Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരമ്പരാഗത വെടിക്കെട്ടുകൾക്ക് സാങ്കേതിക വിലക്ക്

Thrissur Pooram sample firework

ഒറ്റപ്പാലം ∙ ഉത്സവങ്ങളിൽ പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ടുകൾക്കു  സാങ്കേതിക വിലക്ക്. പെട്രോളിയം ആൻഡ് സേഫ്റ്റി ഓർഗനൈസേഷൻ അനുവദിക്കുന്ന ‘പെസോ’ ലൈസൻസ് കൈവശമുള്ള നിർമാതാക്കൾക്കു മാത്രം വെടിക്കെട്ട് നടത്താൻ അനുമതി നൽകിയാൽ മതിയെന്ന നിർദേശമാണു കുരുക്കാകുന്നത്. 

എക്സ്പ്ലോസീവ്സ് ഡപ്യൂട്ടി ചീഫ് കൺട്രോളറുടെ നിർദേശം ലഭിച്ചതോടെ പാലക്കാട്, തൃശൂർ ജില്ലാ ഭരണകൂടങ്ങൾ വെടിക്കെട്ടു നടത്തിപ്പിന് ഉത്സവ കമ്മിറ്റിക്കാർ നൽകിയ അപേക്ഷകൾ തള്ളാൻ നടപടി തുടങ്ങി. 

പാലക്കാട്ടു ചില ഉത്സവ സംഘാടകർ നൽകിയ വെടിക്കെട്ട് അനുമതി  അപേക്ഷ തള്ളുമെന്നാണു ജില്ലാ കലക്ടർ രേഖാമൂലം നൽകിയ അറിയിപ്പ്. ഡപ്യൂട്ടി കൺട്രാേളർ നൽകിയ നിർദേശങ്ങൾ അനുസരിച്ചു ചില അപാകതകൾ കാണുന്നുണ്ടെന്നും ഇതു നിശ്ചിത സമയപരിധിക്കകം പരിഹരിച്ചില്ലെങ്കിൽ അപേക്ഷ തള്ളുമെന്നുമാണു നിലപാട്. 

സംസ്ഥാനത്തു പരമ്പരാഗത രീതിയിൽ വെടിക്കെട്ടു നടത്തുന്ന കരാറുകാരുടെ പേരിൽ ‘പെസോ’ ലൈസൻസ് ഇല്ലെന്നിരിക്കെ ഇരു ജില്ലകളിലെയും ഉത്സവങ്ങളിൽ പരമ്പരാഗത വെടിക്കെട്ടു പ്രതിസന്ധിയിലാകും. 

  പ്രധാന കരിമരുന്നു നിർമാതാക്കൾക്കെല്ലാം 15 കിലോ കരിമരുന്ന് ഉപയോഗിക്കാൻ ജില്ലാ മജിസ്ട്രേട്ട് നൽകുന്ന ലൈസൻസാണുള്ളത്. കമ്പനി മാതൃകയിൽ പ്രവർത്തിക്കുന്ന വിരലിൽ എണ്ണാവുന്ന ചില നിർമാതാക്കൾക്കു ‘പെസോ’യുടെ ലൈസൻസ് ഉണ്ടെങ്കിലും ഇവർ പരമ്പരാഗത രീതിയിലുള്ള ഗുണ്ട്, കുഴി, അമിട്ട് പോലുള്ള സ്ഫോടക വസ്തുക്കൾ നിർമിക്കാറില്ലെന്നാണു വിവരം. 

ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളെ അംഗീകരിച്ചുകൊണ്ടുള്ള ‘പെസോ’യുടെ സാക്ഷ്യപത്രം, വെടിക്കെട്ടു നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിനു സമീപം സ്ഥിരം ഷെഡ്, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പദ്ധതികൾ ഉൾപ്പെട്ട ‘ഓൺ സൈറ്റ് എമർജൻസി പ്ലാൻ’ തുടങ്ങിയവയാണു മറ്റു നിർദേശങ്ങൾ. 

കൊല്ലം പുറ്റിങ്ങൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ‌് എക്സ്പ്ലോസീവ് വിഭാഗത്തിന്റെ കർശന നിയന്ത്രണം. 

വെടിക്കെട്ടു നടക്കുന്ന സ്ഥലങ്ങളിൽ സ്ഥിരം ഷെഡ് വേണമെന്ന നിബന്ധന പാലിക്കൽ ഉത്സവക്കമ്മിറ്റിക്കാർക്കും എളുപ്പമല്ല. പല പ്രധാന ഉത്സവങ്ങളും നടക്കുന്നതു പാടങ്ങളിലാണെന്നിരിക്കെ രണ്ടാംവിള കൊയ്ത്ത് കഴിയാതെ ഷെഡ് നിർമാണം തുടങ്ങാനാകില്ല. കൃഷിഭൂമി നികത്താൻ റവന്യു വകുപ്പിൽ നിന്നു നിയമാനുസൃതം അനുമതി നേടാനും സാവകാശം വേണ്ടിവരും. 

സാവകാശമില്ല; ഉത്സവങ്ങളുടെ നിറം കെടും

എക്പ്ലോസീവ് ഡപ്യൂട്ടി കൺട്രോളറുടെ നിർദേശം സാവകാശം കൂടാതെ നടപ്പാക്കുന്നതു പാലക്കാട്, തൃശൂർ ജില്ലകളിലെ  മിക്ക ഉത്സവങ്ങളുടെയും നിറംകെടുത്തും. ഭാരിച്ച ചെലവു വരുന്ന ‘പെസോ’ ലൈസൻസ് എടുക്കാൻ പരമ്പരാഗത വെടിക്കെട്ടു കരാറുകാർക്കും ഷെഡ് നിർമാണം പോലുള്ള ഒരുക്കങ്ങൾക്കു കമ്മിറ്റിക്കാർക്കും സാവകാശം ലഭിക്കാത്തതാണു പ്രശ്നം. 

പരമ്പരാഗത വെടിക്കെട്ടുകാരിൽ ചിലർ തൃശൂർ കേന്ദ്രീകരിച്ചു സൊസൈറ്റി രൂപീകരിച്ചു ‘പെസോ’ ലൈസൻസ് എടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നടപടിക്രമങ്ങൾ കടമ്പകളാകും. പരമ്പരാഗത വെടിക്കെട്ട് രംഗത്തു പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ ഉപജീവനമാർഗവും പ്രതിസന്ധിയിലാകും.