Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാർ: സിപിഐ കക്ഷിചേർന്നതിൽ തെറ്റില്ലെന്ന് കാനം

munnar

ഹരിത ട്രൈബ്യൂണലിൽ സിപിഐ കക്ഷിചേർന്നതിൽ തെറ്റില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടി മുന്നണിക്കെതിരാണെന്ന് ഇതിനർഥമില്ല. കർഷകസംഘവും കക്ഷിചേർന്നിട്ടുണ്ട്. മൂന്നാർ എന്തെന്ന് അറിയാത്തവരാണു കേസുമായി പോകുന്നതെന്ന എസ്.രാജേന്ദ്രൻ എംഎൽഎയുടെ പരാമർശത്തോടു പ്രതികരിക്കുന്നില്ല.

മന്ത്രി എം.എം.മണിയുടെ അഭിപ്രായത്തെക്കുറിച്ച് അങ്ങേരോടുതന്നെ ചോദിക്കണം. കയ്യേറ്റക്കാരെ ഒരുതരത്തിലും സംരക്ഷിക്കുന്ന നയം മുന്നണിക്കില്ല. അതേസമയം അർഹരായ എല്ലാവർക്കും പട്ടയം നൽകുകയെന്ന പ്രഖ്യാപിത നയത്തിൽനിന്നു വ്യതിചലിക്കേണ്ട സാഹചര്യമില്ലെന്നും കാനം പറഞ്ഞു.

ഹർജി നൽകുന്നത് മൂന്നാർ എന്താണെന്ന് അറിയാത്തവർ: എസ്. രാജേന്ദ്രൻ എംഎൽഎ

മൂന്നാർ എന്താണെന്ന് അറിയാത്തവരാണു ഹർജി നൽകുന്നതെന്ന് എസ്. രാജേന്ദ്രൻ എംഎൽഎ. മൂന്നാർ വിഷയത്തിൽ ജനങ്ങളെ വെല്ലുവിളിക്കരുത്. സിപിഐയുടെ പ്രാദേശിക ഘടകത്തെക്കൂടി വിശ്വാസത്തിലെടുത്തു വേണം ഹർജി നൽകാൻ. മൂന്നാറിലെയും വട്ടവടയിലെയും ജനങ്ങളോട് ഒഴിഞ്ഞുപോകണമെന്നു പറയാൻ സിപിഐക്കു ധൈര്യമുണ്ടോ?– രാജേന്ദ്രൻ ചോദിച്ചു.

സിപിഐ എന്തെങ്കിലും ചെയ്യട്ടെ: മന്ത്രി മണി

കുറിഞ്ഞി ഉദ്യാനം നിലനിർത്തുന്നതോടൊപ്പം കർഷകരുടെ താൽപര്യവും സംരക്ഷിക്കണമെന്നു വൈദ്യുതി മന്ത്രി എം.എം. മണി. എല്ലാവരുടെയും വാദം കേട്ടശേഷമേ ഹരിത ട്രൈബ്യൂണൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ. മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിൽ ആർക്കും തർക്കമില്ല. സിപിഐ എന്തെങ്കിലുമൊക്കെ ചെയ്യട്ടെ. ഇതൊന്നും സിപിഎമ്മിനെ ബാധിക്കുന്ന കാര്യമല്ല. സിപിഐയുടെ നടപടിയെ രാഷ്ട്രീയനീക്കമായി കാണേണ്ടതില്ലെന്നും മണി പറഞ്ഞു.

ഹർജി പാർട്ടി തീരുമാന പ്രകാരം: പി. പ്രസാദ്

പാർട്ടിയുടെ തീരുമാനപ്രകാരമാണു മൂന്നാർ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു ഹരിത ട്രൈബ്യൂണലിൽ ഹർജി നൽകിയതെന്നു സിപിഐ സംസ്ഥാന നിർവാഹക സമിതി അംഗം പി. പ്രസാദ്. ഇതിലൂടെ, കേസിൽ സിപിഐക്കു പറയാനുള്ളതെല്ലാം ട്രൈബ്യൂണലിനെ അറിയിക്കും. മൂന്നാറിൽ സർക്കാർ വകുപ്പുകളുടെ ഇടപെടൽ കുറച്ചുകൂടി ആവശ്യമാണ്. ട്രൈബ്യൂണലിന്റെ ഇടപെടലുകളിലൂടെ പോരായ്മ പരിഹരിക്കാനാകും. – പ്രസാദ് പറഞ്ഞു.