Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നും സമരമുഖത്ത്; ബന്ദിനെതിരെയും പട നയിച്ചു

KE Mammen

തിരുവനന്തപുരം∙ തലസ്ഥാനത്തെ ജനകീയ സമരങ്ങൾക്കെല്ലാം മുന്നണിയിൽ നിന്ന പോരാളിയായിരുന്നു കെ.ഇ.മാമ്മൻ. സെക്രട്ടേറിയറ്റിനു മുന്നിലും മറ്റും ജീവിതപ്രശ്നങ്ങളുമായി സമരത്തിനെത്തുന്നവർക്ക് അദ്ദേഹം എന്നും തണലുമായിരുന്നു. സമരത്തിനെത്തുന്ന പാവപ്പെട്ട കുടുംബങ്ങളുടെയും മറ്റും പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താനും അദ്ദേഹം മുന്നിൽനിന്നു.

മദ്യവിപത്തിനെതിരെയായിരുന്നു ഏറ്റവും വലിയ പോരാട്ടം. മദ്യവിരുദ്ധസംഘടനകൾക്കൊപ്പവും പലപ്പോഴും ഒറ്റയ്ക്കും സമരങ്ങൾ നയിച്ചു. ചാരായം നിരോധിച്ച എ.കെ.ആന്റണി സർക്കാരിനെ അഭിനന്ദിക്കാൻ മുന്നിൽ നിന്ന അദ്ദേഹം പിന്നീട് യുഡിഎഫ് സർക്കാരിന്റെ മദ്യനയങ്ങൾക്കെതിരെ പോരാടി. ഹർത്താലിനും ബന്ദിനുമെതിരെ നടത്തിയ സമരങ്ങൾക്കു കണക്കില്ല. ഒരിക്കൽ കോൺഗ്രസ് ഹർത്താൽ ദിനത്തിൽ നേതാക്കൾ നയിച്ച പ്രകടനത്തിനു മുന്നിലേക്ക് അദ്ദേഹം പ്രതിഷേധവുമായി ചാടിവീണു. ഉന്തിലും തള്ളിലും താഴെ വീണെങ്കിലും നിലപാടിൽ നിന്നു പിന്നോട്ടുപോയില്ല.

രാഷ്ട്രീയത്തിന്റെ നിറം നോക്കാതെ സർക്കാരുകളുടെ പിടിപ്പുകേടുകൾക്കെതിരെ പ്ലക്കാർഡുമായി അദ്ദേഹം സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുമായിരുന്നു. ഗാന്ധിജിയോടുള്ള സർക്കാരിന്റെ അനാദരവും പലപ്പോഴും സമരത്തിനു കാരണമായി. സമരത്തിനു പിന്നണിയിൽ നിൽക്കാൻ ആളുകളുണ്ടോ എന്നതൊന്നും അദ്ദേഹം വകവച്ചില്ല. അനാരോഗ്യം പോലും കണക്കിലെടുക്കാതെയായിരുന്നു പല ഒറ്റയാൾ സമരങ്ങളും. 

സ്വാതന്ത്ര്യസമര പെൻഷൻ പാവങ്ങളുടെ പഠനത്തിന്

ഗാന്ധിയൻ എന്നതിനൊപ്പം മനുഷ്യസ്നേഹി കൂടിയായിരുന്നു കെ.ഇ.മാമ്മൻ. സ്വാതന്ത്ര്യസമരസേനാനി എന്ന നിലയിൽ ലഭിക്കുന്ന പെൻഷൻ മുഴുവൻ പുറത്താരുമറിയാതെ പാവപ്പെട്ടവരുടെ ചികിൽസയ്ക്കും പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാർഥികളുടെ പഠനത്തിനുമായി വീതിച്ചു നൽകുകയായിരുന്നു.

