Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാട്ടാനയുടെ ആക്രമണത്തിൽ മാവോയിസ്റ്റ് വനിത മരിച്ചു

latha-death കൊല്ലപ്പെട്ട ലത

പാലക്കാട് / മലപ്പുറം ∙ നാടുകാണി വനത്തിൽ മാവോയിസ്‌റ്റ് വനിതാ നേതാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തൽ. സിപിഐ (മാവോയിസ്‌റ്റ്) പശ്‌ചിമ ഘട്ടത്തിൽ പ്രവർത്തിക്കുന്ന ഭവാനി ദളത്തിലെ അംഗം മലമ്പുഴ കൊട്ടേക്കാട് കാഞ്ഞിരക്കടവ് സ്വദേശി ലതയാണു (മീര– 48) മരിച്ചത്.
ഓഗസ്റ്റ് ആറിനു വൈകിട്ട് ആറിനും ആറരയ്ക്കുമിടയിലാണു സംഭവമെന്നു പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ പേരിൽ ഇറക്കിയ ലഘുലേഖയിൽ പറയുന്നു.

വൈദ്യസഹായത്തിന് അവസരം ലഭിച്ചില്ലെന്നും മൃതദേഹം പാർട്ടി ബഹുമതികളോടെ വനത്തിൽ സംസ്‌കരിച്ചുവെന്നും  ബന്ധുക്കളെയും സുഹൃത്തുക്കളെയും വിപ്ലവ പ്രവർത്തകരെയും കാണിക്കാൻ കഴിയാത്തതിൽ ഖേദം രേഖപ്പെടുത്തുന്നുവെന്നും പറയുന്നു. പൊലീസോ വനപാലകരോ അറിഞ്ഞിരുന്നില്ലെന്നാണു വിവരം. ഓഗസ്റ്റ് 25ന് ഇറങ്ങിയ ലഘുലേഖ ഇന്നലെയാണു പൊലീസിനു ലഭിച്ചത്. മൃതദേഹം സംസ്‌കരിച്ച സ്‌ഥലം കേരളത്തിന്റെ വനത്തിലാണെങ്കിൽ കണ്ടെത്തണമെന്ന ആലോചന പൊലീസിനുണ്ട്.

മാവോയിസ്‌റ്റ് പ്രവർത്തകനായിരുന്ന രവീന്ദ്രനുമായുള്ള വിവാഹത്തിനു ശേഷം 1996 മുതലാണു ലത വിപ്ലവ പ്രസ്‌ഥാനത്തിൽ സജീവമാകുന്നത്. 2002 മേയിൽ തിരുവനന്തപുരത്ത് എഡിബിയുടെ നോഡൽ ഓഫിസ് തകർത്ത കേസിൽ അറസ്റ്റിലായിരുന്നു. 2004ൽ ഒളിവു പ്രവർത്തനം തുടങ്ങി. രവീന്ദ്രന്റെ മരണത്തിനു ശേഷം മാവോയിസ്‌റ്റ് നേതാവ് പാണ്ടിക്കാട് സി.പി. മൊയ്‌തീൻ വിവാഹം ചെയ്‌തു. കുട്ടികളില്ല. 2014ലാണു പശ്‌ചിമഘട്ട വിഭാഗത്തിൽ അംഗമാകുന്നത്.

മാവോയിസ്റ്റ് നേതാവ് സിനോജ് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മൊയ്തീന്റെ കൈയ്ക്കും പരുക്കേറ്റതായാണു പൊലീസിനു ലഭിച്ച വിവരം. അട്ടപ്പാടിയിൽ വനംവകുപ്പിന്റെ ഓഫിസ് കത്തിച്ചതുൾപ്പെടെയുള്ള സംഭവങ്ങളിൽ ലതയുടെ സാന്നിധ്യമുണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു.

മരണം മുൻപും

∙  കാടിനകത്തു മരിക്കുന്ന പ്രവർത്തകരുടെ വിവരം മുൻപും മാവോയിസ്‌റ്റുകൾ പത്രക്കുറിപ്പിലൂടെയും ലഘുലേഖയിലൂടെയും  അറിയിച്ചിട്ടുണ്ട്. മലയാളി സിനോജിന്റെയും കർണാടകക്കാരൻ ജെ.എം. കൃഷ്‌ണയുടെയും മരണം പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്. സിനോജ് ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ 2014 ജൂൺ 16ന് കേരള – തമിഴ്‌നാട് വനാതിർത്തിയിലും ജെ.എം. കൃഷ്‌ണ കാട്ടാനയുടെ ആക്രമണത്തിൽ കർണാടകയിലെ മുതുമല വനത്തിൽ 2015 മാർച്ച് ആറിനുമാണു മരിച്ചതെന്നായിരുന്നു മാവോയിസ്‌റ്റുകളുടെ വെളിപ്പെടുത്തൽ. ഇവരുടെ മൃതദേഹം പൊലീസിനു കണ്ടെടുക്കാനായില്ല.