Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെക്നോ പാർക്കിലെ കെട്ടിടത്തിനു നികുതിയിളവ്: അഴിമതി ആരോപണം വീണ്ടും തലപൊക്കുന്നു

തിരുവനന്തപുരം ∙ മെ‍ഡിക്കൽ കോളജ് കോഴ വിവാദം ബിജെപിയിൽ തിളച്ചുമറിയുമ്പോൾ ടെക്നോ പാർക്കിലെ തേജസ്വിനി കെട്ടിടത്തിനു നികുതിയിളവു നൽകിയതുമായി ബന്ധപ്പെട്ട ആരോപണം വീണ്ടും തലപൊക്കുന്നു. നികുതിയിളവു കാര്യത്തിൽ ബിജെപി കൗൺസിലർ അധ്യക്ഷയായ കോർപറേഷൻ നികുതി അപ്പീൽ‌കാര്യ സ്​റ്റാൻ‌ഡിങ്‌ കമ്മിറ്റി 4.92 കോടിയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇതിനായും അന്വേഷണക്കമ്മിഷനെ നിയമിക്കുന്ന കാര്യം ബിജെപി സംസ്​ഥാന നേതൃത്വം ആലോചിക്കുന്നുണ്ടെന്നാണു സൂചന.

കോർപറേഷനു കോടികൾ നഷ്​ടം വരുത്തിയാണു തേജസ്വിനി കെട്ടിടത്തിനു നികുതിയിളവു നൽകാൻ സിമി ജ്യോതിഷ് അധ്യക്ഷയായ സ്​റ്റാൻഡിങ്​ കമ്മിറ്റി തീരുമാനമെടുത്തത്. മേയറോ സെക്രട്ടറിയോ അറിയാതെയാണു കമ്മിറ്റി അധ്യക്ഷ തീരുമാനമെടുത്തതെന്നാണ്​ ആരോപണം. പുതിയ കെട്ടിടങ്ങൾക്കുള്ള നികുതി 18% നിരക്കിൽ ഈടാക്കുന്നതിന് 2008 ഒക്ടോബർ 23ലെ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ചു തേജസ്വിനി കെട്ടിടത്തിനു നികുതി നിർണയം നടത്തിയതു കുറച്ചു നൽകണമെന്നു കാണിച്ച് അന്നത്തെ നികുതി അപ്പീൽ കാര്യ കമ്മിറ്റിക്ക് അപേക്ഷ ലഭിച്ചു.

ഈ അപേക്ഷ പരിഗണിച്ചു നികുതി അപ്പീൽ കാര്യ കമ്മിറ്റിയുടെ 2011 സെപ്റ്റംബർ മൂന്നിനു ചേർന്ന യോഗം 2007–08 രണ്ടാം അർധവർഷം മുതൽ 2008–09 ഒന്നാം വർഷം വരെ ആറു ശതമാനം നിരക്കിലും 2008–09 രണ്ടാം അർധവർഷം മുതൽ 18% നിരക്കിലും നികുതി പുനർനിർണയിക്കുന്നതിനു തീരുമാനിച്ചു. അങ്ങനെ തേജസ്വിനി കെട്ടിടത്തിന്റെ നികുതി പ്രതിവർഷം 86,93,640 രൂപ നിരക്കിൽ പുനർനിർണയിച്ചു. സെക്രട്ടറിയുടെ ഈ ഉത്തരവ്​ അട്ടിമറിച്ചുവെന്നാണ്​ ആരോപണം.

സിമി ജ്യോതിഷിന്റെ അധ്യക്ഷതയിൽ 2016 ഡിസംബർ 24നു ചേർന്ന നികുതി അപ്പീൽകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി യോഗത്തിലാണ് ഈ വിഷയം പരിഗണിച്ചു പുതിയ ഉത്തരവു പുറപ്പെടുവിച്ചത്. തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി സെക്‌ഷൻ ക്ലാർക്കിനെ സസ്​പെൻഡ് ചെയ്തു. വിവാദമായതോടെ സിമി ജ്യോതിഷ്​ കൗൺസിലർ സ്​ഥാനം രാജിവയ്ക്കണമെന്നും സംഭവത്തെക്കുറിച്ചു വിജിലൻസ്​ അന്വേഷണം നടത്തണമെന്നും എൽഡിഎഫ് ജില്ലാനേതൃത്വം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സ്വന്തമായി തീരുമാനമെടുത്തിട്ടില്ലെന്നും ഏതന്വേഷണം നടന്നാലും സ്വാഗതം ചെയ്യുന്നുവെന്നും സിമി ജ്യോതിഷ്​ കൗൺസിൽ യോഗത്തിൽ അറിയിച്ചു വിഷയം ഉയർന്നുവന്ന ഘട്ടത്തിൽ ശക്തമായി ഇടപെടുകയും സമരങ്ങൾ നയിക്കുകയും ചെയ്ത എൽഡിഎഫ് ജില്ലാ കമ്മിറ്റി ഇപ്പോൾ വിഷയത്തിൽ കാര്യമായി ഇടപെടുന്നില്ല.