Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള കോൺ. (ബി)യെ എൻസിപിയിൽ ലയിപ്പിക്കാൻ നീക്കം?

Ganesh Kumar, Balakrishna Pillai

തിരുവനന്തപുരം ∙ കേരള കോൺഗ്രസ് (ബി)യെ എൻസിപിയിൽ ലയിപ്പിക്കാൻ കെ.ബി.ഗണേഷ്‌കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ നീക്കം. എൻസിപിയുടെ മുൻമന്ത്രിമാരായ തോമസ്‌ ചാണ്ടിയും എ.കെ.ശശീന്ദ്രനും കുറ്റവിമുക്തരാകാൻ വൈകുന്നതാണു ലയനത്തിനു പിന്നിലെ പ്രേരണ. ലയനം നടന്നാൽ ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാൻ പറ്റുമെന്ന ചിന്ത ഇതിനു പിന്നിലുണ്ട്.

എന്നാൽ ഇത്തരം ചർച്ചയൊന്നും നടന്നിട്ടില്ലെന്നാണു കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളയും എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനും പറയുന്നത്. എൻസിപി വഴി മന്ത്രിയാകാനില്ലെന്നു കെ.ബി.ഗണേഷ്‌കുമാറും പറഞ്ഞു. കേരള കോൺഗ്രസ് (ബി)യെ പിളർത്താൻ താൻ ശ്രമിച്ചിട്ടില്ല. എൽഡിഎഫിനു താൽപര്യം ഉണ്ടെങ്കിൽ പാർട്ടി പ്രതിനിധിയായി മന്ത്രിസഭയിൽ എത്തും – അദ്ദേഹം പറഞ്ഞു.

ഇന്നു കൊച്ചിയിൽ എൻസിപി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം ചേരുന്നുണ്ട്. എന്നാൽ ലയനകാര്യം ചർച്ചയ്ക്കു വരില്ലെന്നു പീതാംബരൻ പറഞ്ഞു. ഇന്നത്തെ യോഗം അംഗത്വ വിതരണം വിലയിരുത്താനാണ്.

ലയന ചർച്ച നടക്കുന്നതായി ഒരറിവുമില്ലെന്നു ബാലകൃഷ്ണപിള്ള പറഞ്ഞു. ലയനകാര്യം സിപിഎമ്മുമായോ സിപിഐയുമായോ ചർച്ച ചെയ്തിട്ടുണ്ടോ എന്നറിയില്ല. കഴിഞ്ഞ ദിവസം കായംകുളത്തു കണ്ടപ്പോഴും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇതു സംബന്ധിച്ച് ഒരു സൂചനയും നൽകിയില്ലെന്നും പിള്ള പറഞ്ഞു.

ഇതിനിടെ, സിഎംപി എംഎൽഎ എൻ.വിജയൻപിള്ള, ആർഎസ്പി (എൽ) എംഎൽഎ കോവൂർ കുഞ്ഞുമോൻ എന്നിവരും മന്ത്രിപദം ലഭിക്കുമെങ്കിൽ എൻസിപിയിൽ ചേരാൻ സന്നദ്ധത അറിയിച്ചെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു.

കേരള കോൺഗ്രസ് (ബി) എൻസിപിയിൽ ലയിക്കുകയോ സഹകരിച്ചു പ്രവർത്തിക്കുകയോ ചെയ്യുന്ന തരത്തിൽ ചർച്ച നടത്തിയിട്ടില്ല. മന്ത്രിയാകാൻ ആഗ്രഹമുള്ളയാളല്ല. മുഖ്യമന്ത്രിക്ക് അങ്ങനെ ആഗ്രഹമുണ്ടെങ്കിൽ കേരള കോൺഗ്രസ് (ബി)യുടെ ലേബലിൽ തന്നെ മന്ത്രിയാക്കട്ടെ. കേരള കോൺഗ്രസ് (ബി)യെ പിളർത്താൻ ആഗ്രഹിച്ചിട്ടില്ല.

                                – കെ.ബി.ഗണേഷ്കുമാർ എംഎൽഎ.

കേരള കോൺഗ്രസ് (ബി)യെ പിളർത്താൻ ആർക്കുമാവില്ല. അങ്ങനെ പിളർത്തിയാൽ കെ.ബി.ഗണേഷ്കുമാർ രണ്ടാഴ്ചയ്ക്കകം എംഎൽഎ അല്ലാതാകും’

                                – ആർ. ബാലകൃഷ്ണപിള്ള

ചിന്തിക്കാത്ത കാര്യങ്ങളാണ്. പൂർണമായും അടിസ്ഥാനരഹിതം

                                – എൻ.വിജയൻപിള്ള എംഎൽഎ

പ്രതികരിക്കുന്നില്ല

                                – കോവൂർ കുഞ്ഞുമോൻ