Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധം: എസ്എൻഡിപി യോഗം

ചേർത്തല ∙ ദേവസ്വം ബോർഡുകളിലെ നിയമനത്തിനു സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ മന്ത്രിസഭാ തീരുമാനം ഭരണഘടനാ വിരുദ്ധമായതിനാൽ റദ്ദാക്കണമെന്ന് എസ്എൻഡിപി യോഗം കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഇന്ത്യാ ചരിത്രത്തിൽ ഇതാദ്യമായാണു സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നത്. സാമുദായിക സംവരണത്തിന്റെ ലക്ഷ്യം അട്ടിമറിക്കുന്നതാണു സർക്കാരിന്റെ പുതിയ തീരുമാനം. ദേവസ്വം ബോർഡുകളിലെ ജീവനക്കാരിൽ 90 ശതമാനം മുന്നാക്ക സമുദായക്കാരാണ്. ഈഴവ സമുദായത്തിലുള്ളവർ ആറു ശതമാനം മാത്രമാണ്. സാമ്പത്തിക സംവരണം നടപ്പാക്കുമ്പോൾ ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നാക്ക, പിന്നാക്ക വിഭാഗങ്ങൾ തമ്മിലുള്ള അന്തരം വീണ്ടും വർധിക്കും. പിന്നാക്ക ജനവിഭാഗങ്ങളുടെ ചോരയും നീരും കൊണ്ട് അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാരിൽനിന്ന് ഇത്തരം നീക്കം ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതായിരുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.

സാമുദായിക സംവരണം അട്ടിമറിച്ചു സാമ്പത്തിക സംവരണം നടത്തുവാനുള്ള സർക്കാർ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കാനും നിയമനടപടികൾ സ്വീകരിക്കാനും യോഗം കൗൺസിൽ തീരുമാനിച്ചു. പ്രസി‍ഡന്റ് ഡോ.എം.എൻ.സോമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പ്രസംഗിച്ചു. 

related stories