Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാട്ടാനക്കൂട്ടം തിരികെവരാതെ നോക്കാൻ കുങ്കികളുടെ നിരീക്ഷണം

elephant മുണ്ടൂർ വടക്കുംപുറത്ത് കാടിറങ്ങിയ കാട്ടാനകളെ തിരിച്ചു കാട്ടിലേക്കു തുരത്താൻ തമിഴ്നാട്ടിൽ നിന്നെത്തിച്ച കുങ്കിയാന(താപ്പാന) കാടു കയറിയപ്പോൾ

കല്ലടിക്കോട് (പാലക്കാട്) ∙ വടക്കുമ്പുറത്ത് നിന്നു കാട് കയറ്റിവിട്ട ആനകൾ തിരിച്ചിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ കുങ്കിയാനകളെ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരുന്നു. മുണ്ടൂർ ഡിവിഷൻ ഓഫിസിൽ നിന്ന് ഇന്നലെ രാവിലെ 9.30 മുതൽ രണ്ട് കുങ്കിയാനകളുമായി വൈകിട്ട് 5.30 വരെ മലയോര മേഖലയിൽ വനപാലകർ നിരീക്ഷണം നടത്തി. ഒടുവൻകാട്, കയറംകോട്, ഞാറക്കാട്, പാലക്കിഴി തുടങ്ങിയ പ്രദേശങ്ങളിലൂടെയായിരുന്നു തുടർച്ചയായ നിരീക്ഷണം. 

അഗളി റേഞ്ച് ഓഫിസർ ഷെരീഫിന്റെ നേതൃത്വത്തിലുള്ള വനപാലകരാണ് കുങ്കിയാനകൾക്കൊപ്പമുള്ളത്. ഇതിനിടയിൽ ആന തിരിച്ചിറങ്ങിയതായി അഭ്യൂഹങ്ങൾ പരന്നത് നാട്ടുകാരെ ഭീതിയിലാക്കിയതിനൊപ്പം വനപാലകരേയും വലച്ചു.

എന്നാൽ ആനകൾ കാടിറങ്ങാനുള്ള ശ്രമം നടത്തിയിട്ടില്ലെന്നാണ് വനപാലകർ പറയുന്നത്. രണ്ട് കിലോമീറ്റർ ചുറ്റളവിൽ ആനകളുടെ സാമീപ്യം മനസ്സിലാക്കാൻ കുങ്കിയാനകൾക്കാകും. ഇത് വിലയിരുത്തിയാണ് വനാതിർത്തിയിൽ മറ്റ് ആനകൾ ഇല്ലെന്ന് വനപാലകർ പറയുന്നത്. കാട് കയറ്റി വിട്ട ആനകൾ കൂടാതെ വേറെയും ആനകൾ ഇറങ്ങാറുള്ള പ്രദേശമാണ് കല്ലടിക്കോട്, ധോണി മലവാരം. വരും ദിവസങ്ങളിലും കുങ്കിയാനകളോടൊപ്പമുള്ള നിരീക്ഷണം തുടരും.

tusker വാൽപ്പാറയിൽ വനം വകുപ്പിന്റെ പട്രോളിങ് വാഹനത്തിനു നേരെ പാഞ്ഞടുക്കുന്ന ഒറ്റയാൻ

കുങ്കിയാനകൾ പിന്മാറിയപ്പോൾ കാട്ടാനക്കൂട്ടം രാത്രി കാടിറങ്ങി

കല്ലടിക്കോട് (പാലക്കാട്)∙ വടക്കുമ്പുറത്ത് നിന്നു കാട് കയറ്റിവിട്ട ആനകൾ ഇന്നലെ രാത്രി എട്ടിന് വീണ്ടും കാടിറങ്ങി. മുണ്ടൂർ കപ്ലിപ്പാറ കയ്യറ മുല്ലക്കര ഭാഗത്ത് കൃഷിയിടത്തിലാണ് ആനകൾ ഇറങ്ങിയത്. കൂടുതൽ ജനവാസ പ്രദേശത്തേക്ക് എത്താതിരിക്കാനായി വനപാലകർ ജാഗ്രതയിലാണ്. രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ ആനകൾ തിരിച്ചിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ വനപാലകർ കുങ്കിയാനകളുമായുള്ള നിരീക്ഷണം നടത്തിയിരുന്നു. കുങ്കിയാനകൾ മടങ്ങി മണിക്കൂറുകൾക്കു ശേഷമാണ് ആനകൾ വീണ്ടും കാടിറങ്ങിയത്. 

