Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.സി.ജോർജിനെതിരെ നിയമസഭാ എത്തിക്സ് കമ്മിറ്റി നടപടിക്ക്; കമ്മിറ്റിയിൽ ജോർജും അംഗം

pc-george

തിരുവനന്തപുരം ∙ കൊച്ചിയിൽ ആക്രമണത്തിനിരയായ നടിക്കെതിരെ പി.സി.ജോർജ് എംഎൽഎ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളെച്ചൊല്ലി വിവാദം പുകയുന്നു. ജോർജിന്റെ പരാമർശങ്ങളുമായി ബന്ധപ്പെട്ട വിഷയം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിയമസഭയുടെ എത്തിക്സ് കമ്മിറ്റിക്കു വിട്ടു.

24നു നടക്കുന്ന യോഗത്തിനുശേഷമാകും നടപടി തീരുമാനിക്കുക. പരാമർശങ്ങൾക്കെതിരെ രംഗത്തു വന്ന സ്പീക്കർ ഒരാളെ മാത്രം തിരഞ്ഞുപിടിച്ചു വിമർശിക്കുന്നതിനെതിരെ പി.സി.ജോർജ് ഫെയ്സ്ബുക്കിൽ പ്രതികരിച്ചു.

വിമർശനം രാഷ്ട്രീയ മനസ്സോടെയാണ്. ഒരേ സ്‌ഥാനത്തിരിക്കുന്ന എല്ലാവരെയും ഒരുപോലെ കാണാൻ ബാധ്യതയുള്ള ഒരാൾ, ഒരാളെ മാത്രം തിരഞ്ഞുപിടിച്ചു പരാമർശിക്കുന്നതു വ്യവസ്‌ഥിതിയെ ഗുണപ്പെടുത്താനാണെന്നു വിശ്വസിക്കുന്നില്ല – ജോർജ് പറഞ്ഞു. എന്നാൽ, അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നതായി സ്പീക്കർ തിരിച്ചടിച്ചു.

വിഷയത്തിൽ സ്വമേധയാ കേസെടുത്ത വനിതാ കമ്മിഷനെ അപമാനിക്കാൻ ശ്രമിച്ച പി.സി.ജോർജിനോടുള്ള അതൃപ്തി അറിയിച്ച് കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ സ്പീക്കർക്കു കത്തു നൽകി. കമ്മിഷൻ വിളിപ്പിച്ചാലും സൗകര്യമുണ്ടെങ്കിൽ മാത്രം മൊഴി നൽകുമെന്നായിരുന്നു ജോർജിന്റെ പരിഹാസം.

ഇന്നലെ ജോർജിന്റെ മൊഴിയെടുക്കാൻ അനുവാദം നൽകണമെന്നു സ്പീക്കറോടു കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. എത്തിക്സ് കമ്മിറ്റിയിലെ അംഗംകൂടിയാണു പി.സി.ജോർജ്. അന്വേഷണ ഘട്ടത്തിൽ കമ്മിറ്റിയിൽനിന്നു മാറിനിൽക്കേണ്ടിവരുമെന്നാണു സൂചന.