Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിരപ്പിള്ളി: അഭിപ്രായ സമന്വയം വേണമെന്ന് ഉമ്മൻ ചാണ്ടി

oommen-chandy

കോഴിക്കോട്∙ അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് ഭരണകക്ഷിയിൽത്തന്നെ എതിർപ്പുകളുള്ള സ്ഥിതിക്ക് ചർച്ചയിലൂടെ അഭിപ്രായ സമന്വയമുണ്ടാക്കണമെന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പരിസ്ഥിതി സംരക്ഷണം വളരെ പ്രധാനമാണ്. പ്രകൃതി സംരക്ഷിച്ചുകൊണ്ടുള്ള നാടിന്റെ വികസനവും അതുപോലെതന്നെ പ്രധാനമാണെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

ഇടതു സർക്കാരിന്റെ മദ്യനയം സമൂഹത്തിനു ഗുണം ചെയ്യില്ല. കേരളത്തിൽ ആളോഹരി മദ്യ ഉപഭോഗം അമിതമായി വർധിച്ചപ്പോഴാണ് കഴിഞ്ഞ സർക്കാർ മദ്യനിയന്ത്രണം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഉമ്മൻ ചാണ്ടിയുടെ നിലപാടു സ്വാഗതാർഹം: മന്ത്രി എ.കെ. ബാലനും എം.എം. മണിയും

വടകര∙ അതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ പ്രസ്താവന സ്വാഗതാർഹമാണെന്ന് മന്ത്രി എ.കെ. ബാലനും മന്ത്രി എം.എം. മണിയും പറഞ്ഞു.

നിലവിൽ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുകയല്ല പദ്ധതിക്കായുള്ള പാരിസ്ഥിതിക അനുമതി പുതുക്കുകയാണ് ചെയ്തതെന്നു മന്ത്രി എ.കെ. ബാലൻ പറഞ്ഞു.

അതിരപ്പള്ളി പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്നും എല്ലാവരെയും സഹകരിപ്പിച്ചുകൊണ്ടു പദ്ധതിയുമായി മുന്നോട്ടുപോകാൻ ശ്രമിക്കുമെന്നും മന്ത്രി മണി പറഞ്ഞു. സമവായത്തിലൂടെ പദ്ധതി നടപ്പാക്കാനാണു സർക്കാർ ശ്രമിക്കുന്നത്. ഇതിനിടെ ചിലർ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. കേരളത്തിന് ആവശ്യമായ വൈദ്യുതി നിലവിലില്ല. വൈദ്യുതി ആവശ്യമുണ്ടായിട്ടും അതിരപ്പള്ളി പദ്ധതി വേണ്ടെന്നു പറയുന്നതു പ്രായോഗികമല്ലെന്നും മന്ത്രി കട്ടപ്പനയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

സിപിഎമ്മും കോൺഗ്രസും ഇരട്ടത്താപ്പ് ഉപേക്ഷിക്കണം: കുമ്മനം

തിരുവനന്തപുരം∙ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ടു സിപിഎമ്മും കോൺഗ്രസും ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പദ്ധതി സംബന്ധിച്ചുള്ള യഥാർഥ നിലപാട് ജനങ്ങളോടു തുറന്നുപറയാൻ ഇരുകൂട്ടരും തയാറാകണം.

പദ്ധതിക്കെതിരെ ജനരോഷം ശക്തമാണെന്നു കണ്ടപ്പോൾ അതു തണുപ്പിക്കാനാണു രണ്ടു പാർട്ടികളിലെയും ഒരു വിഭാഗത്തെക്കൊണ്ട് എതിർ പ്രസ്താവനകൾ ഇറക്കുന്നത്. പദ്ധതിക്കെതിരെ പ്രസ്താവന നടത്തുമ്പോൾത്തന്നെ പിൻവാതിലിൽക്കൂടി അതിന് അനുമതി വാങ്ങാനും ശ്രമം നടക്കുന്നുണ്ട്.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയുമായിരുന്ന കഴിഞ്ഞ സർക്കാരിന്റെ സമയത്ത് അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തിനു കത്തയച്ചിരുന്നു. സംസ്ഥാനത്തിനു പദ്ധതി അങ്ങേയറ്റം ഗുണകരമാണെന്നാണ് അന്നു കത്തിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ, പദ്ധതിക്കു കോൺഗ്രസ് എതിരാണെന്നായിരുന്നു നേരത്തേ രമേശ് ചെന്നിത്തല നിയമസഭയിൽ വ്യക്തമാക്കിയത്.

ഇതിൽ ഏതാണു ജനം വിശ്വസിക്കേണ്ടതെന്നു നേതാക്കൾ വ്യക്തമാക്കണം. ഇതുതന്നെയാണ് ഇടതുപക്ഷത്തെ അവസ്ഥയും. പദ്ധതിക്കുള്ള പ്രാരംഭ നടപടികളുമായി മന്ത്രി മുന്നോട്ടു പോകുമ്പോൾ വി.എസ്.അച്യുതാനന്ദനും സിപിഐയും എതിർപ്പുമായി രംഗത്തുവരുന്നതു ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്നും കുമ്മനം കുറ്റപ്പെടുത്തി.