സാധാരണയായി ആനകൾ കാടിറങ്ങുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഒടുവൻകാട്, കയറംകോട്, ഞാറക്കാട്, പാലക്കിഴി തുടങ്ങിയ മലയോര പ്രദേശങ്ങളിലൂടെയായിരുന്നു തുടർച്ചയായ നിരീക്ഷണം. പകൽ സമയത്തും ആനകൾ തിരിച്ചിറങ്ങിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. അഗളി റേഞ്ച് ഓഫിസർ ഷെരീഫിന്റെ നേതൃത്വത്തിലുള്ള വനപാലകരാണ് കുങ്കിയാനകൾക്കൊപ്പം നിരീക്ഷണം നടത്തിയത്.

എന്നാൽ പകൽ സമയത്ത് ആനകൾ കാടിറങ്ങാനുള്ള ശ്രമം നടത്തിയിട്ടില്ലെന്നാണ് വനപാലകർ പറയുന്നത്. രണ്ട് കിലോമീറ്റർ ചുറ്റളവിൽ ആനകളുടെ സാമീപ്യം മനസ്സിലാക്കാൻ കുങ്കിയാനകൾക്കാകും. ഇത് വിലയിരുത്തിയാണ് വനാതിർത്തിയിൽ മറ്റ് ആനകൾ ഇല്ലെന്ന് വനപാലകർ പറഞ്ഞത്. കുങ്കിയാനകൾ പിന്മാറിയപ്പോഴായിരുന്നു രാത്രിയോടെ കാട്ടാനക്കൂട്ടത്തിന്റെ കാടിറക്കം.

pkd-elephant ഒറ്റയാന്റെ ആക്രമണത്തിൽ തകർന്ന വനം വകുപ്പ് വാഹനം

വനംവകുപ്പ് വാഹനത്തിനുനേരെ ഒറ്റയാന്റെ ആക്രമണം

വാൽപ്പാറ∙ വനംവകുപ്പ് പട്രോളിങ് വാഹനത്തിനു നേരെ കാട്ടാനയുടെ ആക്രമണം. കഴിഞ്ഞ മൂന്നു ദിവസമായി വെള്ളമല ചോലപ്പടിയിൽ തമ്പടിച്ചിരുന്ന ഒറ്റയാനെ വിരട്ടിയോടിക്കുവാൻ ചെന്ന വാൽപ്പാറ റേഞ്ചിന്റെ പട്രോളിങ് വാഹനത്തിന്റെ കണ്ണാടിച്ചില്ലുകൾ തകർന്നു.

കഴിഞ്ഞ ചൊവ്വാഴ്ച മുതൽ വെള്ളമലയിലെ ചോലപാടി തോട്ടം മേഖലയിൽ തൊഴിലാളികളുടെ പാർപ്പിടപ്രദേശങ്ങളിലും വാഴത്തോട്ടങ്ങളിലുംകയറിയിറങ്ങി നാശം വിതയ്ക്കുകയായിരുന്നു ഒറ്റയാൻ. വനംവകുപ്പ് റേഞ്ച് ഓഫിസർ ശക്തിവേൽ, ഫോറസ്റ്റർ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഒറ്റയാനെ തുരത്താൻ നടത്തിയ ശ്രമത്തിനിടയിലാണ് ആക്രമണം. കാട്ടാനയെ തുരത്താൻ കുങ്കിയാനകളെ കൊണ്ടുവരണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.