Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യനെല്ലി: ഒരു ജഡ്‌ജി കൂടി പിന്മാറി

ന്യൂഡൽഹി∙ സൂര്യനെല്ലി പീഡനക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച പ്രതികളുടെ അപ്പീൽ പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചിൽനിന്ന് ഒരു ജഡ്‌ജി കൂടി പിന്മാറി. രണ്ടാഴ്‌ചയ്‌ക്കിടെ രണ്ടാം തവണയാണ് ഈ കേസിൽ ജഡ്‌ജിയുടെ പിൻമാറ്റം. ജസ്‌റ്റിസ് എൽ.നാഗേശ്വര റാവുവാണ് ഇന്നലെ ബെഞ്ചിൽനിന്ന് ഒഴിവായത്. ഇദ്ദേഹം അഭിഭാഷകനായിരിക്കെ സുര്യനെല്ലി കേസിൽ കേരളത്തിനുവേണ്ടി ഹാജരായിരുന്നു.

ജഡ്‌ജിമാരായ എസ്.എ.ബോബ്‌ഡെയും നാഗേശ്വര റാവുവും ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണു തീരുമാനം അറിയിച്ചത്. കേസ് ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും. ജഡ്‌ജിമാരായ ആദർശ് ഗോയൽ, യു.യു.ലളിത് എന്നിവരുടെ ബെഞ്ച് കഴിഞ്ഞ 16നു കേസ് പരിഗണിച്ചിരുന്നു. ജസ്‌റ്റിസ് ലളിത് നേരത്തെ സൂര്യനെല്ലി കേസിൽ ഒരു ഹർജിക്കാരനുവേണ്ടി ഹാജരായിട്ടുള്ളതാണെന്നു ഹർജിക്കാരിലൊരാളുടെ അഭിഭാഷകൻ വ്യക്‌തമാക്കി. തുടർന്നു ജസ്‌റ്റിസ് ലളിത് ബെഞ്ചിൽനിന്നു പിന്മാറി. പ്രതികളുടെ അപ്പീലുകൾ 2014 ഓഗസ്‌റ്റ് മുതൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.