Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിക്കു മുന്നിൽ ജനങ്ങളുടെ പ്രതിഷേധം; കാർ തടഞ്ഞു

pinarayi-vijayan-at-vizhinjam മുഖ്യമന്ത്രി പിണറായി വിജയൻ മൽസ്യത്തൊഴിലാളികളുടെ രോഷപ്രകടനത്തെത്തുടർന്ന് മറ്റൊരു കാറിൽ മടങ്ങുന്നു.

തിരുവനന്തപുരം ∙ വിഴിഞ്ഞത്തു സന്ദർശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനുനേരെ മൽസ്യത്തൊഴിലാളികളുടെ രോഷപ്രകടനം അണപൊട്ടി. മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുത്ത മൽസ്യത്തൊഴിലാളികളെ വൻ പൊലീസ് സംഘം ബലം പ്രയോഗിച്ചു പിടിച്ചു മാറ്റുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വാഹനത്തിൽ അടിച്ചും നാട്ടുകാർ പ്രതിഷേധം അറിയിച്ചു. കാറിൽ കയറാൻ കഴിയാത്തതിനെത്തുടർന്നു മുഖ്യമന്ത്രി മറ്റൊരു  കാറിൽ കയറി ഹാർബർ പിന്നിട്ടശേഷമാണ് ഒൗദ്യോഗിക വാഹനത്തിലേക്കു മാറിയത്. ഇതോടെ പൂന്തുറയിലെ വീടുകൾ സന്ദർശിക്കാനുള്ള പരിപാടി മുഖ്യമന്ത്രി റദ്ദാക്കി.

ഇന്നലെ വൈകിട്ട് ആറരയോടെ വിഴിഞ്ഞം തുറമുഖത്തെ കനത്ത പൊലീസ് കാവലിലാണു മുഖ്യമന്ത്രി എത്തിയത്. മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, ജെ.മേഴ്സിക്കുട്ടിയമ്മ, കലക്ടർ കെ.വാസുകി എന്നിവരും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ സ്ഥിരം സുരക്ഷാ സേനയ്ക്കു പുറമേ കൂടുതൽ പൊലീസിനെ സ്ഥലത്തു വിന്യസിച്ചിരുന്നു. മുഖ്യമന്ത്രി എത്തിയതോടെ മൽസ്യത്തൊഴിലാളികൾ പ്രതിഷേധവുമായി എത്തിയെങ്കിലും പൊലീസ് തടഞ്ഞു. തുടർന്നു മുഖ്യമന്ത്രി സെന്റ് മേരീസ് പള്ളിയുടെ പാരിഷ് ഹാളിൽ വികാരി ഫാ. വിൽഫ്രഡുമായി ചർച്ച നടത്തി.

ചർച്ച നടക്കുന്ന സമയത്തും പുറത്തു മൽസ്യത്തൊഴിലാളികൾ രോഷത്തിലായിരുന്നു. മുഖ്യമന്ത്രിയോടു നേരിട്ടു സംസാരിക്കണമെന്നായിരുന്നു ആവശ്യം. പൊലീസ് ഇത് അനുവദിച്ചില്ല. ചർച്ച കഴി‍ഞ്ഞു പുറത്തിറങ്ങിയ മുഖ്യമന്ത്രിക്കുനേരെ തിരിഞ്ഞ നാട്ടുകാർ ഒൗദ്യോഗിക വാഹനം വളഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രിക്കു കാറിന് അടുത്തെത്താൻ കഴിഞ്ഞില്ല. തുടർന്നു മന്ത്രി ഇ.ചന്ദ്രശേഖരന്റെ കാറിൽ കയറിയാണു പോയത്. രാവിലെയും വിഴിഞ്ഞത്ത് കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയ്ക്കും നേരെ പ്രതിഷേധമുയർന്നിരുന്നു. ദുരന്തം മുൻകൂട്ടി അറിയിക്കുന്നതിൽ പരാജയപ്പെട്ടെന്നും പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി വൈകിയെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. 

related stories