Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കസബയ്ക്കെതിരെ പാര്‍വതിയുടെ വിവാദ പരാമര്‍ശം; ഫെയ്സ്ബുക്കില്‍ കൂട്ടത്തല്ല്

parvathy-jude

കൊച്ചി ∙ മമ്മൂട്ടി നായകനായ കസബയിലെ സ്ത്രീവിരുദ്ധതയെ നടി പാർവതി തിരുവോത്ത് വിമർശിച്ചതിനെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ പുതിയ തലങ്ങളിലേക്ക്. പാർവതിയുടെ പേരു പറയാതെ സംവിധായകൻ ജൂഡ് ആന്റണി എഴുതിയ ഫെയ്സ്ബുക് പോസ്റ്റും അതിനു പാർവതി നൽകിയ മറുപടിയുമാണു സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ച. 

ജൂഡിന്റെ പോസ്റ്റ് ഇങ്ങനെ:

‘‘ഒരു കുരങ്ങ് സർക്കസ് കൂടാരത്തിൽ കയറിപ്പറ്റുന്നു. മുതലാളി പറയുന്നതുപോലെ ചാടുന്നു, ഓടുന്നു, കരണംമറിയുന്നു. ഒടുവിൽ അഭ്യാസിയായി നാടു മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോൾ മുഴുവൻ സർക്കസുകാരെയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാർ ചൂഷണംചെയ്തു എന്നു പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നുവച്ചു കാട്ടിൽ പോകാമായിരുന്നു. അങ്ങനെ പോയാൽ ആരറിയാൻ, അല്ലേ?’’

ഈ പോസ്റ്റിനു പാർവതി നൽകിയ മറുപടിയും വിവാദമായി. എല്ലാ സർക്കസ് മുതലാളിമാർക്കും എന്ന അടിക്കുറിപ്പോടെ ‘കണ്ടം വഴി ഓടിക്കോ’ എന്ന അർഥത്തിൽ ട്രോളുകളിലും മറ്റും ഉപയോഗിക്കുന്ന പ്രയോഗം എംബ്രോയ്ഡറി ചെയ്ത ചിത്രമാണു പാർവതി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇതിനു പകരമായി കണ്ടം വഴി ഓടുന്ന പെൺകുട്ടിയുടെ ചിത്രം ജൂഡ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതു വിമർശനത്തിനിടയാക്കി. 

രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പൺ ഫോറത്തിലാണു കസബ സംബന്ധിച്ചു പാർവതിയുടെ വിവാദ പരാമർശങ്ങളുണ്ടായത്. മന്ത്രി തോമസ് ഐസക്കും എഴുത്തുകാരി ശാരദക്കുട്ടിയും പാർവതിയെ അനുകൂലിച്ചു രംഗത്ത് എത്തിയിരുന്നു.

related stories