Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി നിലവറ തുറക്കുന്നതിനെ അനുകൂലിച്ചു സർക്കാർ; ക്ഷേത്ര തന്ത്രിയുടെ നിലപാടിനോട് അനുകൂലിക്കുമെന്നു രാജകുടുംബം

padmanabhaswamy

തിരുവനന്തപുരം∙ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാമെന്ന സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അമിക്കസ് ക്യൂറി അടുത്തയാഴ്ച തിരുവിതാംകൂർ രാജകുടുംബവുമായി ചർച്ച നടത്താനിരിക്കെ നിലവറ തുറക്കുന്നതിനെ അനുകൂലിച്ചു സംസ്ഥാന സർക്കാർ.

സുപ്രീം കോടതി ഉത്തരവു നടപ്പാക്കണമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ രാജകുടുംബത്തിന്റെ എതിർപ്പിനുള്ള കാരണമറിയില്ല. ആശങ്ക മനസ്സിലാക്കാൻ രാജകുടുംബാംഗങ്ങളുമായി ചർച്ച നടത്തും. പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സുപ്രീം കോടതിയുടെ നിലപാടാണു സംസ്ഥാന സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ബി നിലവറ തുറക്കുന്നതിനെ അന്ധമായി എതിർക്കില്ലെന്നു തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ പറഞ്ഞു. ക്ഷേത്രത്തിലെ ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തന്ത്രിയുടെ തീരുമാനമാണ് അന്തിമമായി കണക്കാക്കുന്നത്. നിലവറയുടെ കാര്യത്തിൽ തന്ത്രിയുടെ നിലപാട് എന്തായാലും തങ്ങൾ അനുകൂലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ടു രാജകുടുംബത്തിന്റെ നിലപാടിനെതിരെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദനും രംഗത്തെത്തി. നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവർ ആരായാലും അവരെ സംശയിക്കണമെന്നു വിഎസ് പറഞ്ഞു.

ദേവഹിതം നേരിട്ടു ചോദിച്ചു മനസ്സിലാക്കിയതുപോലെയാണു ചിലർ പ്രതികരിക്കുന്നത്. എന്നാൽ, ഇതിനു മുമ്പ് ഇതേ ബി നിലവറ തുറന്നപ്പോൾ ആരും ദേവഹിതം ചോദിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. അപ്പോൾ പ്രശ്‌നം ദേവഹിതമല്ല, വ്യക്തിഹിതമാണെന്നു വ്യക്തമാണെന്നും വിഎസ് പറഞ്ഞു.