Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടോമച്ചനെത്തി, ജന്മനാടിന്റെ സ്നേഹത്തടവിലേക്ക്

Fr-Tom കരുതലിൻ നടുവിൽ: ഫാ. ടോം ഉഴുന്നാലിൽ മാതൃ ഇടവകയായ രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ എത്തിയപ്പോൾ. ചിത്രം: ജിബിൻ ചെമ്പോല

പാലാ∙ കാത്തിരിപ്പിനൊടുവിൽ കൺമുന്നിലെത്തിയ തങ്ങളുടെ ടോമച്ചനു ജന്മനാടും മാതൃരൂപതയും നൽകിയത് ഊഷ്മള സ്വീകരണം. തന്റെ കൈകൾ മുത്താൻ തിരക്കുകൂട്ടിയവരോടെല്ലാം അദ്ദേഹം സ്നേഹത്തോടെ നന്ദി പറഞ്ഞു.

കൊച്ചിയിലെ പരിപാടികൾ പൂർത്തിയാക്കി മൂന്നരയോടെയാണു ഫാ. ടോം ഉഴുന്നാലിൽ പാലാ ബിഷപ്സ് ഹൗസിലെത്തിയത്. പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കനും മാർ ജോസഫ് പള്ളിക്കാപ്പറമ്പിലും ഉൾപ്പെടെയുള്ള സംഘമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സുരക്ഷിതനായി നാട്ടിൽ തിരികെയെത്തിച്ച ദൈവത്തിനു നന്ദി അർപ്പിച്ചു ബിഷപ്സ് ഹൗസിലെ ചാപ്പലിൽ കൃതജ്‌ഞതാ പ്രാർഥന നടത്തി. തുടർന്നു സ്വീകരണയോഗവും സ്നേഹവിരുന്നും.

ജന്മനാട്ടിലേക്കായിരുന്നു അടുത്ത യാത്ര. ഒട്ടേറെ വാഹനങ്ങൾ അണിനിരന്ന ഘോഷയാത്രയോടെയാണു രാമപുരം കവലയിലേക്ക് അച്ചനെ ആനയിച്ചത്. മുത്തുക്കുടകളാൽ അലങ്കരിച്ച വീഥിയിൽ പേപ്പൽ പതാകകളും ഉയർന്നു. വാദ്യമേളങ്ങൾ അകമ്പടിയായി.

രാമപുരത്തെത്തിയശേഷം പ്രത്യേകം തയാറാക്കിയിരുന്ന തുറന്ന ജീപ്പിൽ പള്ളിയിലേക്ക്. വാഹനജാഥ രാമപുരം പള്ളിയിലെത്തിയപ്പോൾ ജാതിമത ഭേദമന്യേ ജനസാഗരം തന്നെ അച്ചനെ സ്വീകരിക്കാനെത്തിയിരുന്നു. അദ്ദേഹത്തിന്റെ കൈകളിൽ സ്പർശിക്കാൻ ജനം തിരക്കു കൂട്ടിയപ്പോൾ പലപ്പോഴും പൊലീസിന് ഇടപെടേണ്ടി വന്നു. തന്നെ കാണാൻ കാത്തുനിന്നവരെ നോക്കി അച്ചൻ പുഞ്ചിരിച്ചു കൈകൾ വീശി. സ്നേഹത്തിനും പ്രാർഥനകൾക്കും കൈകൂപ്പി നന്ദി പറഞ്ഞു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിൽ അൽപനേരം പ്രാർഥിച്ചു. തുടർന്നു കൃതജ്ഞതാബലി.

വർഷങ്ങൾക്കുശേഷം രാമപുരത്തിന്റെ ടോമച്ചൻ മാതൃദേവാലയത്തിൽ അർപ്പിച്ച കുർബാനയിൽ പങ്കെടുക്കാൻ ദേവാലയം നിറയെ വിശ്വാസികളുണ്ടായിരുന്നു. പാരിഷ് ഹാളിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിലും നാടൊന്നാകെ ഒഴുകിയെത്തി. ഫാ. ടോമിന്റെ മറുപടി പ്രസംഗത്തിനിടെ പലരും കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു. പള്ളിയിലൊരുക്കിയ അത്താഴ വിരുന്നിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹം ജന്മഗൃഹമായ ഉഴുന്നാലിൽ വീട്ടിലേക്കു പോയത്.