ആരോഗ്യമുള്ള കാലത്ത് എല്ലാ മാസവും ഒന്നാം തീയതി സെക്രട്ടേറിയറ്റിൽ നിന്നു പെൻഷൻ വാങ്ങി അദ്ദേഹം നേരെ എത്തിയിരുന്നത് എതിർവശത്തെ ചെറിയ ചായക്കടയിലായിരുന്നു. കിട്ടുന്ന തുക മുഴുവൻ പലതായി ഭാഗിക്കും. ഇത് എന്തിനെന്നു തിരക്കിയപ്പോഴാണ് അദ്ദേഹം ആ രഹസ്യം വെളിപ്പെടുത്തിയത്– പല കുടുംബങ്ങൾക്കായി കൊടുക്കാനുള്ളതാണ്. കടം വാങ്ങിയതാണോ എന്ന ചോദ്യത്തിനു താൻ ആരോടും കടം വാങ്ങാറില്ലെന്നായിരുന്നു മറുപടി. സർക്കാരിന് അപേക്ഷയുമായി എത്തുന്ന പല കുടുംബങ്ങളുടെയും ദയനീയമായ അവസ്ഥ കണ്ടറിഞ്ഞ് അവരെ സഹായിക്കുകയായിരുന്നു മാമ്മൻ.

മരണമെത്തുന്ന നേരത്തെക്കുറിച്ച് നേരത്തെ പറഞ്ഞു

രോഗബാധിതനായി ആശുപത്രിക്കിടക്കയിൽ കഴിയുമ്പോഴും ഗാന്ധിയൻ ആദർശങ്ങൾ കെ.ഇ.മാമ്മൻ മുറുകെപ്പിടിച്ചു. പക്ഷാഘാതത്തെത്തുടർന്നു നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിൽസ നൽകിയിരുന്നത് ഏറ്റവും മുന്തിയ എസി മുറിയിലായിരുന്നു. ബോധം വീണ്ടെടുത്ത് ആശുപത്രിയിൽ കൂടുതൽ നാൾ കഴിയേണ്ടിവരുമെന്ന് ഉറപ്പായപ്പോൾ അദ്ദേഹം ആദ്യം ആവശ്യപ്പെട്ടത് ആശുപത്രിയിലെ ഏറ്റവും ചെറിയ മുറി തനിക്കുവേണ്ടി മാറ്റിവയ്ക്കാനാണ്. നിംസ് മെഡിസിറ്റി എംഡി ഫൈസൽ ഖാൻ ആദ്യം സമ്മതിച്ചില്ലെങ്കിലും ഒടുവിൽ ഗാന്ധിയന്റെ വാശിക്കു കീഴടങ്ങി. കഴിഞ്ഞ മൂന്നരവർഷത്തോളം അദ്ദേഹം ചെലവഴിച്ചത് അതേ 511–ാം നമ്പർ മുറിയിൽ

മരണം വഴിമാറ്റുന്ന തരത്തിലുള്ള മരുന്നുകളൊന്നും നൽകരുതെന്ന് അദ്ദേഹം ഡോക്ടർമാരോടു ചട്ടം കെട്ടിയിരുന്നു. 1947 ഓഗസ്റ്റ് 15നു മുൻപു മരണം ഉറപ്പിച്ചിരുന്ന തന്നെപ്പോലുള്ളവർക്ക് ഇത്രയും കാലം ജീവിക്കാൻ അവസരം ലഭിച്ചതു മഹാഭാഗ്യമാണെന്ന് അദ്ദേഹം പറയുമായിരുന്നു. വേദന കുറയ്ക്കാനും മറ്റുമുള്ള മരുന്നുകൾ മാത്രമേ കഴിക്കൂ എന്നായിരുന്നു ചിട്ട. വെന്റിലേറ്ററിൽ കിടത്തരുതെന്നും നിർദേശിച്ചിരുന്നു. അവസാനംവരെ ഡോക്ടർമാർ അതു പൂർണമായി പാലിച്ചു. 

സ്കൂൾ കുട്ടികളോടു ഗാന്ധിയെക്കുറിച്ചും സ്വാതന്ത്ര്യസമരത്തെക്കുറിച്ചുമുള്ള കഥകൾ പറഞ്ഞുകൊടുക്കലായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തി. അതിനായി സ്കൂൾ കുട്ടികളെ ആശുപത്രിയിലേയ്ക്കു ക്ഷണിച്ചുവരുത്തുമായിരുന്നു. സദാ കൈവശമുള്ള റേഡിയോയായിരുന്നു മറ്റൊരു കൂട്ട്. ആകാശവാണി വാർത്തകൾ കേട്ട് സർക്കാരിന്റെ തെറ്റായ നിലപാടുകളെ വിമർശിക്കുന്ന പതിവും അവസാനം വരെ തുടർന്നു.

