Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിരപ്പിള്ളി: ചർച്ചയ്ക്ക് ഉടൻ സാധ്യതയില്ല

Athirappilly

തിരുവനന്തപുരം∙ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നതിനെ ഒരു വിഭാഗം ശക്തമായി എതിർക്കുന്ന സാഹചര്യത്തിൽ ഉടനെ അനുരഞ്ജന ചർച്ചകൾക്കു സാധ്യതയില്ല. അതേസമയം, വൈദ്യുതി ബോർഡ് നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ പൂർത്തിയാക്കി മുന്നോട്ടുപോകുമെന്നറിയുന്നു.

നിശ്ചിത സമയ പരിധിക്കുള്ളിൽ പദ്ധതിയുടെ നിർമാണം തുടങ്ങിയതായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ വൈദ്യുതി ബോർഡ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഇനി പരിസ്ഥിതി അനുമതിയുടെ ആവശ്യമില്ല.

സംസ്ഥാനത്ത് ജലവൈദ്യുതി ഉൽപാദനം ആകെ ഉപയോഗത്തിന്റെ 15% ആയി കുറഞ്ഞ സാഹചര്യത്തി‍ൽ കൂടുതൽ ജലവൈദ്യുതി പദ്ധതികൾ ആവശ്യമാണെന്ന നിലപാടിലാണു ബോർഡ്. 163 മെഗാവാട്ട് ആണ് അതിരപ്പിള്ളിയിൽ ഉൽപാദിപ്പിക്കുക. അവിടെ വനം വകുപ്പിന്റെ അനുമതിക്കുള്ള പണം വൈദ്യുതി ബോർഡ് അടച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പദ്ധതിക്ക് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ വരുന്നുണ്ട്.

പദ്ധതിയോടു പഴയ പോലെ എതിർപ്പ് സമൂഹമാധ്യമങ്ങളിൽ ഇല്ലെന്നു ബോർ‍ഡ് വിലയിരുത്തുന്നു. വിവിധ രാഷ്ട്രീയകക്ഷികളിൽ പദ്ധതിയെ അനുകൂലിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായും അവർ ചൂണ്ടിക്കാട്ടി. കുറേക്കൂടി അനുകൂല അന്തരീക്ഷം രൂപപ്പെട്ട ശേഷമേ അനുരഞ്ജന ചർച്ച കൊണ്ടു പ്രയോജനമുള്ളൂവെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.