Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീലക്കുറിഞ്ഞി: വൻകിട കയ്യേറ്റവും കാറ്റാടിമര കൃഷിയും ഒഴിപ്പിക്കും

Neelakurinji

തിരുവനന്തപുരം∙ നീലക്കുറിഞ്ഞി ഉദ്യാനത്തിലെ ജനവാസ കേന്ദ്രങ്ങളെയും നിയമപരമായ പട്ടയമുള്ളവരെയും സംരക്ഷിച്ചുകൊണ്ടു വൻകിട കയ്യേറ്റവും കാറ്റാടിമര കൃഷിയും ഒഴിപ്പിക്കുന്നതിനു നീക്കം. 11നു ‍റവന്യു, വനം, വൈദ്യുതി മന്ത്രിമാർ ഇതു സംബന്ധിച്ചു ചർച്ച നടത്തി റിപ്പോർട്ടിനു രൂപം നൽകും. തുടർന്ന് അവർ മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.

വൈദ്യുതി മന്ത്രി എം.എം. മണി യോജിക്കുന്ന നിലപാടു തുടർന്നാൽ ഏകാഭിപ്രായത്തിലുള്ള റിപ്പോർട്ട് നൽകും. 3200 ഹെക്ടറുള്ള ഉദ്യാനത്തിന്റെ ഭൂവിസ്തൃതി നിലനിർത്തണമെന്ന ധാരണയിലേക്കാണു മന്ത്രിമാർ എത്തുന്നത്. ഇക്കാര്യത്തിൽ സിപിഐയും സിപിഎമ്മും തമ്മിലുള്ള ഭിന്നത റിപ്പോർട്ടിൽ പ്രതിഫലിക്കരുതെന്നാണു പൊതുതീരുമാനം.

വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ നിന്ന് എം.എം. മണി പ്രായോഗിക നിലപാടിലേക്കു മാറിയത് ഉദാഹരണമായി സിപിഐ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജനവാസ കേന്ദ്രങ്ങളെയും നിയമപരമായ പട്ടയമുള്ള കൃഷിയിടങ്ങളെയും ഉദ്യാനത്തിൽനിന്ന് ഒഴിവാക്കണം. കൊട്ടകമ്പൂർ, വട്ടവട പ്രദേശങ്ങളിലെ 58, 62 ബ്ലോക്കുകളിലാണു പട്ടയമുണ്ടെന്നു പറയപ്പെടുന്ന ഭൂമി കൂടുതലും.

ഇവ ഒഴിവാക്കിയാലും അടുത്ത ബ്ലോക്കുകളിലുള്ള റവന്യു ഭൂമിയും പുറമ്പോക്കും ഉദ്യാനത്തോടു ചേർത്ത് 3200 ഹെക്ടർ വിസ്തൃതി നിലനിർത്താനാവും. ഇതായിരിക്കും റിപ്പോർട്ടിന്റെ കാതൽ. പ്രാദേശിക സിപിഎം നേതൃത്വത്തിന് ഒരുപരിധിവരെ ഇതു സ്വീകാര്യമായേക്കും. നിയമപരമായി പട്ടയമുണ്ടെങ്കിലും വിജ്ഞാപന പരിധിയിൽ ഉൾപ്പെട്ട സ്ഥലങ്ങൾ സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി ഒഴിവാക്കാനാവില്ല.

സെറ്റിൽമെന്റ് ഓഫിസറായ ദേവികുളം സബ്കലക്ടർക്കു മാത്രമേ ഇതു ചെയ്യാനാവൂ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും വന്യജീവി ബോർഡിന്റെയും അന്തിമാനുമതിയും വേണം. അതിനു ശേഷമേ ഏതെങ്കിലും സർവേ നമ്പരിലുള്ള ഭൂമി ഡീനോട്ടിഫൈ ചെയ്യാനാവൂ. ഇക്കാര്യങ്ങളിൽ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും മന്ത്രി മണിയും തമ്മിൽ ആശയവിനിമയം നടന്നിട്ടുണ്ട്. വനം മന്ത്രി കെ.രാജു തന്റെ അഭിപ്രായം മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിരുന്നു. അതിന്റെ പകർപ്പു റവന്യു മന്ത്രിക്കും അദ്ദേഹം നൽകിയിട്ടുണ്ട്.