Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്‌യു പോരാട്ടം, ചാറ്റൽ മഴയിലെ പ്രേമം... വയലാർ രവിക്ക് ആദരവുമായി നേതാക്കൾ

vayalar-ravi-birthday-celebration കൊച്ചിയിൽ നടന്ന വയലാർ രവിയുടെ എൺപതാം ജന്മദിനാഘോഷ ചടങ്ങിൽ നിന്ന്. എ.കെ. ആന്റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എംഎൽഎ, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് തുടങ്ങിയവർ സമീപം.

കൊച്ചി ∙ സ്മരണകളിൽ കെഎസ്‌യുക്കാലമിരമ്പി ഒരു സംഗമം കൂടി. കെഎസ്‌യു സ്ഥാപക നേതാവു കൂടിയായ വയലാർ രവി എംപിയുടെ എൺപതാം ജന്മദിനാഘോഷ വേദി അക്ഷരാർഥത്തിൽ തന്നെ കെഎസ്‌യുവിലൂടെ ഉയർന്നു വന്ന നേതാക്കളുടെ സംഗമമായി. ഡിസിസി രവിയോടുള്ള ആദരസൂചകമായി ഒരുക്കിയ ചടങ്ങിനു സദ്യയോടെയാണു തിരശീല വീണത്.

കോൺഗ്രസിനു മറക്കാൻ കഴിയാത്ത സംഭാവനകൾ നൽകിയ കുടുംബമാണു രവിയുടേതെന്ന ആമുഖത്തോടെയാണു ചടങ്ങ് ഉദ്ഘാടനം ചെയ്ത എ.കെ. ആന്റണി സംസാരിച്ചു തുടങ്ങിയത്. ‘‘1957ലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ ചെയ്തികൾക്കെതിരെ രവിയുടെ പൊട്ടിത്തെറിയും ജോർജ് തരകന്റെ ആലോചനയും സമ്മേളിച്ചപ്പോഴാണു കെഎസ്‌യു ജനിച്ചത്. കെഎസ്‌യുവിനെ വലിയ ശക്തിയാക്കാൻ കേരളമൊട്ടാകെ ഓടിനടന്നതും ഏറ്റവും കഷ്ടപ്പെട്ടതും ത്യാഗം സഹിച്ചതും രവിയാണ്. ആലപ്പുഴക്കാരാണെങ്കിലും രവിയുമായി സൗഹൃദത്തിലാകുന്നതു മഹാരാജാസ് പഠനകാലത്താണ്.

ഒരുമിച്ചു താമസിച്ചു. അക്കാലത്തു രാവിലെ ഒരുമിച്ചു ചായ കഴിക്കാൻ പോകും. ചായ കഴിഞ്ഞാൽ രവി എന്നെ നിർബന്ധിച്ചു തിരിച്ചയയ്ക്കും. എനിക്കു സംശയമായി. മാറി നിന്നു നോക്കി. അതാ, ചാറ്റൽ മഴയിൽ കുട ചൂടി ഒരു ചേച്ചിയും അനിയത്തിയും. രവി ചേച്ചിയുമായി സംസാരിക്കുന്നു. ഞാൻ കണ്ടതു രവിയോടു ചോദിച്ചപ്പോൾ ‘ആരോടും പറയല്ലേ’ എന്നായിരുന്നു മറുപടി.

ആ കൂടിക്കാഴ്ചകളാണു രവിയും മേഴ്സിയും തമ്മിലുള്ള വിവാഹത്തിലെത്തിയത്. വിവാഹ റജിസ്റ്ററിൽ സാക്ഷികളായി ഒപ്പുവച്ചതു ഞാനും എ.സി. ജോസുമായിരുന്നു. സിനിമയിൽ തട്ടിക്കൊണ്ടുവന്നു കല്യാണം കഴിക്കുന്നപോലെ’’ - സദസിൽ ചിരിയുണർത്തി ആന്റണിയുടെ വാക്കുകൾ.

