Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുരുത്തിലെ ചതുപ്പിൽ കുടുങ്ങിയ ആന വീണ്ടും പുറംലോകത്ത്

alpy-elephant മടക്കം: തുറവൂരിനു സമീപം അനന്തൻകരിയിൽ കഴിഞ്ഞ ദിവസം ചതുപ്പിൽ ചാടിയ ശേഷം കരകയറ്റിയ ആനയെ പുളിത്തറക്കടവ് പാലത്തിലൂടെ തുരുത്തിൽനിന്നു പുറത്തേക്കു കൊണ്ടുവരുന്നു. ചിത്രം: മനോരമ

തുറവൂർ (ആലപ്പുഴ) ∙ ലോറിയിൽ കൊണ്ടുപോകുമ്പോൾ ദേശീയപാതയിൽ വച്ചു ചാടിയിറങ്ങി വിരണ്ടോടി അനന്തൻകരി തുരുത്തിൽ കുടുങ്ങിയ ആന ‘മുല്ലയ്ക്കൽ ബാലകൃഷ്ണനെ’ സുരക്ഷിതമായി ദ്വീപിനു പുറത്തെത്തിച്ചു. രണ്ടു കാലുകളിലും ചങ്ങലയിട്ടു ബന്ധിച്ചശേഷം മുൻകാലിലും പിൻകാലിലും വലിയ വടം നീട്ടിക്കെട്ടി ഇരുഭാഗത്തു നിന്നും പതിനഞ്ചോളം പേർ വീതം വലിച്ചു പിടിച്ചാണു ആനയെ തുരുത്തിൽ നിന്നുള്ള മൺനടപ്പാതയും വീതികുറഞ്ഞ ചെറുപാലവും കടത്തിയത്.

പാതയുടെ ഇരുഭാഗത്തുമുണ്ടായിരുന്ന ആളുകളെയും വാഹനങ്ങളെയും ഒഴിപ്പിച്ചും വീടുകളുടെ ഗേറ്റുകൾ പൂട്ടിയും സുരക്ഷിതമാക്കിയ ശേഷമാണു ആനയുടെ ചങ്ങലയഴിച്ചത്. തുടർന്നു നടത്തി കൊണ്ടുവന്ന് അനന്തൻകരിയിൽ നിന്ന് അര കിലോമീറ്ററോളം അകലെ വളമംഗലം വടക്ക് ജംക്‌ഷനിലെ വൻമരത്തിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആനയെ ബന്ധിച്ചു. ഇവിടെ നിന്നു ലോറിയിൽ കയറ്റി ആലപ്പുഴയിലേക്കു കൊണ്ടുപോകുകയാണു ലക്ഷ്യം.

ലോറിയിൽ കയറ്റാൻ ഇന്നലെ വൈകിട്ടു രണ്ടു തവണ നടത്തിയ ശ്രമവും പരാജയപ്പെട്ടു. അവശനായ ആനയ്ക്കു ഡോക്ടർമാർ ചികിൽസ നൽകുന്നുണ്ട്. ചതുപ്പിലെ ചെളിയിൽ 15 മണിക്കൂറോളം പൂണ്ടുകിടന്ന ആനയെ ചൊവ്വാഴ്ച രാത്രി എട്ടരയോടെ കരയ്ക്കു കയറ്റിയെങ്കിലും അക്രമം കാട്ടിയതിനെ തുടർന്നു സമീപത്തെ തെങ്ങിൻ തളച്ചു. ഇവിടെയും ആന ചെളിയിൽ താഴാൻ തുടങ്ങിയത് ആശങ്ക സൃഷ്ടിച്ചു. തുടർന്നു തെങ്ങിൻതടികളും മണൽചാക്കും മറ്റുമിട്ടു താൽക്കാലികമായി തറ ബലപ്പെടുത്തി ഒരുവിധം ആനയെ താങ്ങി നിർത്തുകയായിരുന്നു. 44 മണിക്കൂറിനു ശേഷമാണ് ആനയെ ഇവിടെ നിന്നു പുറത്തിറക്കാനായത്.

ഇന്നലെ രാവിലെ ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. സി.ജയകുമാറിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ ആനയെ പരിശോധിച്ച ശേഷമാണു രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്. തുടർന്നു വൈകിട്ടു മൂന്നരയോടെ ആനയെ പുറത്തേക്കിറക്കി. ആനയെ അലക്ഷ്യമായി കൊണ്ടുവന്നു എന്നാരോപിച്ച് ഒന്നാം പാപ്പാൻ ശിവദാസ പണിക്കർ, രണ്ടാം പാപ്പാൻമാരായ അനിൽകുമാർ, റെനി, ലോറി ഡ്രൈവർ എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തു.