Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്ധിയില്ലാ സമരം; ലക്ഷ്യം കുട്ടികളുടെ സുരക്ഷ: കൈലാഷ് സത്യാർഥി

kailash-sathyarthi1 സമരം, സുരക്ഷ ഉറപ്പാകുംവരെ: കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കും കുട്ടിക്കടത്തിനുമെതിരെ സമരപ്രഖ്യാപനവുമായി നെ‍ാബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് യാത്ര തിരുവനന്തപുരം മാനവീയം വീഥിയിൽ സ്വീകരണങ്ങൾ ഏറ്റുവ‍ാങ്ങി ടഗോർ തിയറ്ററിലേക്കു നീങ്ങുന്നു. ചിത്രം: മനോരമ.

തിരുവനന്തപുരം∙ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ സർക്കാരും സമൂഹവും ഒന്നിച്ചു പോരാടണമെന്ന ആഹ്വാനത്തോടെ നൊബേൽ പുരസ്കാര ജേതാവ് കൈലാഷ് സത്യാർഥി നയിക്കുന്ന ഭാരത‍് യാത്ര കേരളത്തിൽ. കുട്ടികളുടെ സുരക്ഷയ്ക്കായി സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിക്കുകയാണെന്നു സത്യാർഥി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.കെ.ശൈലജ എന്നിവരുൾപ്പെടെ ആയിരങ്ങൾ യാത്രയിൽ പങ്കാളികളായി. ദൈവത്തിന്റെ നാടാണു കേരളമെന്നും ഇവിടത്തെ കുട്ടികളിൽ ദൈവത്തിന്റെ സാന്നിധ്യമറിയുന്നുവെന്നും സത്യാർഥി പറഞ്ഞു. ഇന്ത്യയിൽ ഓരോ മണിക്കൂറിലും രണ്ടു കുട്ടികൾ വീതം പീഡിപ്പിക്കപ്പെടുകയും എട്ടു കുട്ടികളെ വീതം കാണാതാവുകയും ചെയ്യുന്നു. ഒരു കുട്ടി അപകടത്തിലാണെങ്കിൽപോലും ഇന്ത്യ അപകടത്തിലാണെന്നാണ് അർഥം.

kailash-sathyarthi നെ‍ാബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി തിരുവനന്തപുരത്ത് ടഗോർ തിയറ്ററിൽ കുട്ടികളുമായുള്ള മുഖാമുഖം പരിപാടിക്കെത്തിയപ്പോൾ. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണത്തിനും കുട്ടിക്കടത്തിനുമെതിരെ സത്യാർഥിയുടെ നേതൃത്വത്തിൽ കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിൽ നിന്ന് തുടങ്ങിയ ഭാരത് യാത്രയുടെ ഭാഗമായിട്ടായിരുന്നു മുഖാമുഖം.

കുട്ടികൾക്കു സുരക്ഷിതത്വമുള്ള രാജ്യം കെട്ടിപ്പടുക്കുകയാണു ഭാരത്‍ യാത്രയുടെ ലക്ഷ്യം. തുടക്കത്തിൽ ഫലം അസാധ്യമെന്നു തോന്നുന്ന ഇത്തരം ശ്രമങ്ങൾക്കു പിന്നീടു വലിയ ഫലമുണ്ടാക്കാൻ കഴിയുമെന്നു ജീവിതാനുഭവങ്ങൾ നിരത്തി സത്യാർഥി പറഞ്ഞു. കുട്ടികൾക്കെതിരായുള്ള അതിക്രമങ്ങളോട് ഒരുതരത്തിലും സർക്കാർ സഹിഷ്ണുത കാണിക്കില്ലെന്നു ഭാരത‍് യാത്രയോടനുബന്ധിച്ചു സംഘടിപ്പിച്ച കൂട്ടായ്മയിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകം വകുപ്പു രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.കെ.ശൈലജ, ചീഫ് സെക്രട്ടറി ഡോ. കെ.എം.ഏബ്രഹാം, ബാലാവകാശ കമ്മിഷൻ അധ്യക്ഷ ശോഭ കോശി എന്നിവർ പ്രസംഗിച്ചു. സർവോദയ ഹാളിൽ രണ്ടായിരത്തോളം വരുന്ന കുട്ടികളെയും രക്ഷിതാക്കളെയും കൈലാഷ് സത്യാർഥി അഭിസംബോധന ചെയ്തു. വെള്ളയമ്പലം മാനവീയം വീഥിയിൽനിന്നു ടഗോർ ഹാൾ വരെ നടത്തിയ മാർച്ചിന് അദ്ദേഹം നേതൃത്വം നൽകി. സത്യാർഥി ഫൗണ്ടേഷൻ ചൂഷണത്തിൽനിന്നു രക്ഷപ്പെടുത്തിയ 120 കുട്ടികൾ ഭാരത് യാത്രയിൽ പങ്കെടുക്കുന്നുണ്ട്. യാത്ര ഇന്നു തമിഴ്നാട്ടിലെ മധുരയിലെത്തും. 22 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് അടുത്ത മാസം സമാപിക്കും.