Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സുമാരുടെ മിനിമം വേതനം: തീരുമാനമായില്ല; അടുത്ത യോഗം 19ന്

nurse-representational-image Representational image

തിരുവനന്തപുരം∙ സ്വകാര്യ ആശുപത്രി മേഖലയിലെ നഴ്‌സുമാർ ഉൾപ്പെടെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കാൻ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. മിനിമം വേജസ് കമ്മിറ്റിയുടെ അടുത്ത യോഗം 19നു രാവിലെ 11നു ചേരും. യോഗത്തിൽ മിനിമം വേതനം സംബന്ധിച്ചു സിഐടിയു ഉൾപ്പെടെ ട്രേഡ് യൂണിയനുകൾ നിർദേശങ്ങൾ സമർപ്പിച്ചു. ആശുപത്രികളിലെ അടിസ്ഥാന ജീവനക്കാരുടെ ശമ്പള സ്‌കെയിൽ 16500-330-18150-365-19975 നിശ്ചയിച്ചാണു യൂണിയനുകൾ നിർദേശങ്ങൾ സമർപ്പിച്ചത്. നഴ്സുമാർക്കും ഉയർന്ന ശമ്പളം നൽകണമെന്നു യൂണിയനുകൾ ആവശ്യപ്പെട്ടു. യൂണിയനുകൾ സംയുക്തമായി സമർപ്പിച്ച ശമ്പള പാക്കേജിനെക്കുറിച്ചു മാനേജുമെന്റുകളുടെ അഭിപ്രായം 16ന് അകം രേഖാമൂലം ലേബർ കമ്മിഷണർക്കു നൽകണം. സമിതി ചെയർമാൻ കൂടിയായ ലേബർ കമ്മിഷണർ കെ.ബിജു അധ്യക്ഷത വഹിച്ചു.

ട്രേഡ് യൂണിയനുകളുടെ നിലപാട് സംശയത്തിൽ‌

തിരുവനന്തപുരം∙ സ്വകാര്യ ആശുപത്രി നഴ്സുമാർക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചതിലും വളരെ ഉയർന്ന ശമ്പളം മിനിമം വേതന സമിതി യോഗത്തിൽ നിർദേശിച്ച ട്രേഡ് യൂണിയനുകളുടെ നിലപാട് സംശയത്തിൽ.

ട്രേഡ് യൂണിയനുകൾ സംയുക്തമായി സമർപ്പിച്ച അവകാശപത്രികയിൽ നഴ്സുമാർക്ക് 28,490 രൂപ അടിസ്ഥാന ശമ്പളമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റു 171 തസ്തികകളിലും ഇതുപോലെ ഉയർന്ന ശമ്പളം നിർദേശിച്ചു. സ്വകാര്യ മാനേജ്മെന്റുകൾക്കു കോടതിയിൽ പോകാൻ അവസരമൊരുക്കി ശമ്പളവർധന വൈകിപ്പിക്കാനുള്ള ഗൂഢലക്ഷ്യം ഇതിനു പിന്നിലുണ്ടോയെന്നാണു നഴ്സുമാരുടെ സംഘടനകളുടെ സംശയം. ശമ്പളവർധനയ്ക്കുവേണ്ടി ജൂലൈ 10ന് ആണു മിനിമം വേജസ് കമ്മിറ്റിയും വ്യവസായബന്ധ സമിതിയും യോഗം ചേർന്നത്. ആശുപത്രികളിലെ അടിസ്ഥാന ജീവനക്കാരുടെ ശമ്പളം മാത്രമേ അന്നു നിർണയിച്ചുള്ളൂ. നഴ്സുമാർ തങ്ങളുടെ ആവശ്യം ഉന്നയിച്ചപ്പോൾ സിഐടിയു നേതാക്കൾ വരെ മാനേജ്മെന്റുകളുടെ പക്ഷം ചേർന്നാണു സംസാരിച്ചത്. തുടർന്നാണു നഴ്സുമാർ സമരം തുടങ്ങിയത്.

20നു മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ 50 കിടക്കകൾക്കു താഴെയുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് 20,000 രൂപ ശമ്പളം നിശ്ചയിച്ചു. കൂടുതൽ കിടക്കകളുള്ള ആശുപത്രികളിലെ ശമ്പളം നിർണയിക്കാൻ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചു. സുപ്രീം കോടതി നിർദേശിച്ച ശമ്പളം നൽകണമെന്നാണു സമിതി ശുപാർശ ചെയ്തത്. ഇതനുസരിച്ച് ഏറ്റവും ഉയർന്ന ശമ്പളം 27,800 രൂപയായിരിക്കും. ഇതു മാനേജ്മെന്റുകൾ അംഗീകരിക്കുന്നില്ല. തുടർന്നാണ് ഇന്നലെ യോഗം ചേർന്നത്. അതിലാണു ‌ട്രേഡ് യൂണിയൻ നേതാക്കൾ വളരെ ഉയർന്ന ശമ്പളം നിർദേശിച്ച് എല്ലാവരെയും അമ്പരപ്പിച്ചത്. യൂണിയനുകൾ നിലപാട് കടുപ്പിച്ചാൽ മാനേജ്മെന്റുകൾ കോടതിയെ സമീപിക്കും. അതോടെ, ശമ്പളവർധന അനിശ്ചിതമായി നീളും.