മരണമെത്തുന്ന നേരത്തെക്കുറിച്ച് അദ്ദേഹത്തിനു കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നു ഫൈസൽ ഖാനും നിംസിലെ ഡോക്ടർമാരും പറയുന്നു. അടുത്തയാഴ്ചത്തെ പിറന്നാളിനു മുൻപ് മടങ്ങിപ്പോകുമെന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി അദ്ദേഹം പറയാറുണ്ടായിരുന്നു. പിറന്നാൾ സദ്യ ഉണ്ണാൻ ഭാഗ്യം ലഭിച്ചാലും അന്നു വൈകിട്ടു മടങ്ങുമെന്നും പറഞ്ഞിരുന്നു. വാക്കുകൾ സത്യമാക്കി ആശുപത്രി ജീവനക്കാരുടെ പ്രിയപ്പെട്ട ‘മാമ്മൻ സാർ’ മടങ്ങി.

വഴിമാറിപ്പോയ പത്മ പുരസ്കാരം

പത്മശ്രീ പുരസ്കാരത്തിനു കെ.ഇ.മാമ്മന്റെ പേര് സംസ്ഥാന സർക്കാർ പലവട്ടം കേന്ദ്രസർക്കാരിനു ശുപാർശ ചെയ്തിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷത്തെ പത്മ പുരസ്കാരങ്ങൾക്കായി സംസ്ഥാന സർക്കാർ സമർപ്പിച്ച 24 പേരുടെ പട്ടികയിലും മാമ്മനെ ഉൾപ്പെടുത്തിയിരുന്നു. ഈ പട്ടികയിലെ ആരും പുരസ്കാരങ്ങൾക്കു പരിഗണിക്കപ്പെട്ടില്ല. പുരസ്കാരങ്ങൾക്കും ആദരങ്ങൾക്കും പുറകെ പോകുന്ന വ്യക്തിയായിരുന്നില്ല മാമ്മൻ. അതുകൊണ്ടുതന്നെ വഴിമാറിപ്പോയ പത്മ പുരസ്കാരത്തെക്കുറിച്ച് അദ്ദേഹം ഒരിക്കലും നിരാശപ്പെട്ടിരുന്നതുമില്ല. 

യാത്രയായത് 97–ാം പിറന്നാളിനു മുൻപ്

അടുത്തയാഴ്ച കെ.ഇ.മാമ്മന്റെ 97–ാം പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു ബന്ധുക്കളും നിംസ് ആശുപത്രി അധികൃതരും. അദ്ദേഹത്തിന്റെ കഴിഞ്ഞ മൂന്നു പിറന്നാൾ ആഘോഷങ്ങളും ഇതേ ആശുപത്രിയിലായിരുന്നു. 

കഴിഞ്ഞ വർഷത്തെ പിറന്നാൾ ആഘോഷത്തിന് ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, മേയർ വി.കെ.പ്രശാന്ത്, കെ.ആൻസലൻ എംഎൽഎ, മറിയാമ്മ ഉമ്മൻ ചാണ്ടി തുടങ്ങി ഒട്ടേറെപ്പേർ എത്തി. കഴിഞ്ഞ ജനുവരിയിൽ ഗവർണർ പി. സദാശിവവും പത്നിയും മാമ്മനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. തന്നെ കാണാൻ വരുന്ന അതിഥികൾക്കെല്ലാം മാമ്മന്റെ സമ്മാനം ഒരു ചില്ലിട്ട ചിത്രമായിരുന്നു– ദൈവം കണക്കെ ആരാധിക്കുന്ന ഗാന്ധിജിയുടെ ചിത്രം. 

