Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാജിബിന് സുവർണ ചകോരം

iffk തിരുവനന്തപുരത്തു സമാപിച്ച രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയ ‘വാജിബ്’ ചിത്രത്തിലെ നായിക മരിയ സ്രൈക്ക് പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ. ചിത്രം: മനോരമ.

തിരുവനന്തപുരം∙ രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം (15 ലക്ഷം രൂപ) ആൻ മേരി ജസീർ സംവിധാനം ചെയ്ത പലസ്തീനിയൻ ചിത്രം വാജിബിനു ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരത്തിനു (മൂന്നു ലക്ഷം) മലയാളിയായ സഞ്ജു സുരേന്ദ്രൻ അർഹനായി. ചിത്രം ഏദൻ. ഈ ചിത്രം മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരവും നേടി.

sanju തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ‘ഏദൻ’ എന്ന ചിത്രത്തിന്റെ സംവിധായകനും മലയാളിയുമായ സഞ്ജു സുരേന്ദ്രൻ മന്ത്രി തോമസ് ഐസക്കിൽനിന്ന് ഏറ്റുവാങ്ങുന്നു. ചലച്ചിത്ര അക്കാദമി അധ്യക്ഷൻ സംവിധായകൻ കമൽ സമീപം. മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരവും ഏദൻ നേടി. ചിത്രം: മനോരമ.

ഇതോടെ എട്ടുദിവസം നീണ്ട മേളയ്ക്കു കൊടിയിറങ്ങി. മികച്ച സംവിധാനത്തിനുള്ള രജത ചകോരത്തിന് (നാലു ലക്ഷം) മലില ദ് ഫെയർവെൽ ഫ്‌ളവർ എന്ന തായ് ചിത്രം സംവിധാനം ചെയ്ത അനൂച ബൂന്യവതന അർഹയായി. ജോണി ഹെന്റിക്‌സ് സംവിധാനം ചെയ്ത കൊളംബിയൻ ചിത്രം കാൻഡലേറിയ ജൂറിയുടെ പ്രത്യേക പരാമർശം നേടി. മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്, ഫിപ്രസി പുരസ്‌കാരങ്ങൾ അമിത് മസൂർക്കർ സംവിധാനം ചെയ്ത ന്യൂട്ടൻ എന്ന ഇന്ത്യൻ ചിത്രം നേടി.. സജീവ് പാഴൂരിന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് നെറ്റ്പാക് പുരസ്‌കാരത്തിന് അർഹമായ മലയാള ചിത്രം.

iffk. തിരുവനന്തപുരത്തു രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം റഷ്യൻ സംവിധായകൻ അലക്‌സാണ്ടർ സൊകുറോവിന് മന്ത്രി എ.കെ.ബാലൻ സമ്മാനിക്കുന്നു.

ജനപ്രിയ ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം (രണ്ടു ലക്ഷം) അൾജീരിയൻ സംവിധായിക റെയ്ഹാനയുടെ ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക് എന്ന ചിത്രത്തിനു ലഭിച്ചു. ലോകമെമ്പാടുമുള്ള സ്ത്രീ ജീവിതങ്ങൾക്ക് ഈ അംഗീകാരം സമർപ്പിക്കുന്നതായി സംവിധായിക റെയ്ഹാന പറഞ്ഞു.

dileesh തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേളയിൽ നെറ്റ്പാക് പുരസ്കാരം നേടിയ ‘തെ‍ാണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന സിനിമയുടെ സംവിധായകൻ ദിലീഷ് പോത്തനും നിർമാതാക്കളായ സന്ദീപ് സേനൻ, അനീഷ് തോമസ് എന്നിവരും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം. ചിത്രം:മനോരമ.

മന്ത്രി തോമസ് ഐസക് അവാർഡുകൾ വിതരണം ചെയ്തു. മന്ത്രി എ.കെ.ബാലൻ സമാപനച്ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ചു.