Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിങ്കൽ ക്വാറിയിൽ പാറക്കഷണങ്ങൾ വീണ് രണ്ടു തൊഴിലാളികൾ മരിച്ചു

Quarry-Accident ബിനിൽകുമാർ, , സതീഷ്.

നെയ്യാറ്റിൻകര∙ അനധികൃത കരിങ്കൽ ക്വാറിയിൽ ജോലിക്കിടെ കൂറ്റൻ പാറക്കഷണങ്ങൾ അടർന്നുവീണു രണ്ടു തൊഴിലാളികൾ മരിച്ചു. എട്ടുപേർക്കു ഗുരുതര പരുക്ക്.

കുന്നത്തുകാൽ മാരായമുട്ടത്തിനു സമീപം കോട്ടയ്ക്കലിൽ ശാസ്താംപാറ കടലുകാണിപ്പാറയിലെ ക്വാറിയിൽ ഇന്നലെ രാവിലെ 10.05നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. പാറക്കഷണങ്ങൾ അടർത്തിമാറ്റുന്ന ജോലി ചെയ്തിരുന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ തമിഴ്നാട് സേലം സ്വദേശി സതീഷ് (29), മാരായമുട്ടം മാലക്കുളങ്ങര ശ്രീനിവിള പുത്തൻവീട്ടിൽ ബിനിൽകുമാർ (26) എന്നിവരാണു മരിച്ചത്. സതീഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽ മണ്ണുമാന്തി പൂർണമായും തകർന്നു. മൃതദേഹം തിരിച്ചറിയാത്ത നിലയിൽ ചിതറി. അരയ്ക്കു താഴെ ഗുരുതരമായി പരുക്കേറ്റ ബിനിൽകുമാർ മെഡിക്കൽ കോളജ്  ആശുപത്രിയിലാണു മരിച്ചത്. 

ഗുരുതരമായി പരുക്കേറ്റ അരുവിയോട് സ്വദേശികളായ ജയൻ (27), വിജിൻ (47), ആറാട്ടുകുഴി സ്വദേശി അജികുമാർ (45), മഞ്ചവിളാകം രാജേന്ദ്രൻ (42), കാരക്കോണം ജോസ് (37), മാരായമുട്ടം സ്വദേശി സുബിൻ (23), നെട്ടണി സ്വദേശി അരുൺ (28) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുബിൻ, അജികുമാർ എന്നിവരുടെ നില ഗുരുതരമാണ്. പരുക്കേറ്റ വെള്ളറട സ്വദേശി ശെൽവരാജിനെ(35) നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിൽസയ്ക്കുശേഷം വിട്ടയച്ചു. 

ലൈസൻസും സുരക്ഷാ സംവിധാനങ്ങളുമൊന്നുമില്ലാതെ പ്രവർത്തിച്ചിരുന്ന ക്വാറി കലക്ടർ കെ.വാസുകിയുടെ നിർദേശത്തെ തുടർന്ന് അടച്ചുപൂട്ടി. അനധികൃതമായി ക്വാറി നടത്തിയതിന് അശ്വതി കൺസ്ട്രക്‌ഷൻസിനും നടത്തിപ്പുകാരൻ അരുവിയോട് സ്വദേശി അലോഷ്യസിനും എതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു പൊലീസ് കേസെടുത്തു. 

ക്വാറിയിൽ മുപ്പതിലേറെ തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. 75 അടിയിലേറെ ഉയരമുള്ള  ചെങ്കുത്തായ ക്വാറിയിൽ കഴിഞ്ഞ ദിവസം പൊട്ടിച്ചെടുത്ത പാറക്കഷണങ്ങൾ മണ്ണുമാന്തി ഉപയോഗിച്ചു ലോറിയിലേക്കു മാറ്റുന്നതിനിടെ മുകളിൽനിന്നു കൂടുതൽ കല്ലുകൾ അടർന്നു വീഴുകയായിരുന്നു. 20 അടിയോളം ഉയരത്തിൽനിന്നാണു പാറക്കഷണങ്ങൾ അടർന്നു വീണത്. തൊഴിലാളികൾ ചിലർ ഓടി മാറിയെങ്കിലും പത്തോളം പേർ കരിങ്കല്ലുകൾക്കിടയിൽ അകപ്പെടുകയായിരുന്നു. 

വിനീതയാണ് മരണമടഞ്ഞ ബിനിൽകുമാറിന്റെ ഭാര്യ. മകൻ ആദുഷ്. സേലം സ്വദേശിയായ സതീഷ് മണ്ണുമാന്തി  പ്രവർത്തിപ്പിക്കാനായി കഴിഞ്ഞ മാസമാണു കേരളത്തിലെത്തിയത്. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.