Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനായകിനെ പൊലീസ് മർദിക്കുന്നത് കണ്ടു, തനിക്കും മർദനമേറ്റു: സുഹൃത്ത്

Vinayak

തൃശൂർ ∙ വിനായകിനെ പൊലീസ് മർദിക്കുന്നതു കണ്ടതായി ലോകായുക്തയ്ക്കു മുൻപിൽ സുഹൃത്ത് ശരത്തിന്റെ ദൃക്സാക്ഷിമൊഴി. വിനായകിന്റെ മരണം സംബന്ധിച്ചു പിതാവ് കൃഷ്ണൻ സമർപ്പിച്ച ഹർജിയുടെ പ്രാഥമികാന്വേഷണത്തിനിടെയാണ് ശരത്ത് ലോകായുക്തയ്ക്കു മുൻപിലെത്തി മൊഴിനൽകിയത്. വിനായകിനെ‍ാപ്പം തന്നെയും പൊലീസ് മർദിച്ചെന്നു ശരത്തിന്റെ മൊഴിയിലുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിനായകിന്റെ ശരീരത്തിൽ കണ്ട ക്ഷതങ്ങളെല്ലാം പൊലീസ് മർദനത്തിലേറ്റതാണെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.

സത്യം വെളിപ്പെടുത്താൻ ആരെയും ഭയക്കേണ്ടെന്നും ധൈര്യമായി തുറന്നു പറയാനും ലോകായുക്ത ഡിവിഷൻ ബെഞ്ച് വിസ്താരവേളയിൽ ശരത്തിനോടു പറഞ്ഞു. ഇതിനു പിന്നാലെയാണ് വിനായകിനെ പൊലീസ് മർദിക്കുന്നതു കണ്ടതായി ശരത് വെളിപ്പെടുത്തിയത്. പാവറട്ടി സ്റ്റേഷനിൽനിന്നെത്തിയ പൊലീസുകാരുടെ സാന്നിധ്യത്തിൽ തന്നെയായിരുന്നു മൊഴിനൽകൽ. തനിക്കും മർദനമേറ്റെന്ന വെളിപ്പെടുത്തലോടെ ദൃക്സാക്ഷിപ്പട്ടികയിൽനിന്നു പരാതിക്കാരനിലേക്കു ശരത്തിന്റെ സ്ഥാനം മാറാനിടയുണ്ട്.

വിനായകിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ മെഡിക്കൽ കോളജിലെ പൊലീസ് ഫൊറൻസിക് സർജറി വിഭാഗം വകുപ്പുതലവൻ ഡോ. എൻ.എ.ബാലറാം, അസി. പ്രഫ. ഡോ. കെ.ബി.രാഗിൻ എന്നിവരെ ലോകായുക്ത നേരത്തെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങൾ ലോകായുക്തയ്ക്കു മുന്നിലും ഇവർ ആവർത്തിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായ മൊഴിയെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ ഒക്ടോബർ മൂന്നിന് ഹിയറിങ് നടത്തും.

ശരത്തിന്റെ മൊഴി..

‘വിനായകിനെ പൊലീസ് മർദിക്കുന്നതു കണ്ടു. കവിളിൽ ആഞ്ഞടിച്ചു. മുടിയിൽ പിടിച്ചു വലിച്ചു. കാലിൽ ബൂട്ടിട്ടു ചവിട്ട‍ി. കുനിച്ചു നിർത്തി മുതുകിൽ കൈമുട്ട് കൊണ്ട് ഇടിച്ചു. ഇതേ രീതിയിൽ എന്നെയും മർദിച്ചു.’

related stories