Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തദ്ദേശ പദവി തർക്കം: മന്ത്രി തിലോത്തമനെ ചേർത്തലയിൽ സിപിഎം ബഹിഷ്കരിക്കും

p-thilothaman

ചേർത്തല ∙ തദ്ദേശ സ്ഥാപനങ്ങളിലെ എൽഡിഎഫ് ധാരണ പ്രകാരം സിപിഐയുടെ പ്രസിഡന്റ്മാർ രാജിവയ്ക്കാത്തതിൽ പ്രതിഷേധിച്ചു സിപിഐക്കാരനായ മന്ത്രി പി.തിലോത്തമനെ ബഹിഷ്കരിക്കാൻ സിപിഎം ഏരിയ കമ്മിറ്റി തീരുമാനം. ഇന്നലെ നടന്ന തണ്ണീർമുക്കം പിഎച്ച്സി കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്നു സിപിഎമ്മിന്റെ പഞ്ചായത്ത് അംഗങ്ങളും നേതാക്കളും വിട്ടുനിന്നു. എന്നാൽ, ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന മന്ത്രി പി.തിലോത്തമൻ ഈ ചടങ്ങിന് എത്തിയില്ല. പകരം സിപിഐ പ്രതിനിധിയായ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് ഉദ്ഘാടനം നിർവഹിച്ചത്.

മുൻ തീരുമാനപ്രകാരം, പട്ടണക്കാട്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തുകളിലും തണ്ണീർമുക്കം, വയലാർ, പള്ളിപ്പുറം ഗ്രാമപഞ്ചായത്തുകളിലുമാണു പ്രസിഡന്റ് സ്ഥാനം സിപിഐ ഒഴിയേണ്ടത്. വയലാർ പഞ്ചായത്തിൽ മാത്രമാണു രാജിയുണ്ടായത്. മറ്റു പഞ്ചായത്തുകളിലും ബ്ലോക്കുകളിലും സിപിഐയ്ക്കു പുതിയ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം കൂടി വേണമെന്ന ആവശ്യത്തിലാണു തർക്കം നിലനിൽക്കുന്നത്.

ആദ്യ രണ്ടു വർഷം സിപിഐക്കും തുടർന്നു മൂന്നു വർഷം സിപിഎമ്മിനും പ്രസിഡന്റ് സ്ഥാനം എന്നതായിരുന്നു ധാരണയെന്നും സ്ഥിരം സമിതി അധ്യക്ഷ പദവി സംബന്ധിച്ചു തീരുമാനങ്ങളൊന്നും നേരത്തേ ഇല്ലാത്ത സാഹചര്യത്തിൽ ഇത് അംഗീകരിക്കാനാവില്ലെന്നുമുള്ള നിലപാടിലാണു സിപിഎം. എന്നാൽ, സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ലഭിച്ചില്ലെങ്കിൽ രാജിവയ്ക്കില്ലെന്നാണു സിപിഐ നിലപാട്. ഇരുപക്ഷവും കടുത്ത തീരുമാനങ്ങളിലേക്കു പോകും മുൻപ് ഇന്നു വീണ്ടും ചർച്ച നടക്കും.