Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടപടിക്രമം പാലിക്കാതെ കുഞ്ഞിനെ ദത്തെടുത്തെന്ന് കേസ്; പണം നൽകി വാങ്ങിയതെന്ന് ആരോപണം

x-default Representative Image

മഞ്ചേശ്വരം∙ നടപടിക്രമങ്ങൾ പാലിക്കാതെ പിഞ്ചുകു‍ഞ്ഞിനെ ദത്തെടുത്തുവെന്ന പരാതിയിൽ ഭർതൃമതിക്കെതിരെ പൊലീസ് കേസെടുത്തു. ഉപ്പള പത്വാടി സ്വദേശിനിയായ മുപ്പത്തിയാറുകാരിക്കെതിരെ ചൈൽഡ് ലൈനിന്റെ പരാതിയിലാണ് കേസെടുത്തത്.

സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. 18വർഷം മുൻപാണ് യുവതിയുടെ വിവാഹം നടന്നത്. ഇവർക്കു കുട്ടികളില്ല. ഇതേത്തുടർന്നു യുവതിയും ഭർത്താവും ചേർന്നു കുട്ടിയെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. 

കർണാടക ചിത്രദുർഗയിലെ ബന്ധുവിന്റെ മകളുടെ അഞ്ചു മക്കളിൽ 22 ദിവസം പ്രായമുള്ള കുട്ടിയെ അവർക്കു പോറ്റാൻ പറ്റാത്തതിനാൽ വളർത്താനായി പെരുന്നാളിനു രണ്ടു ദിവസം മുൻപു കൊണ്ടുവന്നതാണെന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി. എന്നാൽ, പൊലീസ് ഇതു പൂർണമായി വിശ്വസിച്ചിട്ടില്ല.

യുവതിയുടെ വീട്ടിൽ കുട്ടിയുടെ കരച്ചിൽ കേട്ടതിനെ തുടർന്നു നാട്ടുകാർ ചൈൽഡ്‌ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. 

പിന്നീട്, പൊലീസെത്തി കുട്ടിയെ തളിപ്പറമ്പ് പട്ടുവം സ്നേഹം നികേതനിലേക്കു മാറ്റി. ഇതിനിടെ കുട്ടിയെ പണം കൊടുത്തു വാങ്ങിയതാണെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്. കുട്ടിയുടെ മാതാവിനോടും ബന്ധുക്കളോടും ചിത്രദുർഗയിൽ സ്റ്റേഷനിലേക്ക് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.

ശിശുവിൽപന റാക്കറ്റ് സംഘമാണു കുട്ടിയെ നൽകിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. നവജാതശിശുവിനെ വിൽപന നടത്തിയതിനു കാസർകോട് ടൗൺ സ്റ്റേഷനിലടക്കം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.