാണിതെന്നായിരുന്നു ആദ്യത്തെ നിഗമനങ്ങളെങ്കിലും പുതിയ പ്രോഗ്രാമിന്റെ കോഡിൽ കാര്യമായ വ്യത്യാസങ്ങളുണ്ടെന്നു പിന്നീടു കണ്ടെത്തി.

റാൻസെവെയർ ഫയലുകൾ എൻക്രിപ്റ്റ് ചെയ്യുകയാണെങ്കിൽ വൈപ്പറിന്റെ പ്രവർത്തനം കൂടുതൽ മാരകമാണ് – അത് ഫയലുകൾ പൂർണമായും നശിപ്പിക്കുന്നു. ഇതുമൂലം ഫയലുകൾ തിരികെ ലഭിക്കുമെന്ന പ്രതീക്ഷ വേണ്ടെന്നാണു സൂചന. അതിനാൽ ഇന്നലെ മോചനദ്രവ്യമായി ഒരു ഡോളർ പോലും പുതിയതായി എത്തിയിട്ടില്ല.

റാൻസംവെയർ എന്നു തെറ്റിധരിപ്പിച്ചു ഫയലുകൾ പൂർണമായി നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമെന്നാണു വിദഗ്ധർ പിയെച്ചയെ വിശേഷിപ്പിക്കുന്നത്. പരിശോധന നടത്തിയ കംപ്യൂട്ടറുകളിലെ വിവരങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. റാൻസംവെയറുകൾക്കു പിന്നിൽ പണമാണ് ലക്ഷ്യമെങ്കിൽ, വൈപ്പറുകളുടെ ലക്ഷ്യം മറ്റുപലതുമാകാം.

ഇതു വൈപ്പറിനു സമാനമായ പ്രോഗ്രാമാണെന്നു സൈബർ സുരക്ഷാ കമ്പനിയായ കാസ്‍പിറസ്കിയും സ്ഥിരീകരിച്ചു. പിയെച്ചയുടെ ആദ്യരൂപം നിർമിച്ചയാളുടെ ട്വിറ്റർ അക്കൗണ്ട് ഇന്നലെ മുതൽ വീണ്ടും പ്രവർത്തനക്ഷമമായി. 2016 മാർച്ച് മുതൽ ട്വിറ്ററിൽ 'ജാനസ്' എന്ന അക്കൗണ്ട് സജീവമല്ലായിരുന്നു.