Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴിയോര കള്ളുഷാപ്പ്: സർക്കാർ നിലപാട് അറിയിക്കണം; ഇടക്കാല ഉത്തരവിനായി കേസ് ജനുവരി എട്ടിനു പരിഗണിക്കും

supreme-court

ന്യൂഡൽഹി ∙ ദേശീയ, സംസ്‌ഥാന പാതയോരങ്ങളിൽ മദ്യവിൽപനയ്‌ക്കു ദൂരപരിധി നിശ്‌ചയിച്ചുള്ള വിധിയിൽനിന്നു കള്ളുഷാപ്പുകളെ ഒഴിവാക്കണമെന്ന ഹർജികൾ ഇടക്കാല ഉത്തരവിനായി അടുത്ത മാസം എട്ടിനു പരിഗണിക്കാൻ മാറ്റി. ആവശ്യങ്ങളിൽ നിലപാടു വ്യക്‌തമാക്കാൻ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സർക്കാരിനോടു നിർദേശിച്ചു. സംസ്‌ഥാനത്തെ കള്ളുഷാപ്പ് ലൈസൻസി അസോസിയേഷനും വൈക്കം താലൂക്കു ചെത്തു തൊഴിലാളി യൂണിയനുമാണു (എഐടിയുസി) ഹർജി നൽകിയത്.

ഹർജിക്കാരുടെ വാദങ്ങൾ

ഷാപ്പ് ലൈസൻസികൾക്കുവേണ്ടി രാജു രാമചന്ദ്രനും ബീന മാധവനും:

ദൂരപരിധി വ്യവസ്‌ഥ മദ്യവിൽപനക്കാർക്കു മാത്രം ബാധകമാക്കണം. കള്ളിനെ മദ്യത്തിന്റെ ഗണത്തിൽ പെടുത്തരുത്. കള്ളിൽ രണ്ടു മുതൽ 8% വരെയാണ് ആൽക്കഹോൾ. മദ്യത്തിൽ ഇതു 32 മുതൽ 45% വരെയാണ്. ദൂരപരിധി വ്യവസ്‌ഥമൂലം അടയ്‌ക്കേണ്ടിവന്ന കള്ളുഷാപ്പുകൾ തുറക്കാൻ ഇടക്കാല ഉത്തരവു വേണം.

ചെത്തു തൊഴിലാളി യൂണിയനുവേണ്ടി വി.കെ.ബിജു:

കള്ളിനെ മദ്യമായി കണക്കാക്കരുതെന്നാണു സർക്കാർ നിയോഗിച്ച ഏഴു സമിതികളുടെ പഠന റിപ്പോർട്ട്. പരമ്പരാഗതമായ മദ്യവ്യവസായവും തൊഴിലാളികളെയും സംരക്ഷിക്കണമെന്നും ഈ റിപ്പോർട്ടുകളിൽ പറയുന്നു. 15,000 കള്ളുചെത്തുകാരും അവരുടെ കുടംബങ്ങളും സംരക്ഷിക്കപ്പെടണം.

സംസ്‌ഥാന സർക്കാരിനു വേണ്ടി വി.ഗിരിയും സ്‌റ്റാൻഡിങ് കൗൺസൽ ജി.പ്രകാശും:

കള്ള് ലഘുമദ്യമാണ്. അബ്‌കാരി നിയമത്തിൽ കള്ളിനെ നാടൻ മദ്യത്തിന്റെ ഗണത്തിലാണു പെടുത്തിയിട്ടുള്ളത്. സംസ്‌ഥാനത്തെ കള്ളുഷാപ്പുകൾക്കു ഡ്രൈ ഡേ വ്യവസ്‌ഥ ബാധകമല്ല.

related stories