Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷങ്ങൾ സമ്മാനമടിച്ചെന്ന മൊബൈൽ സന്ദേശം നൽകി പണം തട്ടൽ: മാലി സ്വദേശി പിടിയിൽ

money-fraud

മലപ്പുറം∙ വൻതുക സമ്മാനം ലഭിച്ചതായി മൊബൈൽ സന്ദേശം അയച്ചു പണം തട്ടിയ കേസിൽ മാലി സ്വദേശി പൊലീസ് പിടിയിൽ. മാലി ബമാകോം നി സിറ്റിയിലെ തെവ ഇസഹാഖ് (39) ആണ് മലപ്പുറം സിഐ എ.പ്രേംജിത്തും സംഘവും കരിപ്പൂർ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. കരിപ്പൂർ വിമാനത്താവളത്തിനു സമീപത്തെ ലോഡ്ജിൽ വച്ചാണ് കോട്ടയ്ക്കൽ സ്വദേശിയെ കബളിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റുണ്ടായത്.

കോട്ടയ്ക്കൽ സ്വദേശിയുടെ മൊബൈൽ ഫോണിൽ‌ 2.50 ലക്ഷം ഡോളർ സമ്മാനമായി ലഭിച്ചെന്ന് സന്ദേശം നൽകുകയും നിരന്തര സമ്പർക്കത്തിലൂടെ പരാതിക്കാരന്റെ വിശ്വാസം നേടിയെടുത്തുമായിരുന്നു തട്ടിപ്പ്. നേരിട്ടു പണം കൈമാറുമ്പോൾ 30,000 രൂപ സർവീസ് ചാർജ് ആയി തരണമെന്നും അറിയിച്ചു. കഴിഞ്ഞ 15നു കോട്ടയ്ക്കൽ സ്വദേശിയോട് പണം വാങ്ങാനായി കരിപ്പൂരിലെ ലോഡ്ജിൽ വരാൻ ആവശ്യപ്പെട്ടു. ഈ വിവരം പൊലീസിനെ അറിയിച്ചു.

പൊലീസ് നിർദേശ പ്രകാരം കോട്ടയ്ക്കൽ സ്വദേശി ലോഡ്ജിൽ ‍എത്തുകയും സർവീസ് ചാർജായി നൽകാമെന്നു പറഞ്ഞ പണം കൈമാറുകയും ചെയ്തു. ഈ സമയത്ത് പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമാനമായ തട്ടിപ്പ് പ്രതി നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് സിഐ അറിയിച്ചു. 

ഡോളർ തട്ടിപ്പിന് അയഡിനും വൈറ്റമൻ സിയും

കരിപ്പൂർ∙ കറുത്ത കടലാസിനെ ഡോളർ ആക്കി മാറ്റാമെന്ന വാഗ്ദാനവും മാലി സ്വദേശി നൽകി. ഡോളർ തട്ടിപ്പിന് ഉപയോഗിച്ചത് മെഡിക്കൽ ഷോപ്പിൽ നിന്നു വാങ്ങിയ അയഡിനും വൈറ്റമിൻ സിയും ആയിരുന്നു.

യഥാർത്ഥ ഡോളറിന്റെ രണ്ടു കറൻസികളിൽ ആദ്യം പശ തേച്ചു. പിന്നീട് അയഡിൻ പുരട്ടിയപ്പോൾ കറൻസി കറുപ്പ് കടലാസ് ആയി. മറ്റു കറുപ്പു കടലാസ് കെട്ടുകൾക്കുള്ളിൽ വച്ചു. പിന്നീട് ഈ ഡോളർ വൈറ്റമിൻ സി കലർത്തിയ വെള്ളത്തിൽ കഴുകി. കറുപ്പു നീങ്ങിയപ്പോൾ ഡോളർ പുറത്തുവന്നു. ഇത്തരത്തിൽ ഈ ദ്രാവകം ഉപയോഗിച്ച് കടലാസിനെ ഡോളറാക്കി മാറ്റാം എന്ന് പറഞ്ഞും തട്ടിപ്പ് നടത്തി.