Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവയ്പ് ഐഒസി പ്ലാന്റ്: ആശങ്ക പരിഹരിക്കണമെന്നു വിദഗ്ധസമിതി

LNG TERMINAL

ചെന്നൈ∙ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐഒസി) സംഭരണശാല പുതുവയ്പിൽ സ്ഥാപിക്കുമ്പോൾ മേഖലയിലെ ജനങ്ങളുടെ ആശങ്കകളും പരാതികളും പരിഹരിക്കണമെന്നു വിദഗ്ധസമിതി റിപ്പോർട്ട്. വിഷയം പഠിക്കാൻ സംസ്ഥാന സർക്കാരാണു സമിതിയെ നിയോഗിച്ചത്. സമിതി അധ്യക്ഷനും ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം (എൻസെസ്) ഡയറക്ടറുമായ എൻ.പൂർണചന്ദ്ര റാവു റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

റിപ്പോർട്ട് പദ്ധതിക്കു പൂർണമായി എതിരോ അനുകൂലമോ അല്ലെന്നു റാവു പറഞ്ഞു. ചെന്നൈയിലെ ദേശീയ ഹരിത ട്രൈബ്യൂണലിനും റിപ്പോർട്ട് ലഭ്യമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഹർജിയിൽ ഇന്നു വിധി പറയാനിരിക്കേയാണു വിദഗ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചത്.

വിദഗ്ധസമിതി റിപ്പോർട്ടിലെ മറ്റു ശുപാർശകൾ

 അഴുക്കുചാൽ സംവിധാനം ഉണ്ടാക്കണം. മഴവെള്ളം ഒഴുകാനും വെള്ളക്കെട്ടു തടയാനുമുള്ള കനാലുകളും നിർമിക്കണം. കമ്പനി നിൽക്കുന്ന പ്രദേശത്തെ താമസക്കാർക്കു ശുദ്ധജലം, പൊതു റോഡ്, അടിസ്ഥാന ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, എന്നിവ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഉറപ്പാക്കണം.

ഇതിനായി ഐഒസി, എൽഎൻജി, ബിപിസിഎൽ തുടങ്ങിയ സ്ഥാപനങ്ങളുടെ അംഗങ്ങൾ, എംഎൽഎ, പഞ്ചായത്ത് അംഗങ്ങൾ, കലക്ടർ എന്നിവരടങ്ങിയ മേൽനോട്ട സമിതിയുണ്ടാക്കണം.

പ്രദേശത്തെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കപ്പെടേണ്ടതാണ്. അനുമതി നൽകുമ്പോൾ മുന്നോട്ടുവച്ച ചില മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചിട്ടില്ല. കേന്ദ്ര ജല കമ്മിഷന്റെ നിർദേശങ്ങൾ, സർക്കാർ ഏജൻസികൾ നടത്തിയ പാരിസ്ഥിതിക പഠനങ്ങളിലെ നിർദേശങ്ങൾ തുടങ്ങിയവ നടപ്പാക്കണം. പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനു നടപടികൾ കൈക്കൊള്ളണം.

കണ്ടൽക്കാടുകൾ സംരക്ഷിക്കാനും മരങ്ങൾ നട്ടുപിടിപ്പിക്കാനും കമ്പനി മുൻകയ്യെടുക്കണമെന്നും റിപ്പോർട്ടിലുണ്ട്. തീരദേശ നിയമം പൂർണമായി പാലിച്ചിട്ടില്ലെന്ന സൂചനയും റിപ്പോർട്ട് നൽകുന്നു.

എൻസെസിലെ മുൻ ശാസ്ത്രജ്ഞൻ ഡോ.കെ.വി.തോമസ്, മുൻ ചീഫ് ടൗൺ പ്ലാനർ ഈപ്പൻ വർഗീസ് എന്നിവരാണു സമിതിയിലെ അംഗങ്ങൾ. ഇതേസമയം, ദുരന്തനിവാരണ പദ്ധതി ഒഴികെ മറ്റെല്ലാ പ്രവർത്തനങ്ങൾക്കും ഐഒസി അനുമതി വാങ്ങിയിട്ടുണ്ടെന്നു ഹരിത ട്രൈബ്യൂണലിൽ മുൻപാകെ സംസ്ഥാന സർക്കാർ ബോധിപ്പിച്ചു.