Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടവണ്ണയിലും മമ്പാടും ഉരുൾപൊട്ടി

malapuram-landslide എടവണ്ണ ചാത്തല്ലൂർ ചോലാർമലയിലെ ആദിവാസി കോളനിക്കു സമീപം ഉരുൾപൊട്ടിയ പ്രദേശം. താഴെയുള്ള ഗോപാലന്റെ വീട്ടിനുള്ളിലേക്കാണു മണ്ണ് ഒലിച്ചിറങ്ങിയത്. ചിത്രം: ടി.പ്രദീപ് കുമാർ

ചാത്തല്ലൂർ (മലപ്പുറം) ∙ എടവണ്ണ പഞ്ചായത്തിലെ മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപകനാശം. മണ്ണും ചെളിയുമടിഞ്ഞ് അഞ്ചിലേറെ വീടുകൾ താമസയോഗ്യമല്ലാതായി. ഇരുപത്തിയഞ്ചിലേറെ വീടുകൾക്കു കേടുപറ്റി. കോഴിഫാമിലെ എട്ടു ദിവസം പ്രായമായ 4635 കോഴിക്കുഞ്ഞുങ്ങൾ ഒഴുകിപ്പോയി. ഏക്കർ കണക്കിനു സ്‌ഥലത്തെ കൃഷി നശിച്ചു. അർധരാത്രിക്കു ശേഷം പെയ്‌ത കനത്തമഴയിലാണ് ഉരുൾപൊട്ടലുണ്ടായത്. ചോലാർമല, കപ്പക്കല്ല്, കാവിലട്ടി പ്രദേശങ്ങളിലാണ് ഉരുൾപൊട്ടിയത്.

അരീക്കോട് ഓടക്കയം കൂരീരി ആദിവാസി കോളനിക്ക് സമീപവും മമ്പാട് പുള്ളിപ്പാടം വില്ലേജിലെ കാരച്ചാലിന് സമീപം ഈങ്ങാപാലി, മങ്ങാട് മലകളിലും ഉരുൾപൊട്ടലുണ്ടായി. ചോലാർമല ആദിവാസി കോളനിക്കു 100 മീറ്റർ മുകളിലാണു കനത്ത മണ്ണിടിച്ചിലുണ്ടായത്. വെള്ളത്തോടൊപ്പം മണ്ണും ചെളിയും മരങ്ങളും ഒഴുകിയെത്തി. തലനാരിഴയ്‌ക്കാണു കോളനിയിലെ ഗോപാലനും ഭാര്യയും മൂന്നു പെൺകുട്ടികളുമടങ്ങുന്ന കുടുംബം രക്ഷപ്പെട്ടത്.

ഉരുൾപൊട്ടിയെത്തിയ വെള്ളം ഗോപാലന്റെ വീടിനകത്തുകൂടിയും വശങ്ങളിലൂടെയും കുത്തിയൊഴുകി. വീടിന്റെ പിൻഭാഗത്ത് ഒരാൾ പൊക്കത്തിൽ മണ്ണടിഞ്ഞു. ഇവരെ മാറ്റിപാർപ്പിക്കാൻ നടപടി സ്വീകരിച്ചു. കോളനിയിലെ ദേവദാസ് വീട് നിർമാണത്തിനായി ഇറക്കിയ മെറ്റലും മണലും മറ്റു സാമഗ്രികളും ഒലിച്ചുപോയി. ചന്ദ്രികയുടെ വീട്ടുകിണർ മണ്ണുവീണു മൂടി. കപ്പക്കല്ല് ചരപ്പറമ്പ് മുസ്‌തഫയുടെ കോഴിഫാമാണു തകർന്നത്. ഫാമിലേക്ക് ഒരാൾ പൊക്കത്തിൽ മലവെള്ളം ഒലിച്ചെത്തി. മൂന്നര ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായി മുസ്‌തഫ പറയുന്നു. കപ്പക്കല്ല് ഉണ്ണീരാന്റെ വീടും താമസയോഗ്യമല്ലാതായി.