Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾ കലോൽസവം, ഘോഷയാത്ര ഇല്ലാതെ

തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കലോൽസവം അഞ്ചുദിവസമായി ചുരുക്കി ജനുവരി ആറു മുതൽ 10 വരെ തൃശൂരിൽ നടത്തണമെന്നു ക്യുഐപി യോഗം സർക്കാരിനോടു ശുപാർശ ചെയ്തു. വേദികളുടെ എണ്ണം വർധിപ്പിച്ചു ദിവസം കുറയ്ക്കാനാണു തീരുമാനം. ഘോഷയാത്ര ഒഴിവാക്കി പകരം സാംസ്കാരിക സംഗമം നടത്തും.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും കാഷ് അവാർഡും ഒഴിവാക്കി. പകരം, എ ഗ്രേഡ് ലഭിക്കുന്ന എല്ലാവർക്കും ഒറ്റത്തവണ സ്കോളർഷിപ്പായി 2500 രൂപ വീതം നൽകും. ഗ്രേഡിനുള്ള മാർക്കുകളിലും മാറ്റം വരുത്തും. എ ഗ്രേഡിന് കുറഞ്ഞത് 70 മാർക്ക് വേണമെന്നത് 80 ആക്കി. ബി ഗ്രേ‍ഡിന് കുറഞ്ഞത് 60 മാർക്ക് എന്നത് 70 ആയും സി ഗ്രേഡിന് 50 എന്നത് 60 ആയും ഉയരും.

മോണോ ആക്ട്, നാടോടി നൃത്തം, മിമിക്രി, കേരള നടനം, കഥകളി, ഓട്ടൻ തുള്ളൽ എന്നിവയ്ക്ക് ആൺകുട്ടികളും പെൺകുട്ടികളുമെന്നു വേർതിരിവില്ലാതെ ഒന്നിച്ചാവും മൽസരം. ഉപജില്ലയിലെ വിധികർത്താക്കൾ അതേ ഇനത്തിനു ജില്ലയിലും ജില്ലയിലെ വിധികർത്താക്കൾ അതേ ഇനത്തിനു സംസ്ഥാനതലത്തിലും വിധികർത്താക്കൾ ആകാൻ പാടില്ല. ഒരു വിധികർത്താവിനെ രണ്ടുവർഷത്തിൽ കൂടുതൽ തുടർച്ചയായി വിളിക്കരുത്. ഹൈസ്കൂൾ തലത്തിൽ ഗാനമേളയ്ക്കു പകരം സംഘഗാനം ഉൾപ്പെടുത്തി. നാടക മൽസരത്തിനു സംവിധാനത്തിനു മാർക്ക് നൽകില്ല.

പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അധ്യാപക നേതാക്കളായ കെ.സി.ഹരികൃഷ്ണൻ, പി.ഹരിഗോവിന്ദൻ, ജയിംസ് കുര്യൻ, ഒ.കെ.ജയകൃഷ്ണൻ, ഗോപകുമാർ, ഇടവം ഖാലിദ്, ടി.വി.വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

∙ അപ്പീൽത്തുക കൂട്ടി

അപ്പീൽ തുക വർധിപ്പിച്ചു. സ്കൂൾ തലത്തിൽ 500 രൂപ തുടരും. റവന്യുജില്ലാ തലത്തിൽ 1500 രൂപ 2000 ആയും സംസ്ഥാന തലത്തിൽ 2000 രൂപ 2500 ആയും വർധിപ്പിച്ചു. സംസ്ഥാന തലത്തിൽ സ്റ്റേജിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അഡീഷനൽ ഡിപിഐ അധ്യക്ഷയായി പ്രത്യേക സമിതി രൂപീകരിച്ചു.

സ്കൂൾതല മൽസരങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ നടത്തണം. എൽപി തലത്തിൽ 16 ഇനങ്ങൾ ഉണ്ടായിരുന്നത് 22 ആയി വർധിപ്പിച്ചു. തമിഴ് കന്നഡ പ്രസംഗം, പദ്യം ചൊല്ലൽ, ഇംഗ്ലിഷ് മലയാളം ആക്‌ഷൻ സോങ്, ഇംഗ്ലിഷ് പദ്യം ചൊല്ലൽ എന്നിവ പുതിയതായി ഉൾപ്പെടുത്തി. യുപി തലത്തിൽ 30 മൽസരങ്ങളുണ്ടായിരുന്നത് 36 ആകും. തമിഴ് കന്നഡ പ്രസംഗം, പദ്യം ചൊല്ലൽ, ഇംഗ്ലിഷ് സ്കിറ്റ് എന്നിവയാണു പുതിയതായി ഉൾപ്പെടുത്തിയത്. ഹൈസ്കൂൾ തലത്തിൽ 14 വിഭാഗങ്ങളിലായി 88 മൽസരങ്ങൾ ഉണ്ടായിരുന്നത് 15 വിഭാഗങ്ങളിലായി 89 മൽസരമാകും. സ്കൂൾ തലത്തിൽ രചനാ മൽസരത്തിൽ സമ്മാനം ലഭിച്ച എല്ലാവർക്കും ഉപജില്ലയിൽ പങ്കെടുക്കാം.

മറ്റു മേളകളുടെ തീയതികളും വേദിയും

ശാസ്ത്രമേള: കോഴിക്കോട്,  നവംബർ 23 മുതൽ 26 വരെ

സ്പെഷൽ സ്കൂൾ കലാമേള: തിരുവനന്തപുരം, നവംബർ ഒൻപതു മുതൽ 11 വരെ

related stories