Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഫഷനലുകൾ ഇന്ത്യ വിടുന്ന പതിവ് ഇനിയുണ്ടാകില്ല: കേന്ദ്രമന്ത്രി ഹർഷവർധൻ

harshavardhan തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയും ബ്ലൂംബ്ലൂം ഡ്രീംബിസും ചേർന്നു സംഘടിപ്പിച്ച സ്റ്റാർട്ടപ് കോൺക്ലേവ് ഗ്രീൻറൂമിന്റെയും ബി-ഹബ്ബിന്റെയും ഉദ്ഘാടനം കേന്ദ്രമന്ത്രി ഡോ. ഹർഷവർധൻ നിർവഹിക്കുന്നു.

തിരുവനന്തപുരം∙ പ്രതിഭകളായ പ്രഫഷനലുകൾ രാജ്യം വിട്ടുപോകുന്ന പതിവ് ഇനിയുണ്ടാകില്ലെന്നും അവർക്ക് അനുയോജ്യമായ സാഹചര്യമാണ് ഇപ്പോൾ ഇന്ത്യയിലുള്ളതെന്നും കേന്ദ്രമന്ത്രി ഡോ. ഹർഷവർധൻ. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയശേഷം വിദേശത്തു ജോലിചെയ്തിരുന്ന 1500ലേറെ ശാസ്ത്രജ്ഞർ രാജ്യത്തു മടങ്ങിയെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മാർ ബസേലിയസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയും ബ്ലൂം ബ്ലൂം ഡ്രീംബിസും ചേർന്നു സംഘടിപ്പിച്ച സ്റ്റാർട്ടപ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്തെ പ്രഫഷനലുകളെക്കുറിച്ചും യുവാക്കളെക്കുറിച്ചും കേന്ദ്ര സർക്കാരിനു വളരെയേറെ പ്രതീക്ഷയുണ്ട്. സ്റ്റാർട്ടപ് ഇന്ത്യ പോലുള്ള പദ്ധതികൾ ഈ ലക്ഷ്യത്തോടെയുള്ളതാണ്.

ആശയവുമായി എത്തുന്നവരെ, ഉൽപന്നവുമായി വിപണിയിൽ എത്താൻ സഹായിക്കുന്ന തരത്തിലുള്ള പദ്ധതിയാണു നിധി. ഗവേഷണ മേഖലയിൽ ലോക ബാങ്ക് സഹായം നൽകുന്ന ലോകത്തെ ആദ്യ പദ്ധതിയാണ് നാഷനൽ ബയോഫാർമ മിഷൻ. 1500 കോടിയുടേതാണ് ഈ പദ്ധതി. 2020 ആകുമ്പോഴേക്ക് ബയോടെക്‌നോളജി മേഖലയിൽ 1500 സ്റ്റാർട്ടപ്പുകൾ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

അടുത്ത അഞ്ചു വർഷത്തിനിടെ രാജ്യത്ത് അങ്ങോളമിങ്ങോളമായി 150 ജൈവ സാങ്കേതിക കൈമാറ്റ ഓഫിസുകളും 25 ബയോകണക്ട് ഓഫിസുകളും സ്ഥാപിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും ഡോ. ഹർഷവർധൻ പറഞ്ഞു.

കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, ഐടി സെക്രട്ടറി എം.ശിവശങ്കർ, കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ്, ബീറ്റ ഗ്രൂപ്പ് ആൻഡ് ബ്ലൂംബ്ലൂം ചെയർമാൻ ഡോ. ജെ.രാജ്‌മോഹൻ പിള്ള, ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോസ് വി.ജോസഫ്, ബ്ലൂംബ്ലൂം ഡ്രീംബിസ് എംഡി ആർ.അഭിലാഷ്, മാർ ബസേലിയസ് കോളജ് പ്രിൻസിപ്പൽ ഡോ. ടി.എം.ജോർജ് എന്നിവർ പ്രസംഗിച്ചു.

related stories