മേഴ്സിയും കുടുംബവുമായുള്ള അകലം കുറച്ച കഥയുമായി ഉമ്മൻചാണ്ടി

രവി - മേഴ്സി കല്യാണത്തിനു ശേഷം മേഴ്സിയും അവരുടെ കുടുംബവും തമ്മിലുണ്ടായ അകലം കുറയ്ക്കാൻ അനുരഞ്ജനത്തിനു നിയോഗിക്കപ്പെട്ട കഥയാണ് ഉമ്മൻ ചാണ്ടി ഓർത്തെടുത്തത്. ‘‘ മേഴ്സിയുടെ അമ്മ സുഖമില്ലാതെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ. മേഴ്സിക്കു കാണണം. പക്ഷേ, അവിടെ ചെന്നാൽ എന്താകും പ്രതികരണമെന്നറിയില്ല. അങ്ങനെ, എന്നെ വിടാൻ തീരുമാനിച്ചു. ഞാൻ അവിടെ ചെന്നു. പുതുപ്പള്ളി ലെയ്നിലെ ലോഡ്ജിലായിരുന്നു കുടുംബാംഗങ്ങളുടെ താമസം. ചെന്നു, സംസാരിച്ചു. അവർ സ്നേഹത്തോടെ സംസാരിച്ചു. പിണക്കമില്ലെന്നു ബോധ്യപ്പെട്ടതോടെ മേഴ്സിയും വന്നു. പിന്നീട്, അവർ വലിയ സ്നേഹത്തിലായി’’ - അദ്ദേഹം പറഞ്ഞു. 

ഏതു സാധാരണ പ്രവർത്തകന്റെയും സുഖദുഃഖങ്ങളിൽ പങ്കുകൊള്ളുന്ന നേതാവാണു രവിയെന്നാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. പുതിയ തലമുറയെ പാർട്ടിയിലേക്ക് ആകർഷിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മറുപടി പ്രസംഗത്തിൽ വയലാർ രവി ചൂണ്ടിക്കാട്ടിയത് അനേകം സാധാരണക്കാരുടെ കൂട്ടായ്മയുടെയും പ്രയത്നത്തിന്റെയും ഫലമാണു കെഎസ്‌യു‌വിന്റെയും യൂത്ത് കോൺഗ്രസിന്റെയും വളർച്ചയെന്നായിരുന്നു. ‘‘കൊല്ലത്തു കെഎസ്‌യുവിനു വേരോട്ടമുണ്ടാക്കാൻ പ്രയത്നിച്ച സി.െക. തങ്കപ്പനെപ്പോലെ അനേകരുടെ പ്രയത്നം മറക്കാനാവില്ല. പാമ്പുകടിയേറ്റാണ് അദ്ദേഹം മരിച്ചത്. ആശുപത്രിക്കിടക്കയിൽ തങ്കപ്പൻ എന്റെ കൈ മുറുകെ പിടിച്ചതു മറക്കാൻ കഴിയില്ല. കെഎസ്‌യുവിന്റെ ശക്തി അന്നത്തെ തലമുറയുടെ ഐക്യമായിരുന്നു. എന്റെ പാർട്ടി എന്ന  വിചാരം യുവാക്കൾക്കുണ്ടാകണം. നമ്മുടെ ശക്തി ഐക്യമാണ്.’’ - അദ്ദേഹം പറഞ്ഞു. ഡിസിസി അധ്യക്ഷൻ ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ, കെ.വി. തോമസ് എംപി, പി.സി. ചാക്കോ, കെഎസ്‌യു സ്ഥാപക പ്രസിഡന്റ് ജോർജ് തരകൻ, അജയ് തറയിൽ, ബി.എ. അബ്ദുൽ മുത്തലിബ് എന്നിവരും പ്രസംഗിച്ചു.