Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാട്ടാന ശല്യത്തിനു പെരിയ- കൊട്ടിയൂർ ആനത്താര പരിഹാരം: വനം വകുപ്പ്

കൊച്ചി∙ പെരിയ - കൊട്ടിയൂർ ആനത്താര പുനഃസ്ഥാപിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണെന്നും പൂർത്തിയായാൽ വടക്കൻ കേരളത്തിൽ കാട്ടാനകൾ നാട്ടിലിറങ്ങുന്നതു ഫലപ്രദമായി തടയാൻ കഴിയുമെന്നും വനംവകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. മേയ് 30ന് അഗളിയിൽ പിടികൂടിയ കാട്ടാനയെ ക്രൂരമായി പീഡിപ്പിച്ചെന്ന് ആരോപിച്ചും ഇതിനെ കോടനാട്ടേക്കു മാറ്റിയ നടപടി തെറ്റാണെന്നും ചൂണ്ടിക്കാട്ടി എൽസ ഫൗണ്ടേഷൻ നൽകിയ ഹർജിയിലാണു വനം വകുപ്പ് സത്യവാങ്മൂലം നൽകിയത്.

പെരിയ - കൊട്ടിയൂർ ആനത്താരയ്ക്കായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. പൂർത്തിയാകുമ്പോൾ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായുള്ള വനമേഖലയെ ബന്ദിപ്പൂർ, നാഗർഹോള കടുവാ സങ്കേതങ്ങളുമായും തമിഴ്നാട്ടിലെ മുതുമല ഉൾപ്പെടെയുള്ള വനമേഖലയുമായും ബന്ധിപ്പിക്കാൻ കഴിയും. ഇതോടെ കാട്ടാനകൾ നാട്ടിലിറങ്ങുന്നത് ഒഴിവാക്കാനാകുമെന്നും പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ കെ.ടി. വർഗീസ് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

അഗളിയിൽ പിടികൂടിയ ആനയെ ക്രൂരമായി ഉപദ്രവിച്ചെന്ന ഹർജിയിലെ ആരോപണങ്ങൾ ശരിയല്ല. 2016 മാർച്ച് മുതൽ കഴിഞ്ഞ ഏപ്രിൽ വരെയുള്ള കാലയളവിൽ ഏഴുപേരെ ആന കൊലപ്പെടുത്തി. ഈ ആന ജനവാസകേന്ദ്രങ്ങളിൽ തുടർച്ചയായി നാശം വിതയ്ക്കുന്നതു കണക്കിലെടുത്താണു പിടികൂടി കോടനാട്ടേക്കു മാറ്റിയത്. വാലിനും കാലിനും പരുക്കേറ്റ ആനയ്ക്കു കാട്ടിനുള്ളിൽ സ്വാഭാവിക ജീവിതം നയിക്കാനാവില്ല.

ഇതിനാൽ കാട്ടിലേക്കു കയറ്റി വിടുന്നത് ഫലപ്രദമാവില്ല. ഈ ആനയല്ല മനുഷ്യരെ കൊന്നതെന്ന ഹർജിയിലെ വാദം ശരിയല്ലെന്നും വനം വകുപ്പു ചൂണ്ടിക്കാട്ടി.