Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുഴലിക്കാറ്റ് ദുരിതബാധിതർക്ക് സമ്പൂർണ പാക്കേജ് പ്രഖ്യാപിക്കണം: കെസിബിസി

KCBC കെസിബിസി മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി കൊച്ചി വല്ലാർപാടം ബസിലിക്കയിൽ നടന്ന പ്രാർഥനാ യോഗത്തിനെത്തിയ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം, ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം, കർദിനാൾ മാർ ക്ലീമീസ് കാതോലിക്കാ ബാവാ, ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എന്നിവർ.

കൊച്ചി∙ ഓഖി ചുഴലിക്കാറ്റിൽ ദുരിതം അനുഭവിക്കുന്നവർക്കു കേന്ദ്രം സമ്പൂർണ പാക്കേജ് പ്രഖ്യാപിക്കണമെന്നു കേരള കത്തോലിക്ക മെത്രാൻ സമിതി (കെസിബിസി) ആവശ്യപ്പെട്ടു.

ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. മൽസ്യതൊഴിലാളികളുടെ പ്രശ്നങ്ങൾക്കു അർഹമായ പരിഗണന ലഭിക്കാൻ കേന്ദ്രത്തിൽ ഫിഷറീസിനു മാത്രമായി വകുപ്പും മന്ത്രിയും ഉണ്ടാകണമെന്നു കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം, സിബിസിഐ പ്രസിഡന്റ് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ എന്നിവർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചു കെസിബിസി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകും.

ചുഴലിക്കാറ്റിൽ കഷ്ടതയനുഭവിക്കുന്നവരുടെ ദുഃഖത്തിൽ സഭ പങ്കുചേരുന്നു. ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളാണ് ആവശ്യം. തീരദേശവാസികളെ നിസ്സാരരായി കാണുന്ന സ്ഥിതി മാറണം. ദുരന്തത്തിന്റെ ആദ്യ ദിനങ്ങളിൽ വേണ്ടത്ര ഗൗരവം താഴേത്തട്ടിലുണ്ടായോ എന്ന കാര്യത്തിൽ സംശയമുണ്ട്. വിവിധ ഏജൻസികളെ ഏകോപിപ്പിക്കാൻ കൂടുതൽ ശ്രമങ്ങളുണ്ടാകണം.

മുന്നറിയിപ്പു നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇനി അർഥമില്ല. പുനരധിവാസത്തിനാണ് സർക്കാർ പ്രാധാന്യം നൽകേണ്ടതെന്നു കെസിബിസി വിലയിരുത്തി. സർക്കാർ സഹായം സംബന്ധിച്ച പ്രഖ്യാപനം പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ആർച്ച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. പ്രഖ്യാപിച്ച പാക്കേജ് സമയബന്ധിതമായി ഗുണഭോക്താക്കൾക്കു ലഭിക്കുന്നുണ്ടെന്നു സർക്കാർ ഉറപ്പാക്കണം.

തിരുവനന്തപുരം ജില്ലയിൽ 300 പേരും അതിർത്തി ഗ്രാമമായ തുത്തൂരിൽ നിന്നു 1500 പേരും കടലിൽ പോയിട്ടുണ്ട്. പലരും തിരിച്ചെത്തിയിട്ടില്ല. തിരിച്ചെത്തിയവരുടെ കൃത്യമായ കണക്കു ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക സഭ 10നു പ്രാർഥനാ ദിനമായി ആചരിക്കും. അന്നേ ദിവസം സമാഹരിക്കുന്ന പ്രത്യേക ദുരിതാശ്വാസനിധി തീരജനതയുടെ സഹായത്തിനായി നീക്കിവയ്ക്കാനും കെസിബിസി തീരുമാനിച്ചു.

related stories