Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുസ്‌ലിം, ദലിത്, ന്യൂനപക്ഷ അതിക്രമങ്ങൾക്കു താക്കീതു നൽകി ലീഗ് ദേശീയ റാലി

league-ralley ന്യൂനപക്ഷ, ദലിത് പീ‍‍ഡത്തിനെതിരെ മുസ്‌ലിം ലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച സംഗമം സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് ∙ വർധിച്ചു വരുന്ന മുസ്‌ലിം, ദലിത്, ന്യൂനപക്ഷ അതിക്രമങ്ങൾക്കു താക്കീതായി മുസ്‌ലിം ലീഗ് ദേശീയ റാലിയും സമ്മേളനവും. ഹരിയാനയിലെ ബല്ലാബ്ഗഡിൽ ട്രെയിൻ യാത്രയ്ക്കിടെ കൊല്ലപ്പെട്ട ജുനൈദിന്റെ സഹോദരൻ‍ മുഹമ്മദ് ഹാഷിമിനെ സാക്ഷി നിർത്തി നടന്ന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന അനീതികൾക്കും അക്രമങ്ങൾക്കുമെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്ന് തങ്ങൾ പറഞ്ഞു. രാജ്യത്തിന്റെ നന്മക്കായുള്ള അടിസ്ഥാന കാര്യങ്ങൾക്ക് പ്രാഥമിക പരിഗണന കൊടുക്കേണ്ടതിനു പകരം വർഗീയ, ഫാഷിസ്റ്റ് അജൻഡകൾക്കാണ് കേന്ദ്ര സർക്കാർ പ്രാധാന്യം കൊടുക്കുന്നത്. രാജ്യത്തെ സമാധാനം നിലനിർത്താൻ സമൂഹം മുന്നിട്ടിറങ്ങേണ്ടതുണ്ട്.

ഹിംസയെ അഹിംസ കൊണ്ട് ചെറുത്ത് തോൽപ്പിക്കണം. രാജ്യത്തിന്റെ അഖണ്ഡതയെ തളർത്താൻ അനുവദിക്കില്ല. രാജ്യത്ത് നിലനിൽക്കുന്ന ഇത്തരം വിധ്വംസക പ്രവർത്തനങ്ങളെ ചെറുത്തു തോൽപ്പിക്കണം. ഭയപ്പെടുത്തിയും ഒറ്റപ്പെടുത്തിയും അക്രമത്തിലൂടെയും ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളെ ഉന്മൂലനം ചെയ്യാമെന്നത് വർഗീയ, ഫാഷിസ്റ്റ് ശക്തികളുടെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി അധ്യക്ഷത വഹിച്ചു. രാജ്യത്ത് വർധിച്ചു വരുന്ന മുസ്‌ലിം, ദലിത്, ന്യൂനപക്ഷ വേട്ടയ്ക്കെതിരെ രാജ്യവ്യാപകമായി മുസ്‌ലിം ലീഗ് നടത്തുന്ന ദേശീയ ക്യാംപെയ്ന്റെ ഭാഗമായാണു പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.