മനസ്സ് എന്നും സമരരംഗത്ത്

അനാരോഗ്യം മൂലം ആശുപത്രിയിൽ കിടപ്പിലായപ്പോഴും സമരരംഗത്തായിരുന്നു കെ.ഇ.മാമ്മന്റെ മനസ്സ്. ടി.പി.ചന്ദ്രശേഖരൻ വധത്തെത്തുടർന്നു മൂന്നുവർഷം മുൻപ് കെ.കെ.രമ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സത്യഗ്രഹസമരത്തിൽ പങ്കെടുക്കാൻ അദ്ദേഹം ഒരുങ്ങിയെങ്കിലും ആശുപത്രി അധികൃതരും ബന്ധുക്കളും പിന്തിരിപ്പിക്കുകയായിരുന്നു. അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദൻ ആശുപത്രിയിൽ സന്ദർശിക്കാനെത്തിയപ്പോഴും മാമ്മൻ സിപിഎമ്മിനെതിരെ രൂക്ഷവിമർശനമാണു നടത്തിയത്. കോഴിയെ കൊല്ലുന്നതു പോലെ ആയിരുന്നല്ലോ ടിപിയെ വധിച്ചതെന്നായിരുന്നു വിമർശനം. 

അവസാനത്തെ അതിഥിയും ഗാന്ധിയൻ

ഗാന്ധിയൻ ആദർശങ്ങളുടെ പ്രചാരണത്തിനായി വർഷങ്ങളോളം ഒന്നിച്ചു പ്രവർത്തിച്ച പി.ഗോപിനാഥൻ നായരായിരുന്നു കെ.ഇ.മാമ്മന്റെ അവസാനത്തെ അതിഥി. മരണത്തിന് ഏതാനും നിമിഷം മുൻപാണ് ആശുപത്രിയിൽ ഗോപിനാഥൻ നായർ അദ്ദേഹത്തെ സന്ദർശിച്ചത്.

ആരോഗ്യനില മോശമാണെന്നറിഞ്ഞ് എംഎൽഎമാരായ സി.കെ.ഹരീന്ദ്രൻ, കെ.ആൻസലൻ, നെയ്യാറ്റിൻകര നഗരസഭാധ്യക്ഷ ഡബ്ല്യു.ആർ.ഹീബ തുടങ്ങി ഒട്ടേറെ പേർ ഇന്നലെ രാവിലെ ആശുപത്രിയിലെത്തി . മരണവാർത്തയറിഞ്ഞു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവരും.  

ഗവർണർ പ്രണാമമർപ്പിച്ചു

തിരുവനന്തപുരം∙ സ്വാതന്ത്ര്യസമരസേനാനി കെ.ഇ.മാമ്മന് നെയ്യാറ്റിൻകര ആശുപത്രിയിലും കുന്നുകുഴിയിലെ വീട്ടിലുമായി കക്ഷിരാഷ്ട്രീയഭേദമെന്യേ നൂറുകണക്കിനാളുകൾ പ്രണാമങ്ങളർപ്പിച്ചു. 

വാക്കിലും പ്രവൃത്തിയിലും എക്കാലവും ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സാമൂഹിക വിഷയങ്ങളിൽ ആവേശകരവും സമയോചിതവുമായ ഇടപെടലുകളിലൂടെ യുവ തലമുറയെ പ്രചോദിപ്പിച്ച സ്വാതന്ത്ര്യസമരസേനാനിയായിരുന്നു മാമ്മനെന്നു കുന്നുകുഴിയിലെ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ച ഗവർണർ പി.സദാശിവം പറഞ്ഞു.

ദേശീയപ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച ഗാന്ധിയനായിരുന്നു മാമ്മനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാക്കിലും പ്രവൃത്തിയിലും ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മഹാനായിരുന്നു മാമ്മനെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. സത്യത്തിനും നീതിക്കും വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയ അപൂർവ വ്യക്തിയായിരുന്നു മാമ്മനെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. 

പരിശുദ്ധ ബസേലിയസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി , കടകംപള്ളി സുരേന്ദ്രൻ, എ.സി.മൊയ്തീൻ ,തോമസ് ചാണ്ടി, ഇ.ചന്ദ്രശേഖരൻ, എ.കെ.ബാലൻ, മാത്യു ടി.തോമസ്, കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ, കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണി, ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ അനുശോചിച്ചു.