Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വർഷം കിട്ടും വിലകുറഞ്ഞ, ഗുണമേൻമയുള്ള മരുന്ന്

medicine

കോട്ടയം∙ അടിക്കടി മരുന്നുവില കൂട്ടാനുള്ള കമ്പനികളുടെ നീക്കത്തിനു മൂക്കുകയറിടാനും മികച്ച ഗുണമേൻമയുള്ള മരുന്നുകൾ ലഭ്യമാക്കാനുമായി സംസ്ഥാനത്തു മരുന്നുവില നിരീക്ഷണ സെൽ വരുന്നു. നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ (എൻപിപിഎ) നേരിട്ടുള്ള നിയന്ത്രണത്തിൽ സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പിനായിരിക്കും സമിതിയുടെ ചുതമല. ഈ വർഷം പകുതിയോടെ പ്രവർത്തനം ആരംഭിക്കും.

വിപണിയിലെത്തുന്ന മരുന്നുകളുടെ ഗുണം ഉറപ്പാക്കാനായി നിലവിലുള്ള രണ്ടു ലാബുകൾക്കു പുറമേ തൃശൂരിൽ പുതിയ ലാബ് തുടങ്ങും. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള ലാബുകൾക്ക് എൻഎബിഎൽ (നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ്) അംഗീകാരം ലഭിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്.

കുത്തിവയ്പിനും കണ്ണിലൊഴിക്കാനുമുള്ള മരുന്നുകളും കാലതാമസം കൂടാതെ പരിശോധിക്കാനുള്ള മൈക്രോബയോളജി ലാബും കൊച്ചിയിൽ ഉടൻ തുടങ്ങും. 

മരുന്നുവില നിയന്ത്രണം: രോഗികൾക്കു ലാഭം 11,365.61 കോടി

മരുന്നുകൾ, സ്റ്റെന്റ്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ, മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നിവയ്ക്ക് ഉൾപ്പെടെ എൻപിപിഎ നടപ്പാക്കിയ വില നിയന്ത്രണം വഴി രാജ്യത്തെ രോഗികൾക്ക് ഈ വർഷം 11,365.61 കോടി രൂപ ലാഭമുണ്ടായെന്നു കേന്ദ്ര മന്ത്രി മൻസുഖ് എൽ. മാണ്ഡവ്യ രാജ്യസഭയെ അറിയിച്ചു.

വില നിയന്ത്രണ നയം നടപ്പാക്കിയ 2013 മുതലുള്ള കണക്കാണിത്. രണ്ടു തരം സ്റ്റെന്റുകൾ ഉൾപ്പെടെ 851 മരുന്നു സംയുക്തങ്ങൾ വില നിയന്ത്രണ പട്ടികയിലുണ്ട്. സ്റ്റെന്റുകളുടെ വില കുറച്ചതു വഴി 4,450 കോടി രൂപ ലാഭിച്ചു. മാറ്റിവയ്ക്കുന്ന മുട്ടിന്റെ വിലയായി 1,500 കോടിയും.

related stories